

സണ്‍ഫ്ലവര്‍ ഓയില്‍, സോയാബീൻ ഓയില്‍, കടുകെണ്ണ തുടങ്ങിയ വിത്ത് എണ്ണകള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും ഇവയുടെ പതിവ് ഉപഭോഗം സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന് ന്യൂയോർക്കിലെ വെയ്ൽ കോർണൽ മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി. ഇവയിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ലിനോലെയിക് ആസിഡ് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്.
ലിനോലെയിക് ആസിഡ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ വളർച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണ അര്‍ബുദത്തെക്കാള്‍ ദ്രുതഗതിയില്‍ വ്യാപിക്കുകയും കുറഞ്ഞ അതിജീവന നിരക്കുമായിരിക്കും ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം എന്ന അവസ്ഥ. മൊത്തം സ്തനാർബുദ കേസുകളിൽ ഏകദേശം 15% ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദമാണ്. എഫ്എബിപി5 (ഫാറ്റി ആസിഡ്-ബൈൻഡിങ് പ്രോട്ടീൻ 5) എന്ന പ്രോട്ടീനുമായി ലിനോലെയിക് ആസിഡ് ബന്ധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ വ്യാപകമാക്കുന്നു.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഉയര്‍ന്ന ലിനോലെയിക് ആസിഡ് അടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ ട്യൂമര്‍ വളര്‍ച്ച കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ രോഗികളിൽ നിന്നുള്ള രക്ത സാമ്പിളുകളിൽ എഫ്എബിപി5, ലിനോലെയിക് ആസിഡ് എന്നിവ ഉയർന്ന അളവില്‍ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷണക്രമം കാൻസറിന്റെ വളർച്ചയെ കൂടുതൽ വഷളാക്കിയെക്കുമെന്ന് ഈ പഠന ചൂണ്ടിക്കാണിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
അതേസമയം ലിനോലെയിക് ആസിഡ് ഒരു അവശ്യ ഫാറ്റി ആസിഡാണ്. ചർമത്തിന്റെ ആരോഗ്യം, കോശ ഘടന, ശരീര വീക്കം നിയന്ത്രിക്കുക എന്നിവയിൽ ലിനോലെയിക് ആസിഡ് ഒരു പങ്കു വഹിക്കുന്നു. എന്നാല്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍, വിത്തു എണ്ണകള്‍ തുടങ്ങിയവയില്‍ ലിനോലെയിക് ആസിഡ് അമിതമായി അടങ്ങിയിരിക്കുന്നു. അസന്തുലിതാവസ്ഥ വിട്ടുമാറാത്ത വീക്കം പ്രോത്സാഹിപ്പിച്ചേക്കാം, ഇത് കാൻസറിനും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates