ശുചിത്വത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ 'എ ക്ലാസ്' ആണെന്നാണ് പറയാറ്. കുളിക്കാതെ പുറത്തേക്കിറങ്ങില്ല, ഒരിക്കല്‍ മാത്രം ഇട്ട വസ്ത്രമാണെങ്കില്‍ പോലും തിരിച്ചു വന്നാലുടന്‍ നനച്ചു അശയില്‍ തൂക്കും. അങ്ങനെ പോകുന്നു ശരാശരി മലയാളികളുടെ വൃത്തിഭ്രാന്ത്. ഇനി കിടപ്പു മുറിയിലേക്ക് വരാം. ബെഡ് ഷീറ്റും തലയണ കവറുമൊക്കെ ആഴ്ചയില്‍ കിട്ടുന്ന അവധിദിവസം വാഷിങ് മെഷീനിലിട്ട് കറക്കിയെത്ത് പുതുപ്പുത്തനാക്കും. എന്നാല്‍ കറപിടിച്ചു നിറം മങ്ങിയ തലയിണയുടെ അവസ്ഥയ്ക്ക് മോചനമില്ല.
മരകഷ്ണം തോറ്റുപോകുന്നത്ര കട്ടിയിലാകും തലയണകള്‍. ചിലതിലാകട്ടെ ശസ്ത്രക്രിയ നടത്തിയ തുന്നലുകള്‍ക്കിടയിലൂടെ പഞ്ഞി ചാടിയിട്ടുണ്ടാവും. അത്രമാത്രം അവഗണിക്കുന്ന ഒരു കൂട്ടരാണ് നമ്മള്‍ എന്നും പൊതിഞ്ഞുപിടിച്ചു കിടന്നുറങ്ങുന്ന തലയണകള്‍. ഉറങ്ങുമ്പോള്‍ കഴുത്തിനും തലയ്ക്കും സപ്പോര്‍ട്ട് കിട്ടുന്നതിന് വേണ്ടിയാണ് തലയണ ഉപയോഗിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതേ തലയണ ശരീരവേദന, അലര്‍ജി തുടങ്ങിയ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം.
തലയണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം
ദിവസവും ഉപയോഗിക്കുന്നതിനാല്‍ നമ്മുടെ ചര്‍മത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍, മൃതചര്‍മ കോശങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയൊക്കെ തലയണയില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. കാലക്രമേണ ഇത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകാം. ഇത് അലര്‍ജി, ചൊറിച്ചില്‍. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.
ഒരേ തലയണയുടെ ദീര്‍ഘകാല ഉപയോഗം അവയുടെ ആകൃതിയിലും ഗുണനിലവാരത്തിലും മാറ്റം വരാം. ഇത് കഠിനമായ കഴുത്ത് വേദന, നടു വേദന, തല വേദനയ്ക്ക് വരെ കാരണമാകും.
ഒരു തലയണ എത്ര നാള്‍ ഉപയോഗിക്കാം
ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തലയണ മാറ്റണം. പോളീസ്റ്റര്‍ തലയണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ ആറ് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുളളിലോ മാറ്റണം. ലാറ്റക്‌സ് തലയണകളാണെങ്കില്‍ രണ്ട് മുതല്‍ നാല് വര്‍ഷം വരെ ഉപയോഗിക്കാം. കൂടാതെ നിറം മങ്ങിയതും ആകൃതിയില്‍ മാറ്റം വരുന്നതുമായി തലയണ ഉടനടി മാറ്റുന്നതാണ് നല്ലത്.
തലയണ ഇടയ്ക്ക് വെയിലത്തു വയ്ക്കുന്നത് ഈര്‍പ്പം എന്തെങ്കിലും ഉണ്ടെങ്കില്‍ പോകാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക