
ഒരു നല്ല ദിവസം ആസ്വദിക്കാന്‍ തന്നെ സജ്ജമാക്കിക്കൊണ്ടാണ് പ്രഭാത ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് നടി സാമന്ത. 'വിം ഹോഫ്' ടെക്നിക് ആണ് അതില്‍ പ്രധാനമെന്ന താരത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്.
ആരോഗ്യത്തെയും മനസ്സമാധാനത്തെയും കേന്ദ്രീകരിച്ചുള്ളതാണ് സാമന്തയുടെ മോണിങ് ദിനചര്യ. രാവിലെ 5.30ന് എഴുന്നേല്‍ക്കും. ജേണലിങ് ചെയ്തുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ശേഷം അഞ്ച് മിനിറ്റ് വെയില്‍ കൊള്ളും. തുടര്‍ന്ന് ശ്വസന വ്യായാമം. വിം ഹോഫ് രീതിയാണ് ശ്വസന വ്യായാമത്തിനായി പിന്തുടരുന്നത്. പിന്നീട് 25 മിനിറ്റ് മെഡിറ്റേഷന്‍. ഈ നാല് കാര്യങ്ങളാണ് തന്‍റെ മോണിങ് ദിനചര്യയില്‍ ഉള്‍പ്പെടുന്നതെന്ന് സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
കേള്‍ക്കുമ്പോള്‍ വളരെ സിംപിള്‍ ആണെന്ന് തോന്നാമെങ്കിലും സംഭവം പവര്‍ഫുള്‍ ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്താണ് വിം ഹോഫ് ബ്രീത്തിങ് ടെക്നിക്?
നിയന്ത്രിത ഹൈപ്പർവെൻറിലേഷനും ശ്വാസം പിടിച്ചുവെക്കലും സംയോജിപ്പിക്കുന്ന ഒരു പ്രത്യേക ശ്വസന രീതിയാണ് വിം ഹോഫ് ബ്രീത്തിങ് ടെക്നിക്. ഊർജ്ജം വർധിപ്പിക്കുന്നതിനും സമ്മർദം കുറയ്ക്കുന്നതിനും മാനസിക വ്യക്തത മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് വിം ഹോഫ് ടെക്നിക് രൂപകല്‍പന ചെയ്തിരിക്കുന്നത്.
നിയന്ത്രിത ശ്വസനം ഓട്ടോണമിക് നാഡീവ്യവസ്ഥയെ സ്വാധീനിക്കും. ഇത് മെച്ചപ്പെട്ട ഓക്സിജൻ ആഗിരണം, മികച്ച രക്തചംക്രമണം, സമ്മർദത്തിനെതിരായ പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശീലനം.
നാല് സ്റ്റപ്പുകളാണ് പ്രധാനമായും വിം ഹോഫ് ടെക്‌നിക്കിനുള്ളത്.
സ്റ്റെപ്പ് വണ്‍
ഇരിന്നോ കിടന്നോ വിം ഹോഫ് ചെയ്യാം. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വയര്‍ സ്വതന്ത്രമായി വികസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
സ്റ്റെപ്പ് ടൂ
കണ്ണുകള്‍ അടച്ച് മനസ് സ്വസ്ഥമാക്കുക. മൂക്കിലൂടെയോ വായിലൂടെയോ ആഴത്തില്‍ ശ്വസിക്കുക. വയറു പുറത്തേക്ക് തള്ളുക. ശ്വാസകോശം നിറയുമ്പോള്‍ ബലം പ്രയോഗിക്കാതെ വായിലൂടെ ശ്വാസം വിടുക. ഒന്നിനു പിന്നാലെ ഒന്നായി 30 തവണ ഇത്തരത്തില്‍ ശ്വാസമെടുക്കുക. ഈ ശ്വസനചക്രം മൂന്നോ നാലോ തവണ ചെയ്യുക.
സ്റ്റെപ്പ് ത്രീ
തുടര്‍ന്ന് അല്‍പ നേരം ശ്വാസം പിടിച്ചു വെക്കുക. ഈ ഘട്ടത്തില്‍ വളരെ ശാന്തമായി നിലനില്‍ക്കുക.
സ്റ്റെപ്പ് ഫോര്‍
വീണ്ടും വയര്‍ പൂര്‍ണമായും വികസിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ ശ്വാസമെടുക്കുക. ആ ശ്വാസം 15 സെക്കന്‍സ് നേരത്തേക്ക് പിടിച്ചു നിര്‍ത്തുക തുടര്‍ന്ന് വിടുക, ഇതോടെ ഒരു റൗണ്ട് പൂര്‍ത്തിയാകും.
ശ്രദ്ധിക്കേണ്ടത്
ഒഴിഞ്ഞ വയറോടെയും സുരക്ഷിതമായ അന്തരീക്ഷത്തിലും വേണം ഈ ടെക്നിക് പരിശീലിക്കേണ്ടത്. വാഹനമോടിക്കുമ്പോഴോ വെള്ളത്തിലിരിക്കുമ്പോഴോ ഇത് ചെയ്യരുത്. കാരണം ശ്വാസം പിടിച്ചുനിർത്തുന്നത് തലകറക്കത്തിന് കാരണമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക