
ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനുകൾ നിരവധി ഉണ്ടെങ്കിലും അതിൽ ഏറ്റവും കിടിലൻ കോംപിനേഷൻ നമ്മുടെ ഇഡലിയും സാമ്പാറും തന്നെയാണ്. നല്ല പൂപോലെ മൃദുവായ ഇഡലിയിലേക്ക് ചൂടു സാമ്പാർ ഒഴിച്ചു കഴിക്കുമ്പോൾ കിട്ടുന്ന രുചി, എന്റെ സാറേ...
രുചിയിൽ മാത്രമല്ല, ഒന്നാന്തരം ഒരു സമീകൃതാഹാരം കൂടിയാണ് ഇഡലിയും സാമ്പാറും. പുളിപ്പിച്ച ഭക്ഷണം പ്രഭാതഭക്ഷണമാക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊഴുപ്പിന്റെ അംശം തീരെ ചേരാത്തതിനാൽ കൊളസ്ട്രോൾ ഉള്ളവർക്കും ഇഡ്‌ലി കഴിക്കാം. പുളിപ്പിച്ചതായതിനാൽ അന്നജത്തിന്റെ അളവു കുറയും. അതിനാൽ പ്രമേഹരോഗികൾക്കും ഉത്തമഭക്ഷണമാണിത്. ഉഴുന്നും അരിയും ചേർത്തരച്ചുണ്ടാക്കുന്ന മാവ് പുളിപ്പിച്ചാണ് ഇഡലി ഉണ്ടാക്കുന്നത്. ഇതിൽ മാംസ്യം അടങ്ങിയിട്ടുണ്ട്. പിന്നെ ഇഡലിയും സാമ്പാറും കൂടിച്ചേരുമ്പോൾ അന്നജവും കൊഴുപ്പും ജീവകങ്ങളും ലവണങ്ങളും ആന്റിഓക്സിഡന്റുകളും ഒന്നിച്ചു ലഭിക്കുന്നു.
സാമ്പാറിനെ ഒരു മികച്ച സ്പൈസസ് വെജിറ്റബിൾ സൂപ്പായി വിശേഷിപ്പിക്കാം. സാമ്പാറിലെ തുവരപരിപ്പിൽ മാംസ്യവും ബി വിറ്റാമിനുകളും ഇരുമ്പും കാത്സ്യവും കരോട്ടിനും മാത്രമല്ല കോശങ്ങളിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ സാമ്പാറിൽ അടങ്ങിയ പച്ചക്കറികളിൽ നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലൈക്കൊപിൻ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ചേർക്കുന്ന മഞ്ഞൾ, ഉലുവ പൊടി തുടങ്ങിയവ രക്തസമ്മർത്തെയും കൊളസ്ട്രോളും ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ സാമ്പാറിൽ ചേർക്കുന്ന കായം വായുഹരമാണ്.
രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം
തുടർച്ചയായ രണ്ട് ആഴ്ച ഇഡലി, ദോശ പോലുള്ള പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിൽ വലിയെ തോതിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പുളിപ്പിച്ച ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്‌സിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് കുടൽ മൈക്രോബയോട്ടയുടെ വൈവിധ്യം വർധിപ്പിക്കുക മാത്രമല്ല, പതിവായി കഴിക്കുന്നത് മികച്ച മലവിസർജ്ജനത്തിനും വയറു വീർക്കൽ കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ കുടല്‍-തലച്ചോറ് ബന്ധത്തിലൂടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീര വീക്കം കുറയ്ക്കുകയും ചെയ്യും.
എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിലോ പുളിപ്പിക്കൽ പ്രക്രിയ ശരിയായി നടന്നില്ലെങ്കിലോ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകാം. കൂടാതെ തൈര് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ചിലരിൽ അലർജി ഉണ്ടാക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക