

ആഘോഷങ്ങൾക്ക് ഒരു കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ശീലം നമുക്കെല്ലാവര്‍ക്കുമുണ്ട്. റെഡ് വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ്, ചോക്ലേറ്റ് തുടങ്ങി ഒരു നൂറായിരം വെറൈറ്റി രുചികളിലും നിറങ്ങളിലും രൂപത്തിലുമൊക്കെ ഇന്ന് കേക്കുകൾ സുലഭമാണ്. ഈ കഴിഞ്ഞ ദിവസമാണ് കേക്കുകളിൽ കാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയതിനെ തുടർന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്.
നിറങ്ങള്‍ക്കായി കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യതയ്‌ക്കൊപ്പം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അറിയിപ്പുണ്ട്. ബ്രില്ല്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ എന്നീ കെമിക്കലുകൾ ഭക്ഷ്യ-സൗന്ദര്യവർധക മേഖലയിൽ ധാരാളമായി ഉപയോഗിച്ചുകാണാറുണ്ട്. ഇവയുടെ അമിതോപയോഗം ചർമത്തിൽ അലർജികൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി എന്നിവയ്ക്ക് കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു.
ടാർട്രാസൈൻ എന്ന കെമിക്കൽ ഭക്ഷണങ്ങളേയും പാനീയങ്ങളെയും കൂടുതൽ ആകർഷകമാക്കാനാണ് ഉപയോഗിക്കുന്നത്. ഇതും അലർജി പ്രശ്നങ്ങൾ, ആസ്ത്മ എന്നിവയ്ക്ക് കാരണമാകും. അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിക്കും ചിലഘട്ടങ്ങളിൽ കാൻസറിനും കാരണമാകാം.
സുരക്ഷിതമായി കേക്ക് എങ്ങനെ കഴിക്കാം
കാൻസറിന് കാരണമാകുന്ന ഇത്തരം ചേരുവകളെ ഒഴിവാക്കി കേക്കുകളെ ആരോഗ്യമുള്ളതാക്കാം.
1- കൃത്രിമ നിറങ്ങൾ ഒഴിവാക്കി, ഫ്രഷ് ഫ്രൂട്സ് കൊണ്ടുണ്ടാക്കിയ കേക്കുകൾ തെരഞ്ഞെടുക്കുക.
2- കടുത്ത നിറങ്ങൾ അടങ്ങിയ കേക്കുകൾക്ക് പകരം പേസ്റ്റൽ ഷേഡ് ഉള്ള അല്ലെങ്കിൽ പരമ്പരാഗത വൈറ്റ് കേക്ക് തെരഞ്ഞെടുക്കുക.
3- ഫ്രോസ്റ്റിങ് ഇല്ലാതെ ഡ്രൈ കേക്കുകൾ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. അതല്ല ഫ്രോസ്റ്റഡ് കേക്കുകൾ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ സുരക്ഷിതമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.
4- ഓർഗാനിക് ചേരുവകൾ, സസ്യാധിഷ്ഠിത നിറം, സംസ്കരിച്ചിട്ടില്ലാത്ത പഞ്ചസാര എന്നിവ ഉപയോഗിച്ച് നിർമിച്ച കേക്കുകൾ തികച്ചും ആരോഗ്യപ്രദമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates