

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവമാണ് തലച്ചോറ്. ശരീരത്തിലെ മറ്റ് അവയവങ്ങളെ നാഡി സംവിധാനത്തിലൂടെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ പ്രായമാകുന്തോറും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും അൽഷ്യമേഴസ്, ഡിമെൻഷ്യ പോലുള്ള ന്യൂറോഡിജനറേറ്റീവ് രോഗങ്ങള്‍ പിടിപ്പെടാനും കാരണമാകുന്നു. ഇത് പെട്ടെന്നുള്ള മരണത്തിലേക്കും നയിക്കുന്നു. എന്നാല്‍ തലച്ചോറിന്‍റെ ആരോഗ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗം വ്യായാമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി നിങ്ങൾക്ക് ഇന്ന് ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച കാര്യം വ്യായാമമാണെന്ന് അമേരിക്കയിലെ ന്യൂറോസയന്റിസ്റ്റ് ആയ വെൻസ് സുസുക്കി പറയുന്നു. വ്യായാമത്തിന് തലച്ചോറിനെ ഉടനടി സ്വാധീനിക്കാനുള്ള കഴിവുണ്ട്. വ്യായാമം ചെയ്യുന്നതിന് പിന്നാലെ ന്യൂറോട്രാൻമിറ്ററുകളായ ഡോപ്പമിൻ, സെറാട്ടോണിൻ തുടങ്ങിയവ സജീവമാവുകയും ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ആഗോളതലത്തിൽ ഓരോ നാല് സെക്കന്റിലും ഒരു പുതിയ ഡിമെൻഷ്യ കേസു വീതം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് 2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ 115 ദശലക്ഷം ആളുകളിൽ ഡിമെൻഷ്യ ബാധിതരുണ്ടാകുമെന്നും ഗവേഷകർ പ്രവചിക്കുന്നു.
നടത്തം, ജോഗിങ് പോലുള്ള സാധാരണ എയറോബിക് വ്യായാമം ഹൃദയാരോഗ്യത്തെ മാത്രമല്ല, തലച്ചോറിന് മുൻവശത്തായി കാണപ്പെടുന്ന, ദീർഘകാല ഓർമശക്തിക്കും ചിന്താശേഷിക്കും കാരണമായ ഹിപ്പോകാമ്പസ് മേഖലയെ വികസിപ്പിക്കുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള വ്യായാമം പോലും ഏകാഗ്രതയും ശ്രദ്ധയും പ്രതികരണ ശേഷിയും വർധിപ്പിക്കാൻ സഹായിക്കും. അത്തരത്തിൽ വർധിക്കുന്ന ഏകാഗ്രത കുറഞ്ഞത് രണ്ട് മണിക്കൂർ നേരത്തേക്കു നീണ്ടു നിൽക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
തലച്ചോറിനെ സംരക്ഷിക്കുന്ന ഒരു ഘടകമായി വ്യായാമം പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ പേശികൾക്ക് സമാനമായി വ്യായാമം ചെയ്യുന്നതനുസരിച്ച് തലച്ചോറിന്റെ ഹിപ്പോകാമ്പസ് മേഖലയും പ്രീഫ്രണ്ടൽ കോർട്ടക്സും വികസിക്കുകയും ശക്തമാവുകയും ചെയ്യുന്നു. ഇവ രണ്ടുമാണ് പ്രായമാകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ ഏറ്റവും ബാധിക്കുക. വ്യായാമം ചെയ്യുന്നതു കൊണ്ട് ഡിമെൻഷ്യ അല്ലെങ്കിൽ അൽഷ്യമേഴ്സ് ഒഴിവാക്കാമെന്നല്ല, മറിച്ച് ആരോഗ്യമുള്ള ഹിപ്പോകാമ്പസ് വികസിപ്പിക്കുന്നതിലൂടെ രോഗങ്ങള്‍ ബാധിക്കുന്നതിന്‍റെ വേഗത കുറയ്ക്കാൻ സാധിക്കും.
വ്യായാമവും തലച്ചോറും
ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരവീക്കം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, തലച്ചോറിലെ രാസവസ്തുക്കൾ പുറത്തുവിടുന്നതിനെ ഉത്തേജിപ്പിക്കുകയും പുതിയ മസ്തിഷ്ക കോശങ്ങളും രക്തക്കുഴലുകളും വളരാനും സഹായിക്കും. വ്യായാമം മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുകയും സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു. ഈ മേഖലകളിലെ പ്രശ്നങ്ങൾ പലപ്പോഴും വൈജ്ഞാനിക വൈകല്യത്തിന് കാരണമാകാറുണ്ട്.
വ്യായാമം ചെയ്യുന്നവരേക്കാൾ ചിന്തയെയും ഓർമശക്തിയെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങൾ (പ്രീഫ്രോണ്ടൽ കോർട്ടെക്സും മീഡിയൽ ടെമ്പറൽ കോർട്ടെക്സും) വ്യായാമം ചെയ്യുന്നവരിൽ കൂടുതലാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആറുമാസമോ ഒരു വർഷമോ തുടർച്ചയായി മിതമായ വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ ഭാഗങ്ങളുടെ അളവിൽ വർധനവ് ഉണ്ടാക്കിയതായി പഠനങ്ങള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates