ക്ഷീണവും തലകറക്കവും പതിവ്, സ്ത്രീകൾ കഴിച്ചിരിക്കേണ്ട 5 പോഷകങ്ങൾ

സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം
WOMAN WORKING STRESS
സ്ത്രീകൾ കഴിച്ചിരിക്കേണ്ട 5 പോഷകങ്ങൾ

പോഷകാഹാരക്കുറവ് സ്ത്രീകളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇത് മെറ്റബോളിസം മന്ദ​ഗതിയിലാക്കാൻ കാരണമാകുന്നു. ചില വിറ്റാമിനുകൾ നിർബന്ധമായും കഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ സാഹചര്യം വർധിപ്പിക്കുന്നു. സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം.

1. അയേണ്‍

Fatigue

സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ഇരുമ്പ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. രക്തകോശങ്ങളുടെ നിർമാണത്തിനും ശരീരത്തിലെ പ്രോട്ടീൻ ഘടനകകളുടെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു. ക്ഷീണം, ശരീര താപനില നിലനിർത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധ ശേഷി കുറയുക, അണുബാധയ്ക്കുള്ള സാധ്യത വർധിക്കുക, നാവിൻ്റെ വീക്കം എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങൾ.

ഭക്ഷണത്തില്‍ ഇരുമ്പിന്‍റെ അംശം മതിയായ അളവില്‍ ഇല്ലാത്തത്, ഗർഭധാരണം, ആർത്തവം, ആന്തരിക രക്തസ്രാവം, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ, എൻഡോമെട്രിയോസിസ് എന്നിവ ശരീത്തില്‍ ഇരുമ്പിന്‍റെ അഭാവത്തിന് കാരണമാകാം.

2. വിറ്റാമിന്‍ ഡി

sunlight

ശരീരത്തിലെ കാൽസ്യം ക്രമീകരിക്കുന്നതിനും എല്ലുകളുടെ ബലം നിലനിർത്താനും സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിൻ ഡി. ഇത് പേശികളുടെ ചലനത്തിനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും സഹായിക്കും. വിറ്റാമിൻ ഡിയുടെ അഭാവം ഓസ്റ്റിയോമലാസിയ എന്ന രോ​ഗാവസ്ഥയിലേക്ക് നയിക്കുന്നു. ഇത് അസ്ഥി വേദനയ്ക്കും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു.

ക്ഷീണം, അസ്ഥി വേദന, പേശികൾക്ക് ബലക്കുറവ്, പേശി വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം പോലെയുള്ളവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുക. ഇതിനുപുറമേ മുട്ട, കൊഴുപ്പുള്ള മത്സ്യം, ചീസ്, സോയ പാൽ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

3. വിറ്റാമിന്‍ ബി12

egg fry

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎൻഎ നിർമാണത്തിനും നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമായ പോഷകമാണ് വിറ്റാമിന്‍ ബി 12. വിളർച്ച, ക്ഷീണം, മലബന്ധം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നിവയാണ് വിറ്റാമിൻ ബി 12 ൻ്റെ കുറവിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ.

കൈകളിലും കാലുകളിലും മരവിപ്പ്, തരിപ്പ് തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ചിലരിൽ ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുക, വിഷാദം, ആശയക്കുഴപ്പം, ഡിമെൻഷ്യ തുടങ്ങിയവയും വിറ്റാമിൻ ബി12ന്റെ അഭാവത്തെ തുടർന്ന് സംഭവിക്കാം.

4. ഫോളിക് ആസിഡ്

spinach
ചീര

ശരീരത്തിനേറെ ആവശ്യമായ വിറ്റാമിനാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ജനന വൈകല്യങ്ങള്‍ തടയുന്നതിന് ഗര്‍ഭിണികള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്.

ചീര, ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ട ഫോളിക് ആസിഡിന്റെ മികച്ച സ്രോതസാണ്. ബീറ്റ്‌റൂട്ടിലും തക്കാളിയിലും ധാരാളം ഫോളേറ്റുണ്ട്. ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളും ഫോളിക് ആസിഡിന്റെ നല്ല സ്രോതസാണ്.

5. കാല്‍സ്യം

milk health

എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കുറയുന്നത് പലതരത്തിലുള്ള രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാം. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കുറയുന്ന അവസ്ഥയാണ് ഹൈപ്പോകാല്‍സീമിയ.

മാംസപേശികള്‍ക്ക് വേദന, ആശയക്കുഴപ്പം, ക്ഷീണം, ബോണ്‍ ഡെന്‍സിറ്റി നഷ്ടമാകുക തുടങ്ങിയവയാണ് ഹൈപ്പോകാല്‍സീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനത്തെയും മാനസികവ്യക്തതയെയും കാല്‍സ്യത്തിന്‍റെ അഭാവം ബാധിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com