ഓർമകൾ നമ്മൾക്കെല്ലാവർക്കും പ്രധാനമാണ്. പഴയ ചിന്തകൾക്കും അനുഭവങ്ങൾക്കുമൊപ്പം ഓരോ ദിവസവും കൂട്ടിച്ചേർക്കുന്ന പുതിയ പാഠങ്ങളും ചിന്തകളുമെല്ലാം തലച്ചോർ സ്റ്റോർ ചെയ്തു വെയ്ക്കുന്നു. നമ്മുടെ തലച്ചോർ എങ്ങനെ, എപ്പോൾ ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ ഓർമകൾ സൃഷ്ടിക്കുന്നു എന്ന് മനസിലാക്കുന്നതിനുള്ള താക്കോലാണ് നമ്മുടെ കണ്ണുകൾക്കുള്ളിലെ കൃഷ്ണമണികൾ.
ഉറങ്ങുമ്പോൾ കൃഷ്ണമണികൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഈ ഇടവേളകളിലാണ് തലച്ചോർ പുതിയതും പഴയതുമായ ഓർമകൾ ആവർത്തിച്ച് പ്രോസസ് ചെയ്തെടുക്കുന്നതെന്ന് യുഎസ്സിലെ കോർനെൽ സർവകലാശാല ഗവേഷകർ കഴിഞ്ഞ ദിവസം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു.
അതായത്, ദ്രുത നേത്ര ചലനം അല്ലാത്ത ഉറക്കത്തിന്റെ (നോൺ- ആർഇഎം) ഒരു ഘട്ടത്തിൽ കൃഷ്ണമണികൾ ചുരുങ്ങുന്ന സമയം തലച്ചോറിൽ പുതിയ ഓർമകൾ അല്ലെങ്കിൽ പുതിയ അറിവുകൾ റീപ്ലേ ചെയ്യുകയും ഏകീകരിക്കപ്പെടുകയും ചെയ്യുന്നു. നേരെമറിച്ച്, കൃഷ്ണമണി വികസിക്കുമ്പോൾ പഴയ ഓർമകൾ ആവർത്തിക്കുകയും ഏകീകരിക്കപ്പെടുകയും ചെയ്യുന്നു. ഉറക്കത്തിന്റെ രണ്ട് ഉപഘട്ടങ്ങളെ വേർതിരിക്കുന്നതിലൂടെ ഒരു ഓർമയുടെ ഏകീകരണം മറ്റൊന്നിനെ ഇല്ലാതാക്കുന്ന മറവിയെ എന്ന പ്രക്രിയയെ തലച്ചോറ് തടയുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ദ്രുത നേത്ര ചലനം അല്ലാത്ത ഉറക്കത്തിലാണ് യഥാർത്ഥ മെമ്മറി ഏകീകരണം സംഭവിക്കുന്നത്. ഈ നിമിഷങ്ങൾ മനുഷ്യർക്ക് തിരിച്ചറിയാൻ കഴിയാത്ത വളരെ ചെറിയ കാലയളവുകളാണ്. ഏതാണ്ട് 100 മില്ലിസെക്കൻഡ് വരെ. പുതിയ അറിവിനെ പഴയ അറിവിൽ നിന്ന് വേർതിരിക്കുന്ന ഒരു ഇന്റർമീഡിയറ്റ് ടൈംസ്കെയിൽ തലച്ചോറിനുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
എലികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. ബ്രെയിൻ ഇലക്ട്രോഡുകളും ചെറിയ ഐ-ട്രാക്കിങ് കാമറകളും എലികളില്‍ ഘടിപ്പിച്ചു. ശേഷം അവയെ വെള്ളം ശേഖരിക്കുക, കുക്കിസ് ശേഖരിക്കുക പോലുള്ള വിവിധ ജോലികളിൽ ഏർപ്പെടുത്തി. തുടർന്ന് ഒരു ദിവസം എലികൾ പുതിയൊരു ജോലി പഠിച്ചു. ഉറക്കത്തിനിടെ ഇലക്ട്രോഡുകൾ അവയുടെ നാഡീ പ്രവർത്തനങ്ങൾ പകർത്തുന്നതിനൊപ്പം കാമറകൾ അവയുടെ കൃഷ്ണമണികളിലെ മാറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഉറങ്ങുന്ന എലികളുടെ താൽക്കാലിക ഘടന കൂടുതൽ വൈവിധ്യപൂർണ്ണമാണെന്നും മുമ്പ് കരുതിയിരുന്നതിനേക്കാൾ മനുഷ്യരിലെ ഉറക്ക ഘട്ടങ്ങളുമായി കൂടുതൽ സാമ്യമുള്ളതാണെന്നും റെക്കോർഡിങ്ങുകൾ വിലയിരുത്തി.
കൂടാതെ ദ്രുത നേത്ര ചലനം അല്ലാത്ത ഉറക്കത്തിന്റെ ഒരു ഉപഘട്ടത്തിലേക്ക് എലികൾ പ്രവേശിക്കുമ്പോൾ അവയുടെ കൃഷ്ണമണി ചുരുങ്ങുന്നുവെന്നും, ഇവിടെയാണ് അടുത്തിടെ പഠിച്ച അറിവുകൾ, അതായത് പുതിയ ഓർമകൾ വീണ്ടും സജീവമാക്കപ്പെടുകയും ഏകീകരിക്കപ്പെടുകയും ചെയ്യുന്നത്. അതേസമയം മുൻ അറിവ് അങ്ങനെയല്ലെന്നും ഗവേഷകർ കണ്ടെത്തി. പുതിയ കണ്ടെത്തലുകൾ മനുഷ്യർക്ക് മികച്ച ഓർമശക്തി വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിലേക്ക് നയിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കമ്പ്യൂട്ടർ ശാസ്ത്രജ്ഞരെയും ഇത് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക