ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടതിന്റെ പ്രധാന്യം നമ്മൾക്കെല്ലാവർക്കും അറിയാം. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും അവയവങ്ങളുടെ പ്രവർത്തനങ്ങൾ സ്വാഭാവികമായി നടക്കേണ്ടതിനും ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. എന്നാൽ പല രോഗാവസ്ഥകൾ ഒഴിവാക്കാനും വെള്ളം കുടിക്കുന്ന ശീലം സഹായിക്കുമെന്ന് കാലിഫോണിയ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാല ഗവേഷകര്‍ വിശദീകരിക്കുന്നു.
മൈഗ്രെയ്ൻ, പൊണ്ണത്തടി, കിഡ്നി സ്റ്റോൺ, പ്രമേഹം, ഹൈപ്പോടെൻഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരിൽ വെള്ളം കുടിക്കുന്ന ശീലം വലിയ തോതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.18 പഠനങ്ങള്‍ വിലയിരുത്തിയാണ് ഗവേഷകർ റിവ്യൂ പഠനം തയ്യാറാക്കിയത്. ക്ലിനിക്കൽ ഫലങ്ങളിൽ ജല ഉപഭോഗത്തിൻ്റെ പ്രയോജനങ്ങൾ വിശാലമായി വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നും ഗവേഷകർ പറയുന്നു.
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോണ്‍ വീണ്ടും വരാനുള്ള സാധ്യത കുറച്ചതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആറ് ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് മുതിര്‍ന്നവരില്‍ ശരീരഭാരം കുറയുന്നതിന് സഹായിച്ചതായും കണ്ടെത്തി. കൂടാതെ വെള്ളം കുടിക്കുന്നത് മൈഗ്രെയ്ൻ, മൂത്രാശയ അണുബാധ, പ്രമേഹം, ഹൈപ്പോടെന്‍ഷന്‍ എന്നിവയുള്ള രോഗികളില്‍ മികച്ച ഫലം ചെയ്യുമെന്നും റിവ്യൂ പഠനത്തിൽ വ്യക്തമാക്കുന്നു.
ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആളുകളുടെ പൊണ്ണത്തടി കുറയ്ക്കാനുള്ള ഏറ്റവും ചെലവു കുറഞ്ഞ ഇടപെടലാണെന്നും ഗവേഷകർ പറയുന്നു. മൂന്ന് മാസം ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് മുതിർന്നവരിൽ ആവർത്തിച്ച് തലവേദന അനുഭവപ്പെടുന്നത് കുറഞ്ഞതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എട്ട് ആഴ്ചത്തേക്ക് ദിവസവും നാല് കപ്പ് വെള്ളം അധികം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടിയ പ്രമേഹ രോഗികളിൽ നല്ല മാറ്റമുണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ, ആവർത്തിച്ചുള്ള മൂത്രാശയ അണുബാധയുള്ള സ്ത്രീകൾക്ക് ഒരു ദിവസം ആറ് കപ്പ് വെള്ളം അധികമായി കുടിക്കുന്നത് ഗുണം ചെയ്തയും കണ്ടെത്തിയെന്ന് ഗവേഷകർ പറഞ്ഞു.
എന്നാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു. നിർജ്ജലീകരണം ദോഷകരമാണ്. പ്രത്യേകിച്ച്, കിഡ്നി സ്റ്റോൺ, മൂത്രാശയ അണുബാധ ഉള്ളവരിൽ. മറിച്ച് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നവർ വെള്ളം കുറച്ച് കുടിക്കുന്നതാണ് നല്ലതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക