ശൈത്യകാലമായതോടെ ചര്‍മം വലിയാനും വരണ്ടതുമാകാന്‍ തുടങ്ങിയോ? ചര്‍മത്തില്‍ ജലാംശം നിലനില്‍ക്കുന്നതിനും മൃദുവാകുന്നതിനും ഡയറ്റ് വളരെ പ്രധാനമാണ്.
ശൈത്യകാലത്ത് നിബന്ധമായും ഇവ നിങ്ങളുടെ ഡയറ്റില്‍ ഉണ്ടാകണം.
ചർമത്തിന്റെ ആരോഗ്യത്തിന് ജലാംശം അനിവാര്യമാണ്. അതിന് വെള്ളം നന്നായി കുടിക്കുക എന്നതാണ് ആദ്യപടി. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ ചർമത്തിൽ ഈർപ്പം നഷ്ടപ്പെടുകയും വരണ്ടതുമാകുന്നു. ശൈത്യകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രദ്ധിക്കുക.
ചായയും കാപ്പിയും പരമാവധി ഒഴിവാക്കാം. പകരം തുളസി, പെരുംജീരകം, ചാമോമൈൻ തുടങ്ങിയ ഹെർബൽ ചായകൾ പരീക്ഷിക്കാം. ഇത് ചർമത്തിന് ആവശ്യമായ ആന്റി-ഓക്സിഡന്റുകൾ ലഭ്യമാക്കാൻ സഹായിക്കും.
വിറ്റാമിൻ സി, എ, ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചര്‍മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമത്തെ തിളക്കമുള്ളതും യുവത്വമുള്ളതുമായി നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ എ മൃതചർമകോശങ്ങൾ ഇല്ലാതാക്കാനും വരൾച്ച തടയാനും സഹായിക്കുന്നു, വിറ്റാമിൻ ഇ പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുന്നു.
നെല്ലിക്ക, പേരക്ക, ഓറഞ്ച്, ഇലക്കറികൾ, പപ്പായ, കാരറ്റ്, ചീര, മധുരക്കിഴങ്ങ്, മത്തങ്ങ എന്നിവ ഉൾപ്പെടുന്നു.
ചർമത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിന് ആരോഗ്യകരമായ കൊഴുപ്പുകൾ അത്യാവശ്യമാണ്. ഇത് ഈർപ്പം നഷ്ടപ്പെടുന്നത് തടയുന്നു. നെയ്യ്, ഒലിവ് ഓയിൽ, വാൽനട്ട്, ബദാം, അവോക്കാഡോ, ചിയ, തേങ്ങ, മത്തങ്ങ വിത്തുകൾ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്താം.
ഡയറ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. കേടായ ചർമകോശങ്ങൾ നന്നാക്കാനും പുതിയ ചർമത്തിന്റെ വേഗത്തിലുള്ള പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. പയർ, മുട്ട, പനീർ, ചിക്കൻ, ടോഫു, നട്‌സ് എന്നിവ നല്ല ഉറവിടങ്ങളാണ്.
എന്ത് കഴിക്കണം എന്ന പോലെ പിന്തുടരേണ്ട ചില അടിസ്ഥാന ചർമ സംരക്ഷണ രീതികളുമുണ്ട്. ചൂടുവെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ചർമവും മുടിയും വൃത്തിയാക്കുക. ചൂടുവെള്ളം ചർമത്തിലെ പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും ചർമത്തെ കൂടുതൽ വരണ്ടതാക്കുകയും ചെയ്യുന്നു. കൂടാതെ ഒരു ബോഡി ഓയിൽ ഉപയോഗിക്കുന്നത് ചർമത്തിന്‍റെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക