
മൂത്രാശയ സംവിധാനത്തെ ബാധിക്കുന്ന അണുബാധയാണ് മൂത്രാശയ അണുബാധ. വൃക്കകള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉള്‍പ്പെടുന്നതാണ് നമ്മുടെ മൂത്രാശയ സംവിധാനം. ഇതില്‍ ഏത് അവയവത്തെയും അണുബാധ ബാധിക്കാം. വേനല്‍ക്കാലത്ത് ഇത് സാധാരണയാണ്.
മൂത്രം പുറന്തള്ളപ്പെടുന്നതായതു കൊണ്ട് തന്നെ ബാക്ടീരിയയ്ക്ക് വളരാനുള്ള സാഹചര്യം കിട്ടാറില്ല. എന്നാല്‍ ദീർഘനേരം മൂത്രം പിടിച്ചുവെക്കുമ്പോഴോ പ്രതിരോധ സംവിധാനം പരാജയപ്പെടുമ്പോഴോ ബാക്ടീരിയ മൂത്രനാളിയില്‍ പ്രവേശിക്കാനും അണുബാധ ഉണ്ടാക്കാനും കാരണമാകുന്നു.
മൂത്രാശയ അണുബാധ സ്ത്രീകളില്‍ കൂടാനുള്ള കാരണം
പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് അണുബാധയുണ്ടാകാനുള്ള കൂടുതല്‍ സാധ്യത. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. സ്ത്രീകളിൽ, മൂത്രാശയ ദ്വാരം മലദ്വാരത്തിന് അടുത്താണ്. മലദ്വാരത്തിൽ നിന്നുള്ള ബാക്ടീരിയകൾക്ക് മൂത്രാശയ സംവിധാനത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നത് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ സ്ത്രീകളില്‍ ബീജനാശിനി ജെല്ലിയുടെ ഉപയോഗവും മൂത്രാശയ അണുബാധ ഉണ്ടാക്കം.
മൂത്രം അധിക നേരം പിടിച്ചു വെയ്ക്കുന്നതും മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. ഇത് മൂത്രം സ്തംഭനാവസ്ഥയിലാകുന്നതിനും മൂത്രസഞ്ചിയിലെ മ്യൂക്കോസ വലിയുന്നതിനും അതുവഴി അണുബാധയ്ക്കും കാരണമാകുന്നു.
പുരുഷന്മാരിൽ മൂത്രാശയ അണുബാധ അത്ര സാധാരണമല്ല. എന്നാല്‍ കിഡ്നി സ്റ്റോൺ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടൽ അല്ലെങ്കിൽ മൂത്രപ്രവാഹത്തിനു ഉണ്ടാകുന്ന തടസം എന്നിവ അണുബാധയ്ക്ക് കാരണമാകാം. കൂടാതെ യൂറിനറി കത്തീറ്റർ ഉപയോഗവും മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം. താല്‍ക്കാലികമായോ ദീര്‍ഘകാലത്തേക്കോ മൂത്രം കളയുന്നതിനായി മൂത്രസഞ്ചിയിൽ ഘടിപ്പിക്കുന്ന ട്യൂബാണ് യൂറിനറി കത്തീറ്റർ. മൂത്രം പോകാന്‍ ബുദ്ധിമുട്ടുള്ള രോഗികളില്‍ അല്ലെങ്കില്‍ ശസ്ത്രക്രിയാനന്തര പരിചരണ സമയത്താണ് യൂറിനറി കത്തീറ്റർ സാധാരണയായി ഉപയോഗിക്കുന്നത്.
മൂത്രാശയ അണുബാധ രണ്ട് തരം
മൂത്ര സഞ്ചിയെ മാത്രം അണുബാധ ബാധിക്കുന്ന അവസ്ഥയാണ് സിസ്റ്റിറ്റിസ്. ഇത് അത്ര ഗുരുതരമല്ല. എങ്കിലും ആന്‍റിബയോട്ടിക് ചികിത്സ ആവശ്യമായി വരാം.
മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും
കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള തോന്നൽ
മൂത്രത്തിൽ രക്തത്തിന്റെ അംശം
അടിവയറ്റിൽ വേദന എന്നിവയാണ് സിസ്റ്റിറ്റിസിന്‍റെ ലക്ഷണങ്ങള്‍.
ചില സന്ദർഭങ്ങളിൽ വൃക്കകളെ അണുബാധ ബാധിക്കാം. പൈലോനെഫ്രൈറ്റിസ് ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ലക്ഷണങ്ങൾ വിലയിരുത്തി തന്നെ മൂത്രാശയ അണുബാധ കണ്ടെത്താനാകും. വിറയലോടുള്ള ഉയർന്ന പനി, നടുവേദന പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും വൃക്കയിലെ അണുബാധയെ സൂചിപ്പിക്കുന്നു.
ഇത്തരം സാഹചര്യങ്ങൾ മൂത്രം കൾച്ചർ ചെയ്തു നോക്കേണ്ടതായി വരും. അണുബാധ ഉണ്ടോ എന്നും അതിന് കാരണമായ ബാക്ടീരിയ ഏതാണെന്നും ഏത് ആന്റിബയോട്ടിക് ആണ് അതിന് യോജിച്ചതെന്നും നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു. ഒരിക്കൽ അണുബാധ വന്നവരിൽ ആവർത്തിച്ചു അണുബാധ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ആവർത്തിച്ചുള്ള അണുബാധയുള്ളവർക്ക്, കുറഞ്ഞ അളവിലുള്ള ആൻറിബയോട്ടിക്കുകളുടെ ദീർഘകാല കോഴ്സ് ശുപാർശ ചെയ്തേക്കാം.
മൂത്രാശയ അണുബാധ ഗര്‍ഭിണികളില്‍
ആരോഗ്യമുള്ള സ്ത്രീകളില്‍ മൂത്രാശയ അണുബാധ ഗുരുതരമാകില്ലെങ്കിലും ഗർഭിണികളിൽ മൂത്രാശയ അണുബാധ മാസം തികയാതെയുള്ള പ്രസവത്തിനോ കുഞ്ഞിന് ഭാരക്കുറവ് ഉണ്ടാവാനോ കാരണമാകും. കൂടാതെ ആവർത്തിച്ചുള്ള അണുബാധ വൃക്കകളെ തകരാറിലാക്കും.
പ്രതിരോധം
ബാക്ടീരിയയെ മൂത്രനാളിയില്‍ നിന്ന് പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. ഇത് മൂത്രമൊഴിക്കുന്നതിന്റെ ഇടവേള കുറയ്ക്കും അതോടൊപ്പം അണുബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കും.
സ്വകാര്യഭാഗങ്ങൾ ശുചിയായി സൂക്ഷിക്കുക.
മൂത്രം ദീർഘനേരം പിടിച്ചു വെക്കുന്നത് ഒഴിവാക്കുക.
പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു നിർത്തേണ്ടത് പ്രധാനമാണ്. ഇത് ആവർത്തിച്ചുള്ള മൂത്രാശയ അണുബാധ തടയാൻ സഹായിക്കും.
കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ നെഫ്രോളജി ആന്റ് റീനൽ ട്രാൻസ്പ്ലാൻ സർവീസസ് ഡയറക്ടർ ആണ് ലേഖകന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക