'കാമറയ്ക്ക് മുന്നില്‍ എന്തുകൊണ്ട് ഇത്ര സമാധാനം കിട്ടുന്നുവെന്ന് ഇപ്പോള്‍ മനസിലാകുന്നു'; എഡിഎച്ച്ഡിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ആലിയ ഭട്ട്

കുട്ടിക്കാലം മുതൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ശ്രദ്ധ നഷ്ടപ്പെട്ടു പോവുക പതിവായിരുന്നു
Alia Bhatt
ആലിയ ഭട്ട്/ചിത്രം: ഫേയ്സ്ബുക്ക്
Updated on
2 min read

അടുത്താണ് ബോളിവുഡ് താരം ആലിയ ഭട്ട് തനിക്ക് എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ഉള്ളതായി തുറന്ന് പറഞ്ഞത്. കുട്ടിക്കാലം മുതൽ ഒന്നിനും ക്ഷമ ഇല്ലാതെ എല്ലാത്തിനും എടുത്തു ചാടുന്ന പ്രകൃതമായിരുന്നു തനിക്കെന്നും ആലിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ എഡിഎച്ച്ഡി മൂലം താൻ നേരിടുന്ന ബുദ്ധമുട്ടുകളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് താരം.

കുട്ടിക്കാലം മുതൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ശ്രദ്ധ നഷ്ടപ്പെട്ടു പോവുക പതിവായിരുന്നു. അന്ന് എഡിഎച്ച്ഡിയെ കുറിച്ച് അറിവില്ലായിരുന്നു. ഈ അടുത്ത് ഒരു സൈക്കോളജിക്കൽ പരിശോധന നടത്തിയപ്പോഴാണ് എഡിഎച്ച്ഡി ആണെന്ന് മനസ്സിലാകുന്നത്. ഇതേ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവർക്കെല്ലാം ഇത് നേരത്തെ തോന്നിയിരുന്നു എന്നായിരുന്നു പ്രതികരണമെന്നും ആലിയ പറയുന്നു.

ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ മാത്രമാണ് താൻ ഉണർന്നിരിക്കാറെന്നും ആലിയ തുറന്ന് പറഞ്ഞു. മകൾ റാഹയുമായി സമയം ചെലവഴിക്കുമ്പോഴും ഷൂട്ടിങ് സെറ്റിൽ എത്തുമ്പോഴും മാത്രമാണത്. 'കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എന്തുകൊണ്ട് ഇത്ര സമാധാനം കിട്ടുന്നുവെന്ന് ഇപ്പോൾ മനസ്സിലാകുന്നു. കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഉണർന്നിരിക്കുന്നു. അവിടെ ഞാൻ ക്യാരക്ടർ ആയാണ് നിൽക്കുന്നത്. ഒരിക്കലും എവിടേക്കും എന്റെ ശ്രദ്ധ മാറുകയില്ല. പിന്നീട് റാഹ ജീവിതത്തിലേക്ക് വന്നപ്പോൾ, അവൾക്കൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് സമാധാനമാണ്'. - ആലിയ ഒരു അഭിമുഖത്തില്‍ പറയുന്നു.

നേരത്തെയും താൻ നേരിട്ടിട്ടുള്ള മാനസികാരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് ഉത്കണ്ഠ നിയന്ത്രണാതീതമായി ഉണ്ടാകുമ്പോൾ അത് ഉൾക്കൊള്ളാനും അനുഭവിക്കാനുമുള്ള സമയം സ്വയം നൽകുമെന്നും മറിച്ച് അത്തരം ഘട്ടങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ​ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമെന്നും ആലിയ പറഞ്ഞു.

എന്താണ് എഡിഎച്ച്ഡി

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത്‌ ചാടി ഓരോന്ന്‌ ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ്‌ എഡിഎച്ച്‌ഡിയുടെ പ്രധാന സവിശേഷത. ഹൈപ്പര്‍ ആക്ടിവിറ്റി പല കുട്ടികളിലും ചെറുപ്പത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ചിലരില്‍ മുതിര്‍ന്നാലും ഇത്‌ മാറിയെന്നു വരില്ല.

എഡിഎച്ച്‌ഡിയുടെ പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ

മറവി

വിവരങ്ങളെ ശേഖരിച്ച്‌ വയ്‌ക്കാനുള്ള തലച്ചോറിന്റെ ശേഷിയെ എഡിഎച്ച്ഡി തകലാറിലാക്കും. ഇത് ഹ്രസ്വകാല ഓര്‍മക്കുറവിലേക്ക് നയിക്കാം. കണ്ണിൽ കണ്ണട വെച്ചു കൊണ്ട് കണ്ണട അന്വേഷിക്കുക, ഫോൺ ഫ്രിഡ്ജിൽ വെച്ച് മറക്കുക, മുറിയിൽ കയറിയ ശേഷം എന്തിനാണ് അങ്ങോട്ടെന്ന് വന്നതെന്ന് മറക്കുക. എന്നിങ്ങനെ ഹ്രസ്വകാല ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥ എഡിഎച്ച്‌ഡി ലക്ഷണമാണ്‌.

സമയക്ലിപ്‌തത ഇല്ലായ്‌മ

എഡിഎച്ചഡിയുടെ മറ്റൊരു പ്രധാന ലക്ഷണമാണ് സമയക്ലിപ്‌തത ഇല്ലായ്‌മ. എപ്പോഴും വൈകി വരിക, ബില്ലുകളും മറ്റും അടയ്‌ക്കാന്‍ അവസാന നിമിഷം വരെ വൈകിപ്പിക്കുക, 10 മിനിട്ട്‌ കൊണ്ട്‌ തീര്‍ക്കാവുന്ന ജോലിയാണെങ്കില്‍ പോലും അത്‌ തുടങ്ങാന്‍ ബുദ്ധിമുട്ടുക എന്നിവയെല്ലാം ഇതിന്റെ ഭാ​ഗമാണ്. തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ്‌ സജീവമല്ലാത്തതിനെ തുടര്‍ന്നോ ഡോപ്പമീന്‍ തകരാറുകളെ തുടര്‍ന്നോ ആകാം ഇത് സംഭവിക്കുന്നത്.

ഹൈപ്പർഫോക്കസ്

ഒരു വിഷയത്തിൽ തീവ്രമായി ശ്രദ്ധ ചെലുത്തുന്ന രീതി. ‌തലച്ചോറിലെ ഡോപ്പമീന്‍ തകരാറിന്റെ ഭാ​ഗമാണിത്. ഇത് എഡിഎച്ച്ഡിയുടെ മറ്റൊരു ലക്ഷണമാണ്. വീട്‌ പൂട്ടി പുറത്തിറങ്ങിയിട്ടും സംശയം തീരാതെ മൂന്നും നാലും അഞ്ചും തവണയൊക്കെ തിരികെ പോയി വീണ്ടും പരിശോധിക്കുന്നതൊക്കെ എഡിഎച്ച്‌ഡി ലക്ഷണമാണ്‌.

മനസ് ഒരിടത്ത് ഉണ്ടാകില്ല

ഒരിടത്തും ഉറച്ച് നിൽക്കാത്ത മനസ്സാണ് മറ്റൊരകു ലക്ഷണം. ചിന്തയില്‍ മുഴുകി വായിച്ചു കൊണ്ടിരിക്കുന്ന പേജ് തന്നെ വായിച്ചു കൊണ്ടിരിക്കുക, സംസാരിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന്‌ തെന്നി മാറി മറ്റെന്തൊക്കെയോ സംസാരിക്കുക, ചിലപ്പോള്‍ മറുവശത്തിരിക്കുന്ന ആളിനെ തന്നെ ശ്രദ്ധിക്കാതെ വെറെ എന്തൊക്കെയോ ചിന്തിച്ച്‌ കൊണ്ട്‌ തെന്നി മാറുക എന്നിവയെല്ലാം എഡിഎച്ച്‌ഡി മൂലം സംഭവിക്കുന്നതാണ്‌. തലച്ചോറിലെ ഡീഫോള്‍ട്ട്‌ മോഡ്‌ നെറ്റ്‌വര്‍ക്കിന്റെ അമിത പ്രവര്‍ത്തനം മൂലമാണ്‌ തലച്ചോര്‍ അറിയാതെ ഈ പകല്‍കിനാവുകളിലേക്ക്‌ വഴുതി പോകുന്നത്‌.

പെട്ടെന്ന് അസ്വസ്ഥമാക്കും

നിസാര കാര്യങ്ങൾ പോലും ചില സന്ദർഭങ്ങളിൽ എഡിഎച്ച്ഡി രോ​ഗികൾക്ക് കൈകാര്യം ചെയ്യാൻ ബു​ദ്ധമുട്ടായിരിക്കും. അമിത ചിന്ത, ഉത്‌കണ്‌ഠ, സമ്മര്‍ദ്ദം എന്നിവ ഇവര്‍ക്കുണ്ടാകും. നിരന്തരമായി ഇവരെ ആശ്വസിപ്പിക്കേണ്ടതായി വരും. ന്യൂറോട്രാന്‍സ്‌മിറ്ററുകളിലെ അസന്തുലനമാണ്‌ ഇത്തരം വൈകാരിക പ്രതികരണങ്ങളിലേക്ക്‌ നയിക്കുന്നത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com