
'ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം..,' പാടി കേരളത്തിലെ പെണ്ണുങ്ങളെയെല്ലാം ഒറ്റയടിക്ക് പോക്കറ്റിലാക്കിയ നായകനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിലെ ചോക്ലേറ്റ് ഹീറോയോട് അന്ന് ക്രഷ് തോന്നാത്ത പെണ്ണുങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കുഞ്ചാക്കോ ബോബന്റെ പ്രണയം അന്ന് സിനിമ മാസികകളിലൂടെ വായിച്ചറിഞ്ഞ പല പെണ്ണുങ്ങളുടെയും ഹൃദയം പൊടിഞ്ഞു. കുഞ്ചാക്കോ ബോബൻ ഒരു ഉദാഹരണം മാത്രമാണ്, ഇത്തരത്തിൽ സെലിബ്രിറ്റികളെ പ്രണയിച്ച് ചങ്ക് തകർന്ന നിരവധി സ്ത്രീകളുണ്ട്.
പാരാസോഷ്യല്‍ റിലേഷന്‍ഷിപ്പ് എന്നാണ് ഇത്തരം സാങ്കൽപ്പിക പ്രണയത്തെ മനഃശാസ്ത്രജ്ഞർ വിളിക്കുന്നത്. പാരാസോഷ്യൽ റിലേഷൻഷിപ്പ് ഒരു വശത്തോട്ട് മാത്രമുള്ള പ്രണയമാണ്. അപ്പുറത്തെ വശത്തുള്ള ആൾ അതായത് സെലിബ്രിറ്റികൾ ഇവരെ അറിയണമെന്ന് പോലുമില്ല. എന്നാൽ ആരാധികയുടെ ഉള്ളിൽ ഇവരോട് തീവ്രപ്രണയവുമായിരിക്കും.
സെലിബ്രിറ്റികളുടെ പ്രണയം
സൈക്കോളജി ഓഫ് പോപ്പുലര്‍ മീഡിയയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പാരാസോഷ്യല്‍ റിലേഷന്‍ഷിപ്പിലുള്ള ആരാധികയ്ക്ക് താൻ സ്നേഹിക്കുന്ന താരം മറ്റാരെങ്കിലുമായി ഡേറ്റ് ചെയ്യുന്നുവെന്ന് അറിഞ്ഞാൽ അസൂയയും സങ്കടവും അസ്വസ്ഥതകളുമൊക്കെ തീവ്രമായി തന്നെ തോന്നാമെന്നാണ്.
സാങ്കൽപ്പികമാണെങ്കിലും ഇത് അവരുടെ പ്രണയത്തെ തകർക്കുമോ എന്ന ഭയം അവരിൽ അസ്വസ്ഥത ഉണ്ടാക്കാമെന്നും പഠനം പറയുന്നു. പ്രത്യേകിച്ച് താരം പ്രണയിക്കുന്ന വ്യക്തി അവരിൽ നിന്ന് കാഴ്ചയിലോ വ്യക്തിത്വത്തിലോ വ്യത്യാസപ്പെട്ടിരുന്നാൽ.
സാമ്യം തോന്നിയാല്‍
മറുവശത്ത്, എന്തെങ്കിലും സാമ്യം ഏതെങ്കിലും വിധത്തിൽ തോന്നിയാൽ അത് അവരെ കൂടുതൽ സന്തോഷപ്പെടുത്തും. എന്നെ പോലെയാണ് എന്ന ആശ്വാസം ഉണ്ടാക്കും. പങ്കാളിയുമായി ഏതാണ്ട് സമാനമായ ഗുണങ്ങളും പെരുമാറ്റങ്ങളും പങ്കിടുന്നതായി അവർക്ക് സ്വയം സങ്കൽപ്പിക്കാൻ കഴിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക