

കരൾ, വൃക്ക തുടങ്ങിയ മനുഷ്യശരീരത്തിലെ മറ്റ് അവയവങ്ങളെ അപേക്ഷിച്ച് തലച്ചോറിലെ കലകളിൽ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അളവ് 12 മടങ്ങ് കൂടുതലെന്ന് പഠനം. പ്ലാസ്റ്റിക് കുപ്പികളിലും പ്ലാസ്റ്റിക് പാക്കേജിങ്ങുകളിലും സാധാരണയായി കാണപ്പെടുന്ന പോളിത്തീന്‍ കണികകളാണ് കലകളിൽ കൂടുതലായും കണ്ടെത്തിയതെന്ന് ന്യൂ മെക്സിക്കോ സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കൂടാതെ ഡിമെൻഷ്യ ബാധിച്ച വ്യക്തികളുടെ തലച്ചോറിലെ സാമ്പിളുകളിൽ ഡിമെൻഷ്യ ഇല്ലാത്തവരെ അപേക്ഷിച്ച് പത്തിരട്ടി വരെ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി കണ്ടെത്തിയെന്നും പഠനത്തിൽ വിശദീകരിക്കുന്നു.
മൈക്രോ പ്ലാസ്റ്റിക് കണികകൾ നാഡീകോശങ്ങളെ ഇൻസുലേറ്റ് ചെയ്യുന്ന തലച്ചോറിലെ മെയ്ലിൻ കവചം പോലുള്ള കൊഴുപ്പ് അടങ്ങിയ കലകളിൽ അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റ് അവയവങ്ങളെ അപേക്ഷിച്ച് തലച്ചോറിൽ കൂടുതൽ പ്ലാസ്റ്റിക് നിലനിർത്തുന്നതിന്റെ കാരണം ഇതാകാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഡിമെൻഷ്യ ബാധിച്ച വ്യക്തികളിൽ പ്രത്യേകിച്ച് രക്തക്കുഴലുകൾക്കും രോഗപ്രതിരോധ കോശ ക്ലസ്റ്ററുകൾക്കും ചുറ്റും പ്ലാസ്റ്റിക് സാന്ദ്രത ഗണ്യമായി കൂടുതലാണെന്നും പഠനം കണ്ടെത്തി. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുവെന്നും പഠനത്തില്‍ പറയുന്നു.
2024-ൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ഒരു ഗ്രാം മസ്തിഷ്ക കലകളില്‍ ശരാശരി 4,917 മൈക്രോഗ്രാം മൈക്രോപ്ലാസ്റ്റിക് ഉണ്ട്. ഇത് ഒരു കിലോഗ്രാം മസ്തിഷ്ക കലയിൽ നാല് മുതൽ അഞ്ച് വരെ പേപ്പർ ക്ലിപ്പ് വലുപ്പകത്തിലുള്ള പ്ലാസ്റ്റിക്കുകൾക്ക് തുല്യമാണെന്ന് പഠനത്തിൽ പറയുന്നു. 2016 മുതൽ 2024 ലരെയുള്ള തലച്ചോറിലെ കലകളുടെ സാമ്പിളുകൾ വിശകലനത്തിൽ വെറും എട്ട് വർഷത്തിനുള്ളിൽ തലച്ചോറിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അളവിൽ ഏതാണ്ട് 50 ശതമാനം വരെ വർധനവ് ഉണ്ടായതായി നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഡിമെൻഷ്യയിലേക്ക് നയിക്കുന്ന പ്രോട്ടീൻ സംയോജനത്തിൽ പോലും അവ സ്വാധീനിക്കാമെന്നും ഗവേഷകർ പറയുന്നു.
മൈക്രോപ്ലാസ്റ്റിക് ശരീരത്തിൽ പ്രവേശിക്കുന്നതില്‍ മാംസം ഒരു പ്രധാന സ്രോതസാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫാമുകളിൽ ഉപയോഗിക്കുന്ന മലിനമായ വെള്ളം, പ്ലാസ്റ്റിക് അടങ്ങിയ മൃഗങ്ങളുടെ തീറ്റ, കന്നുകാലി മാലിന്യത്തിൽ നിന്നുള്ള വളം എന്നിവയെല്ലാം പ്ലാസ്റ്റിക് എക്സ്പോഷർ വർധിപ്പിക്കുന്നതിന് കാരണമായേക്കാം. യുഎസ് വെസ്റ്റ് കോസ്റ്റിൽ നിന്നുള്ള വാണിജ്യ സമുദ്രവിഭവങ്ങളിൽ ഉയർന്ന അളവിൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് മറ്റൊരു പഠനം കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates