പൂനെയിൽ അപൂർവരോഗബാധ, എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം? ലക്ഷണങ്ങൾ
മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഇതിനോടകം 67 പേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗപ്പകര്‍ച്ചയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. ഞരമ്പുകളുടെയും പേശികളുടെയും പ്രവർത്തനം തടസപ്പെടുന്നതിലൂടെ രോഗിയുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുന്നു.
പൂനെയിൽ പടർന്നു പിടിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന പകർച്ചവ്യാധിക്ക് പിന്നിൽ 'കാംപിലോബാക്റ്റർ ജെജുനി' എന്ന ബാക്ടീരിയയാണെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഈ ബാക്ടീരിയ സാധാരണയായി മൃഗങ്ങളുടെ കുടലിൽ, പ്രത്യേകിച്ച് കോഴികളിലാണ് കാണപ്പെടുന്നത്. മലിനമായതോ വേവിക്കാത്തതോ ആയ മാംസം, പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിക്കാത്ത വെള്ളം എന്നിവയിലൂടെ ബാക്ടീരിയ മനുഷ്യരിലേക്ക് എത്താം.
1916-ലാണ് ആദ്യമായി ഗില്ലന്‍ ബാരി സിന്‍ഡ്രോം തിരിച്ചറിയുന്നത്. രോഗം കണ്ടെത്തിയ ഫ്രഞ്ച് ന്യൂറോളജിസ്റ്റുകളായ ജോർജ് ഗില്ലിയൻ, ജീൻ അലക്സാണ്ടർ ബാരെ എന്നിവരുടെ പേരുകൾ ചേർത്താണ് രോഗത്തിന് പേര് നൽകിയത്.
ലക്ഷങ്ങൾ
പനി, ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, അതിസാരം, കൈകാലുകള്‍ക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ഡോക്ടർമാർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക