ആർത്തവം വൈകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള സൂചനയാണ്. മാനസിക സമ്മർദം മുതൽ ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ വരെ ആർത്തവം വൈകുന്നതിന് കാരണമാകാം. ആർത്തവചക്രം സാധാരണഗതിയിൽ നിയന്ത്രിക്കുന്നത് ഹോർമോണുകളുടെ സന്തുലിതാവസ്ഥയാണ്, ഈ സന്തുലിതാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആര്‍ത്തവം വൈകിപ്പിക്കുന്നതിനോ ക്രമരഹിതമാകുന്നതിനോ കാരണമാകാം.
ആർത്തവം വൈകുന്നതിന് പിന്നിലെ ചില കാരണങ്ങൾ.
ആർത്തവം വൈകുന്നതിനും ക്രമരഹിതമാകുന്നതിനുമുള്ള ഒരു പ്രധാന കാരണം മാനസിക സമ്മർദമാണ്. മാനസിക സമ്മർദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ ഉത്പാദിപ്പിക്കും. ഇത് ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും സന്തുലിതാവസ്ഥയെ തടസപ്പെടുത്തും. ഇവ രണ്ടുമാണ് ആർത്തവചക്രം നിയന്ത്രിക്കുന്നത്. വിട്ടുമാറാത്ത സമ്മർദം ആർത്തവചക്രത്തിന്റെ തലച്ചോറിന്റെ നിയന്ത്രണ കേന്ദ്രമായ ഹൈപ്പോതലാമസിനെ അടിച്ചമർത്തുകയും ആർത്തവം വൈകുന്നതിലേക്കും ക്രമരഹിതമാകുന്നതിലേക്കും നയിക്കുന്നു. കൂടാതെ ശരീരഭാരം പെട്ടെന്ന് കൂടുന്നതും കുറയുന്നതും ഹോർമോണിന്റെ സന്തുലിതാവസ്ഥ തടസപ്പെടുത്താം. ഇത് ആർത്തവചക്രം വൈകുന്നതിലേക്ക് നയിക്കും.
ശരീരത്തിൽ ഉയർന്ന അളവിൽ ആൻഡ്രോജൻ ഉത്പാദിപ്പിക്കുന്നതിനെ തുടർന്ന് അണ്ഡോത്പാദനം തടസപ്പെടുന്ന ഒരു ഹോർമോൺ ഡിസോർഡർ ആണ് പിസിഒഎസ്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ആവർത്തചക്രം ക്രമരഹിതമോ വൈകാനോ ഇടയാക്കും.
തൈറോയ്ഡ് ഗ്രന്ഥികൾ ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ആർത്തവത്തെ സ്വാധീനിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യും. തൈറോയ്ഡ് പ്രശ്നങ്ങൾ (ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം) ഉള്ള സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾ ഉണ്ടാകാം.
തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സ്ത്രീകളിൽ ഹോർമോൺ സന്തുലതാവസ്ഥ തകിടംമറിക്കും. പ്രത്യേകിച്ച് കായിക മത്സരങ്ങൾക്കായി പരിശീലിക്കുന്നവരിൽ. ഇത് ആർത്തവം വൈകിപ്പിക്കാൻ കാരണമാകും.
ഗർഭനിരോധന ഗുളികകൾ, കുത്തിവയ്പ്പുകൾ അല്ലെങ്കിൽ ഗർഭാശയ ഉപകരണങ്ങൾ (IUD) പോലുള്ള ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ആർത്തവ ചക്രത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ശരീരഭാരം കുറയാനും കാരണമാകും.
ആർത്തവവിരാമത്തിലേക്ക് നയിക്കുന്ന പരിവർത്തന ഘട്ടമാണ് പെരി മെനോപോസ്. ഈ സമയത്ത് ഒരു സ്ത്രീയുടെ ഹോർമോണുകളുടെ അളവ് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു. ഇത് സാധാരണയായി 40 വയസ്സുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നത്, പക്ഷേ നേരത്തെ ആരംഭിക്കാം. ഈ ഹോർമോൺ മാറ്റങ്ങൾ ആർത്തവം നഷ്ടപ്പെടുന്നതിനും കാലതാമസം വരുത്തുന്നതിനും കാരണമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക