
ക്രോമോസോം വ്യതിയാനം മൂലമുണ്ടാകുന്ന ഒരു ജനിതക വൈകല്യമാണ് ഡൗൺ സിൻഡ്രോം. ഡിഎൻഎയില്‍ 21-ാമത് ക്രോമോസോം ജോഡിയില്‍ ഒരു ക്രോമോസോം അധികം ഉള്ളതാണ് ഈ ജനിതക വൈകല്യത്തിന് കാരണം. ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക ശരീരഘടനയും ശാരീരിക-മാനസികാരോഗ്യത്തില്‍ വ്യത്യാസവുമുണ്ടായിരിക്കും. എല്ലാ വർഷവും മാർച്ച് 21ന് ആഗോളതലത്തിൽ ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു. 'ഞങ്ങളുടെ പിന്തുണാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം.
1866-ൽ ഈ ജനിതക വൈകല്യത്തെ കുറിച്ച് ആദ്യമായി വിശദീകരിച്ച ബ്രിട്ടീഷ് ഡോക്ടറായ ജോണ്‍ ലാങ്ഡണ്‍ ഡൗണിന്റെ പേരില്‍ നിന്നാണ് ഡൗൺ സിൻഡ്രോം എന്ന പേര് നല്‍കിയിരിക്കുന്നത്. 1959 ലാണ് 21-ാം ക്രോമസോം ജോഡിയിൽ ഒന്ന് അധികമായി വരുന്നതാണ് രോഗകാരണം എന്ന് കണ്ടെത്തുന്നത്. ജനനത്തിനു മുമ്പുള്ള സ്‌ക്രീനിങ്, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ എന്നിവയിലൂടെയോ അല്ലെങ്കില്‍ ജനനശേഷം ശാരീരിക സവിശേഷതകള്‍ നിരീക്ഷിച്ച് രക്തപരിശോധനയിലൂടെയോ ഡൗണ്‍ സിന്‍ഡ്രോം തിരിച്ചറിയാം.
ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ പലവിധത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ കടന്നു പോകാം. സാധാരണ കുട്ടികളെ കൈകാര്യം ചെയ്യുന്നതു പോലെ സരളമായി ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞുങ്ങളെ പരിപാലിക്കാനാകില്ല. അവരോടുള്ള സമീപനത്തിലും ഏറെ ശ്രദ്ധ ആവശ്യമാണ്.
നേരത്തെയുള്ള ഇടപെടല്‍
ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ സാധാരണയായി അവരുടെ സമപ്രായക്കാരേക്കാള്‍ ശാരീരിക മാനസിക വളര്‍ച്ച കൈവരിക്കുന്നതില്‍ പിന്നിലായിരിക്കും. എന്നാല്‍ കൃത്യമായ പിന്തുണയും പരിചരണവും നല്‍കിയാല്‍ തീര്‍ച്ചയായും അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. മാനസിക പുരോഗതി മെച്ചപ്പെടുത്തുന്നതിന് ചികിത്സയുടെയും വിദ്യാഭ്യാസത്തിന്‍റെയും സെന്‍സറി ഉത്തേജനപരമായ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചു കൊണ്ട് ചെയ്യുന്നത് എഡ്യുക്കേഷന്‍ തെറാപ്പി. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനമായും അവരുടെ വൈജ്ഞാനിക കഴിവുകളെ ആശ്രയിച്ചിരിക്കും. അതിനാൽ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ആവശ്യമാണ്.
ന്യൂട്രിഷണൻ തെറാപ്പി
ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് പൊണ്ണത്തടി, തൈറോയ്ഡ് തകരാറുകൾ, ദഹന പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസിസ്റ്റഡ് ഫീഡിങ്ങും പോഷകാഹാര സപ്ലിമെന്റുകളും ഉപയോഗിച്ചുള്ള പോഷകാഹാര തെറാപ്പി കുട്ടികൾക്ക് ആരോഗ്യകരമായ ഭാരം നിലനിർത്താനും സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും.
ഫിസിക്കൽ തെറാപ്പി
ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ മസില്‍ ടോണ്‍ കുറവായതിനാല്‍ ഫിസിക്കല്‍ തെറാപ്പി അവരുടെ ചലന ശേഷി ത്വരിതപ്പെടുത്താനും പേശിബലം വര്‍ധിപ്പിക്കാനും സഹായിക്കും.
സ്പീച്ച് തെറാപ്പി
ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികൾ പലപ്പോഴും വൈകിയാണ് സംസാരിക്കാൻ പഠിക്കുന്നത്. ഭാഷ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതു വരെ അവരുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുക എന്നതാണ് സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിയുടെ പ്രധാന ലക്ഷ്യം. കുട്ടികൾക്ക് ഭാഷ മനസ്സിലാക്കാൻ കഴിയുമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സംസാരിക്കാൻ പഠിക്കുന്നതു വരെ ആംഗ്യഭാഷ പോലുള്ള ഇതര ആശയവിനിമയ മാർഗങ്ങളിൽ സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിക്ക് സഹായിക്കാനാകും. ആശയവിനിമയം നടത്താൻ പഠിക്കുന്നത് ഒരു തുടർച്ചയായ പ്രക്രിയയാണ്.
ഒക്യുപേഷണല്‍ തെറാപ്പി
ഭക്ഷണം കഴിക്കൽ, വസ്ത്രം ധരിക്കൽ, എഴുതാന്‍, ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പോലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഒക്യുപേഷണല്‍ തെറാപ്പി ഇത്തരം കുട്ടികളെ സഹായിക്കും.
ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിന് മൾട്ടി-സ്റ്റെം, മൾട്ടി ഡിസിപ്ലിനറി, മൾട്ടി-പ്രൊഫഷണൽ സമീപനം ആവശ്യമാണ്. വ്യക്തിഗത ചികിത്സരീതി ആവിഷ്കരിക്കുന്നതാണ് നല്ലത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക