എന്തൊരു നാറ്റം! ശരീരദുർ​ഗന്ധത്തിന് പിന്നിലെ കാരണം, എങ്ങനെ അകറ്റാം?

കക്ഷങ്ങളിലും ഞരമ്പുകളിലും കാണപ്പെടുന്ന അപ്പോക്രൈന്‍ ഗ്രന്ഥികള്‍ പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കട്ടിയുള്ള വിയര്‍പ്പ് സ്രവിക്കുന്നു
body odor
ശരീരദുർ​ഗന്ധ
Updated on
2 min read

ത്ര മണമുള്ള സോപ്പു തേച്ച് കുളിച്ചാലും ഒന്നു വിയര്‍ത്താല്‍ വില്ലനായി ശരീരദുര്‍ഗന്ധം എത്തും. ആത്മവിശ്വാസത്തെ പോലും കെടുത്തുന്ന ദുര്‍ഗന്ധം പലര്‍ക്കും വലിയൊരു ദുരിതമാണ്. ശരീരത്തിന്‍റെ സ്വാഭാവികമായ ശീതീകരണ പ്രക്രിയയാണ് വിയർപ്പ്. ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍, ടെന്‍ഷന്‍, ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളില്‍ ആളുകള്‍ വിയര്‍ക്കാറുണ്ട്. തീർത്തും നമ്മുടെ പരിധിയിലല്ലാത്ത പ്രക്രിയ ആണിത്.

എന്നാല്‍ വിയര്‍പ്പിനെ തുടര്‍ന്നുണ്ടാകുന്ന ശരീരദുര്‍ഗന്ധത്തെ ലഘൂകരിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. അതിന് മുന്‍പ് ശരീരദുര്‍ഗന്ധം ഉണ്ടാകുന്നതെങ്ങനെയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചും അറിയേണ്ടത് പ്രധാനമാണ്. മനുഷ്യശരീരത്തില്‍ പ്രധാനമായി രണ്ട് തരം വിയര്‍പ്പ് ഗ്രന്ഥികളാണ് ഉള്ളത്. എക്രിന്‍, അപ്പോക്രിന്‍.

ശരീരതാപനില നിയന്ത്രിക്കുന്നതിന് എക്രിന്‍ ഗ്രിന്ഥികള്‍ വെള്ളവും മണമില്ലാത്തതുമായ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നു. എന്നാല്‍ പ്രധാനമായും കക്ഷങ്ങളിലും ഞരമ്പുകളിലും കാണപ്പെടുന്ന അപ്പോക്രൈന്‍ ഗ്രന്ഥികള്‍ പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കട്ടിയുള്ള വിയര്‍പ്പ് സ്രവിക്കുന്നു. ഇത് ചര്‍മത്തിന്റെ പ്രതലത്തിലെത്തുമ്പോള്‍ ബാക്ടീരിയയുമായി പ്രതിപ്രവര്‍ത്തനം സംഭവിക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.

ചര്‍മത്തിന്‍റെ പ്രതലത്തിലുള്ള ബാക്ടീരിയയാണ് വില്ലന്‍. അവയെ ഒഴിവാക്കുകയാണ് ശരീരദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാനമാര്‍ഗം. ഇത് കൂടാതെ ഹോര്‍മോണ്‍ വ്യതിയാനം, മാനസികസമ്മര്‍ദം, ശുചിത്വമില്ലായ്മ തുടങ്ങിയ ഘടകങ്ങളും ശരീരദുര്‍ഗന്ധത്തെ സ്വാധീനിക്കാം. ശുചിത്വം പാലിക്കുന്നത് ശരീരദുര്‍ഗന്ധം ഒരുപരിധിവരെ അകറ്റാന്‍ സഹായിക്കും.

ശുചിത്വ ഉല്‍പ്പന്നങ്ങള്‍

സോപ്പ്, ബോഡി വാഷ്; കുളിക്കുമ്പോള്‍ സോപ്പും ബോഡി വാഷുമൊക്കെ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ശരീരദുര്‍ഗന്ധം അമിതമായി ഉള്ളവര്‍ ടീ ട്രീ ഓയില്‍, ചാര്‍ക്കോള്‍, യൂക്കോലിപ്റ്റസ് എന്നിവ അടങ്ങിയ ആന്റിമൈക്രോബയല്‍ ബോഡി വാഷുകള്‍ അല്ലെങ്കില്‍ സോപ്പു ഉപയോഗിക്കുക. ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാനും ചര്‍മത്തിന് ഉന്മേഷം നല്‍കുന്നതിനും ഇത് സഹായിക്കും.

എക്‌സ്‌ഫോളിയേറ്റിങ് സ്‌ക്രബുകള്‍: സുഷിരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുന്നതിനും സൗമ്യമായ സ്‌ക്രബിങ് ഏജന്റുകള്‍ അടങ്ങിയ ലൈറ്റ് സ്‌ക്രബിങ് അല്ലെങ്കില്‍ സാലിസിലിക് ആസിഡ് അടങ്ങിയ കെമിക്കല്‍ എക്‌സ്‌ഫോളിയന്റ് ഉപയോഗിക്കുക.

ആന്റിമൈക്രോബയല്‍ വൈപ്പുകള്‍: യാത്ര ചെയ്യുന്ന സാഹചര്യങ്ങളില്‍ വിയര്‍ക്കുമ്പോള്‍ ആന്റിമൈക്രോബയല്‍ വെറ്റ് വൈപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.

ശുചിത്വ ശീലങ്ങള്‍

കക്ഷത്തിലെ രോമം ട്രിം ചെയ്യുക: വിയര്‍പ്പും ബാക്ടീരിയയും കെട്ടിക്കിടക്കുന്നതു കാരണമുണ്ടാകുന്ന ദുര്‍ഗന്ധം കുറയ്ക്കാന്‍ ഇത് സഹായിക്കും. കൂടാതെ ശരീരത്തിലെ അധിക ബാക്ടീരിയകളുടെ ഉപരിതലം നീക്കം ചെയ്യുന്നതിനും ഫ്രഷ് ആയി നിലനിര്‍ത്തുന്നതിനും സഹായിക്കും.

വസ്ത്രങ്ങള്‍: ദിവസം രണ്ട് തവണയെങ്കിലും വസ്ത്രം മാറാന്‍ ശ്രമിക്കുക. പുതിയ വസ്ത്രം ധരിക്കുന്നത് വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് തടയാനും ബാക്ടീരികള്‍ എണ്ണം കുറയ്ക്കാനും സഹായിക്കും. കോട്ടണ്‍ പോലുള്ള കൂടുതല്‍ പ്രകൃതിദത്തമായ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ബെഡ് ഷീറ്റ് പതിവായി കഴുകുക: കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്തും കിടക്കവിരികളും പതിവായി കഴുകുക. ഇവ നമ്മുടെ വിയര്‍പ്പും ബാക്ടീരിയയും ആഗിരണം ചെയ്യുന്നു. ഇവ ഇടയ്ക്കിടെ മാറുന്നത് ശരീരത്തില്‍ അണുബാധ കുറയ്ക്കാനും ശുചിത്വമുള്ളതാക്കാനും സഹായിക്കും.

ശരീരദുര്‍ഗന്ധം കുറയ്ക്കാന്‍

ഡിയോഡറന്‍റുകൾ: ഇവ പ്രധാനമായും ശരീര ദുർഗന്ധം കുറയ്ക്കുന്നതിനും നിർവീര്യമാക്കുന്നതിനും സഹായിക്കും. സിങ്ക്, അലുമിനിയം ക്ലോറൈഡ് അല്ലെങ്കിൽ വിച്ച് ഹാസൽ പോലുള്ള ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുന്ന ചേരുവകൾ അടങ്ങിയ ഡിയോഡറന്റുകൾ തിരഞ്ഞെടുക്കുക. സെൻസിറ്റീവ് ചർമം ഉള്ളവര്‍ ലാവെൻഡർ അല്ലെങ്കിൽ ചമോമൈൽ എന്നി അടങ്ങിയവ തിരഞ്ഞെടുക്കുക.

ആന്റി പെർസ്‌പിരന്റ് സ്പ്രേ: ഇത്തരം സ്പ്രേകളിൽ അടങ്ങിയിരിക്കുന്ന അലുമിനിയം ക്ലോറൈഡ് വിയർപ്പിനൊപ്പം ചേർന്ന് ഒരു മാസ്ക് പോലെ വിയർപ്പ് ഗ്രന്ഥികളെ മൂടുകയും, വിയർപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

ശരീര ദുർഗന്ധത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ ജീവിതശൈലി ഘടകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില ശീലങ്ങളും ഭക്ഷണക്രമങ്ങളും ചിലപ്പോൾ പ്രശ്നം കൂടുതൽ വഷളാക്കാം.

ഭക്ഷണക്രമം: വെളുത്തുള്ളി, ഉള്ളി, കറിവേപ്പില അല്ലെങ്കിൽ എരിവുള്ള ഭക്ഷണങ്ങൾ എന്നിവ പതിവായി കഴിക്കുന്നത് ശരീരദുര്‍ഗന്ധം തീവ്രമാക്കും. ഇത്തരം ഭക്ഷണങ്ങള്‍ കുറയ്ക്കുകയോ ഇടയ്ക്കി‍ടെ മാത്രം കഴിക്കാനോ ശ്രമിക്കുക. മദ്യവും കഫീനും അധികമായി കഴിക്കുന്നവരിലും വിയര്‍പ്പിന്‍റെ നിരക്ക് കൂടുതലായിരിക്കും. ഇത് ദുര്‍ഗന്ധമുണ്ടാക്കും.

ജലാംശം: ധാരാളം വെള്ളം കുടിക്കുന്നത് വിയർപ്പിന്‍റെ സാന്ദ്രത നേർപ്പിക്കുകയും ശരീര ദുർഗന്ധത്തിന്‍റെ തീവ്രത കുറയ്ക്കുകയും ചെയ്യും. ജലാംശം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചർമത്തെ തിളക്കമുള്ളതും ദുർഗന്ധമില്ലാതെ നിലനിർത്തുകയും ചെയ്യുന്നു.

പുകവലി: സ്ഥിരമായി പുകവലിക്കുന്നവരിലും ശരീരദുര്‍ഗന്ധം തീവ്രമായിരിക്കും. പുകവലി ഉപേക്ഷിക്കുന്നത് ദുര്‍ഗന്ധത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com