ഇതൊക്കെ പഠിക്കാതിരിക്കാനുള്ള അടവാണ്..; മാതാപിതാക്കളുടെ സമ്മർദം കുട്ടികളെ മാനസികമായി തളർത്തും

പഠനഭാരം മുതല്‍ കുടുംബ പശ്ചാത്തലം വരെ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും
childhood anxiety
പെർഫക്ട് ആകാനുള്ള കുട്ടികളുടെ തന്ത്രപ്പാടുകൾ ഉത്കണ്ഠയിൽ കലാശിക്കും
Published on
Updated on

'ദ്യം അടി അത്‌ക്കപ്പുറം പേച്ച്..', എന്ന ലൈനിലാണ് ഇന്നും മാതാപിതാക്കൾ കുട്ടികളുടെ പ്രശ്നങ്ങളെ സമീപിക്കുക. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ, മത്സരത്തിൽ പിന്നിലായാലൊക്കെ മുഖം ചുളിക്കുന്ന മാതാപിതാക്കളുടെ മുന്നിൽ പെർഫക്ട് ആകാനുള്ള കുട്ടികളുടെ തന്ത്രപ്പാടുകൾ അവരിൽ മാനസിക സമ്മർദം വർധിപ്പിക്കും. ആത്മഹത്യയിലേക്കും ഒളിച്ചോട്ടത്തിലേക്കും അസഹനീയമായ ഈ പിരിമുറുക്കം കുട്ടികളെ കൊണ്ടെത്തിക്കുന്നു. അസാധാരണമായ മത്സരത്തിന്റെ ലോകത്താണ് ഇന്ന് പുതുതലമുറ ജീവിക്കുന്നത്.

കുട്ടികൾക്കിടയിൽ ഉയർന്ന് വരുന്ന മാനസിക പ്രശ്നങ്ങൾ ആ​ഗോള ആശങ്കയായി മാറിയിരിക്കുകയാണ്. പഠനഭാരം മുതല്‍ കുടുംബ പശ്ചാത്തലം വരെ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും.

children

കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങള്‍

ജനിതകം/ കുടുംബപാരമ്പര്യം; കുട്ടിക്കാലത്തുണ്ടാകുന്ന ഉത്കണ്ഠ, മാനസിക അസ്വസ്ഥതയ്ക്ക് ജനിതകവും കുടുംബ പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. ഇത്തരം കുടുംബ ചരിത്രമുള്ള കുട്ടികളില്‍ ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വീട്ടിലെ അന്തരീക്ഷം; കുട്ടികള്‍ ജീവിക്കുന്ന അന്തരീക്ഷം ഉത്കണ്ഠ ട്രിഗര്‍ ചെയ്യാന്‍ കാരണമാകുന്ന മറ്റൊരു പ്രധാന ഘടകമാണ്. മാതാപിതാക്കള്‍ക്കിടയിലെ വഴക്ക്, പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട് പോവുക തുടങ്ങിയവ കുട്ടികളില്‍ ഉത്കണ്ഠയ്ക്ക് കാരണമാക്കും.

സാമൂഹ്യ ഇടപെടല്‍; സമപ്രായക്കാര്‍ നല്‍കുന്ന സമ്മര്‍ദങ്ങള്‍, ഭീഷണിപ്പെടുത്തല്‍, സാമൂഹിക ഇടപെടല്‍ കൂടാതെ പെര്‍ഫക്ട് ആയി ഇരിക്കാനുള്ള സമ്മര്‍ദം കൗമാരക്കാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദം ഉത്കണ്ഠ എന്നിവ ഉയര്‍ത്തും.

പഠന സമ്മര്‍ദം; ക്ലാസില്‍ ഒന്നാമനാകാനുള്ള മത്സരം കുട്ടികളില്‍ മാനസിക സമ്മര്‍ദത്തിന് കാരണമാകും. പരീക്ഷയില്‍ തോല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഭയവും പേടിയുമൊക്കെ ഇതിന്റെ ഭാഗമാണ്.

children

കുട്ടികളിലെ ഈ പിരിമുറുക്കം മാനസികമായും ശാരീരികമായും അവരെ ബാധിക്കും. ആത്മവിശ്വസത്തെയും ആരോഗ്യത്തെയും മോശമാക്കും. വിഷമിക്കേണ്ട, പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കേണ്ട എന്നൊക്കെ പറയുന്നത് ഒരിക്കലും ഒരു പരിഹാരമല്ല. തോല്‍ക്കുന്നതും പേടിക്കുന്നതും തെറ്റല്ലെന്നും സഹായം അവര്‍ക്കൊപ്പം ഉണ്ടെന്നുമുള്ള ഉറപ്പാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. അവരുടെ ട്രിഗറുകള്‍ മനസിലാക്കി അത് കൈകാര്യം ചെയ്യുക എന്നത് പ്രധാനമാണ്. ഗുരുതരമാകുന്ന സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ സഹായം തേടണം.

കുട്ടികളിലെ ഉത്കണ്ഠ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം

കേള്‍ക്കാന്‍ ഒരാള്: കുട്ടികളെ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുക. അവരുടെ വിശേഷങ്ങളും പ്രശ്‌നങ്ങളും കേട്ടിരിക്കാന്‍ ശ്രമിക്കുക. തുറന്നു പറച്ചിലുകള്‍ അവരുടെ സമ്മര്‍ദം ഒഴിവാക്കും.

മാതൃകയാവുക; കുട്ടികളുടെ ഹീറോ എപ്പോഴും അവരുടെ മാതാപിതാക്കളാണ്. അവര്‍ക്ക് ആരോഗ്യകരമായ ദിനചര്യ പിന്തുടരാന്‍ ശീലിപ്പിക്കേണ്ടതും മാതാപിതാക്കളാണ്. ആരോഗ്യകരമായ ദിനചര്യ സ്വയം നിയന്ത്രണവും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

ശാന്തമാകാനുള്ള ടെക്‌നിക്കുകള്‍: മെഡിറ്റേഷന്‍, യോഗ, വ്യായാമം പോലുള്ളവ കുട്ടിക്കാലം മുതല്‍ തന്നെ അവരെ പരിശീലിപ്പിക്കാം. ഇത് അവര്‍ക്ക് സ്വയം നിയന്ത്രിക്കാനും മാനസിക സമ്മര്‍ദത്തെ മറികടക്കാനും സഹായിക്കും.

ട്രിഗറുകളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക; കുട്ടികളില്‍ ഉത്കണ്ഠ ഉണ്ടാക്കാന്‍ സാധ്യതയുള്ള ട്രിഗറുകളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുക എന്നതാണ് മറ്റൊരു പ്രധാന ഘടകം. പഠന സമ്മര്‍ദം, സാമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദം എന്നിവയില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കാം.

സാവകാശം പേടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക; പരിശീലനത്തിലൂടെ കുട്ടികളെ അവരുടെ പേടിയില്‍ നിന്ന് പുറത്തു കൊണ്ടു വരാന്‍ കഴിയും. ഉദാ; രാത്രി ഒറ്റയ്ക്ക് ഉറങ്ങാന്‍ ഭയമുള്ള കുട്ടികള്‍ക്കൊപ്പം അവര്‍ ഉറങ്ങുന്നത് വരെ അരികില്‍ ഇരിക്കുക. പതിയെ പതിയെ ആ പേടിയില്‍ നിന്ന് അവര്‍ മോചിതരാകും.

വിട്ടുമാറാത്ത തലവേദന, വയറു വേദന തുടങ്ങിയവ ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. കുട്ടികളിലെ ഉത്കണ്ഠ ഒരിക്കലും നീട്ടിക്കൊണ്ടു പോകരുത്. കൃത്യസമയത്തെ ഇടപെടലാണ് ആവശ്യം. പിരിമുറക്കമുല്ലാത്ത ജീവിതം കുട്ടികളുടെ അവകാശമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com