

മാനസികാരോഗ്യം സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ (Social Media) ഓരോ ദിവസവും പുതിയ ടിപ്പുകളും ടെക്‌നിക്കുകളുമാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അതില്‍ പകുതിയില്‍ ഏറെയും വ്യാജവും അശാസ്ത്രിയവുമാണെന്ന് പഠനം. ദി ഗാര്‍ഡിയന്‍ സംഘടിപ്പിച്ച പഠനത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വൈറല്‍ മാനസികാരോഗ്യ ടിപ്പുകള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, സങ്കീര്‍ണമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
മുള്ളു കൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ
പനിയോ ജലദോഷമോ വന്നാല്‍ പോലും മികച്ച ചികിത്സ തേടുന്ന പലരും മാനസികപ്രശ്നങ്ങള്‍ പുറത്തു പറയാന്‍ കൂട്ടാക്കാറില്ല. എന്നാല്‍ ട്രോമ, വിഷാദം, ഉത്കണ്ഠ പോലുള്ള ലക്ഷണങ്ങളെ ചികിത്സിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ യാതൊരു പഠനത്തിന്‍റെ പിന്‍ബലമില്ലാതെ പ്രത്യക്ഷപ്പെടുന്ന മാനസികാരോഗ്യ ടിപ്പുകള്‍ പരീക്ഷിക്കാന്‍ തയ്യാറാകും. എന്നാല്‍ ഇവയില്‍ നിന്ന് ഉടനടി പരിഹാരമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇവയില്‍ മിക്കതും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ടിക് ടോക്കില്‍ മാനസികാരോഗ്യ ടിപ്പ്‌സ് എന്ന ഹാഷ് ടാഗില്‍ പ്രചരിക്കുന്ന 100 വിഡിയോകളെടുത്ത് പരിശോധിച്ചതില്‍ 52 എണ്ണം വ്യാജവും അശാസ്ത്രിയവുമാണെന്ന് കണ്ടെത്തി. കാര്യമുള്ളതാണെന്ന് വിശ്വസിപ്പിച്ച് കാഴ്ചക്കാരുടെ വികാരങ്ങളെ കൂടുതൽ വഷളാക്കുന്നുവെന്നും സംഘം പറയുന്നു.
ഓരോ വീഡിയോയും സൂചിപ്പിക്കുന്നത് എല്ലാവരും ഒരേ രീതിയിൽ പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡർ (PTSD ) അനുഭവിക്കുന്നു എന്നാണ്. സമാനമായ ലക്ഷണങ്ങൾ 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വിഡിയോ ക്ലിപ്പിൽ വിശദീകരിക്കാൻ കഴിയും. ഈ തെറ്റായ വിവരങ്ങൾ എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്ന പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ഗുരുതരമായ മാനസിക രോഗമുള്ള വ്യക്തികളുടെ ജീവിതാനുഭവങ്ങളെ നിസാരവൽക്കരിക്കുകയും ചെയ്യും.
ഇത്തരം വിഡിയോകള്‍ തെറാപ്യൂട്ടിക് ഭാഷയെ ദുരുപയോഗം ചെയ്യുന്നതിനും, വ്യക്തിപരമായ അനുഭവങ്ങളെ അവതരിപ്പിച്ച് മാനസിരാരോഗ്യ അവസ്ഥകളുടെ സങ്കീർണ്ണതകളെ സാമാന്യവല്‍ക്കരിക്കുന്നുവെന്നും പഠനത്തില്‍ വിമര്‍ശിക്കുന്നു. ഇത്തരം അപകടകരമായ ടിപ്പുകള്‍ മാനസിക രോഗത്തെക്കുറിച്ചുള്ള പൊതുജന ധാരണയെ വളച്ചൊടിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates