
കൊച്ചി: കളമശ്ശേരിയിൽ മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സ തേടിയ അഞ്ച് വിദ്യാര്‍ഥികളില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഓരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിടയിലായതിനാൽ വൈറസ് ബാധയെ തുടർന്നുള്ള മസ്തിഷ്ക ജ്വരമാകാനാണ് സാധ്യതയെന്ന് കൊച്ചി റിനെ മെഡിസിറ്റി ന്യൂറോളജി വിഭാഗം ഡോ. മീനു ജോർജ് പറയുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തലച്ചോറിൻറെ ആവരണത്തിൽ ഉണ്ടാകുന്ന വീക്കമാണ് മസ്തിഷ്ക ജ്വരം. കഠിനമായ തലവേദന, പനി, ഛർദ്ദി എന്നിങ്ങനെ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മസ്തിഷ്ക ജ്വരത്തിനുള്ളത്. വൈറസ്, ബാക്ടീരിയ, ഫംഗൽ, അബീബ ബാധയെ തുടർന്ന മസ്തിഷ്ക ജ്വരം ഉണ്ടാകാം. ചിലരിൽ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെങ്കിലും ചിലരിൽ രോഗം ഗുരുതരമാകാം. എന്ത് തരം രോഗാണുവാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രതിരോധ ശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും രോഗത്തിൻറെ തീവ്രതയെന്ന് ഡോ. മീനു ജോർജ് വ്യക്തമാക്കി.
മൂക്കിനുള്ളിലൂടെയാണ് പലപ്പോഴും രോഗാണുക്കൾ തലച്ചോറിൻറെ ആവരണത്തിൽ എത്തുക. ചില ഘട്ടങ്ങളിൽ രക്തത്തിലൂടെയും രോഗാണുക്കൾ തലച്ചോറിൻറെ ആവരണത്തിൽ വീക്കം അല്ലെങ്കിൽ അണുബാധ ഉണ്ടാക്കാം. ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് ആൻറിബയോട്ടിക് മരുന്നുകൾ ആവശ്യമാണ്. എന്നാൽ വൈറൽ മെനിഞ്ചൈറ്റിസിന്റെ മിക്ക കേസുകളിലും അത്തരം മരുന്നുകളുടെ ആവശ്യമുണ്ടാകാറില്ല. ചില സന്ദർഭങ്ങളിൽ ഏത് വൈറസാണ് എന്നതിനെ ആശ്രയിച്ച് ആൻറിവൈറലുകൾ നൽകാറുണ്ട്.
വൈറൽ അണുബാധയാണെങ്കിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. കൊച്ചിയിൽ ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളിൽ മസ്തിഷ്ക ജ്വരം ഉണ്ടാവാനുള്ള കാരണം വൈറൽ അണുബാധയായിരിക്കാമെന്നാണ് കരുതുന്നതെന്നും ഡോക്ടർ പറയുന്നു.
മസ്തിഷ്ക ജ്വരം എങ്ങനെ പ്രതിരോധം
പനി ബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് ഒഴിവാക്കാം.
പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ മൂടി പിടിക്കാൻ ശ്രമിക്കുക.
പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ശ്രദ്ധിക്കണം.
രോഗം ബാധിച്ചവരുമായി വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കുക.
പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സമീകൃതാഹാരം കഴിക്കാനും നന്നായി ഉറങ്ങാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക.
സുരക്ഷിതരായിരിക്കാൻ ശുദ്ധവും ഫിൽട്ടർ ചെയ്തതുമായ വെള്ളം കുടിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.
ബാക്ടീരിയ-വൈറൽ ബാധകൾക്ക് ലഭ്യമായ വാക്സിൻ സ്വീകരിക്കാനും മടിക്കേണ്ട.
ബാക്ടീരിയൽ മെനിഞ്ചൈറ്റിസിനെതിരെ ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ, മെനിംഗോകോക്കൽ വാക്സിനുകൾ ലഭ്യമാണ്. കൂടാതെ വൈറൽ മെനിഞ്ചൈറ്റിസിനെ തടയാൻ എംഎംആർ വാക്സിനും വരിസെല്ല വാക്സിനും ലഭ്യമാണ്.
നേരത്തെയുള്ള രോഗ നിർണയം ഫലപ്രദമായ ചികിത്സയ്ക്ക് സഹായിക്കും. വൈകുന്തോറും രോഗം വഷളാകാനാകുന്നു സാധ്യത കൂടുതലാണ്. പ്രമേഹ രോഗികൾ, മറ്റ് അസുഖങ്ങൾ, എച്ച്‌ഐവി രോഗികൾ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക