
ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ആദ്യം അന്വേഷിക്കുന്നത് ഫോണ്‍ ആണ്. വാട്‌സ്ആപ്പ് വഴി നേരെ ഇന്‍സ്റ്റയിലേക്ക്. വിശേഷങ്ങള്‍ തേടിയും തിരക്കിയും മടക്കുമ്പോള്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കും. പലരുടെയും ദിവസങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്.
പൊണ്ണത്തടി, വിഷാദം, ഉത്കണ്ഠപോലുള്ള പല പ്രശ്‌നങ്ങളുടെയും തുടക്കം ഇവിടെ നിന്നാണ്. ഈ ശീലം ഒന്ന് മാറ്റിപ്പിടിച്ചാലോ. സന്തുലിതാവസ്ഥ, മെറ്റബോളിസം, മാനസികാവസ്ഥ എന്നിവയെ കേന്ദ്രീകരിച്ച് രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചെയ്യേണ്ട ചില ശീലങ്ങള്‍ ചിട്ടപ്പെടുത്തിയാലോ.
ചായ, കാപ്പി പോലുള്ളവയാണ് മിക്കവാറും ആളുകളുടെ രാവിലെയുള്ള പതിവ്. എന്നാൽ എഴുന്നേറ്റൽ ഉടൻ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാം. ദഹനം ആരംഭിക്കുന്നതിനും വിഷാംശം പുറന്തള്ളുന്നതിനും ജലാംശം അത്യാവശ്യമാണ്. മെറ്റബോളിസം മെറ്റപ്പെടുത്തുന്നതിന് നാരങ്ങ അല്ലെങ്കിൽ പുതിന ചേർത്ത് വെള്ളം കുടിക്കാം. ഇതിനിടെ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് മാനസികമായി ആസൂത്രണം ചെയ്യുന്നത് തിരക്കു കുറയ്ക്കാനും മികച്ച തിരഞ്ഞെടുപ്പ് നടത്താനും സഹായിക്കും.
വ്യായാമത്തിലേക്ക് കടക്കുന്നതിന് മുൻപ് ആഴത്തിലുള്ള ശ്വസന വ്യായാമം അല്ലെങ്കിൽ പ്രാണായാമം ചെയ്യുന്നത് സമ്മർദ ഹോർമോൺ ആയ കോർട്ടിസോളിനെ നിയന്ത്രിക്കാൻ സഹായിക്കും. ശേഷം ശരീരം സ്ട്രെച്ച് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാനും ശരീരം വഴക്കമുള്ളതാക്കാനും സഹായിക്കും. ഇത് പരിക്കിനുള്ള സാധ്യത കുറയ്ക്കും വ്യായാമം കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്നു.
പ്രഭാത ഭക്ഷണത്തിന് മുൻപ് 20 മിനിറ്റ് നടത്തം ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യം മികച്ചതാണ്. ഇത് കൊഴുപ്പിനെ ആഗിരണം ചെയ്യുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിനും നല്ലതാണ്. മെറ്റബോളിസത്തെ ശരിയായ ദിശയിലേക്ക് നയിക്കുകയും സ്വാഭാവിക ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പ്രഭാതനടത്തത്തിന്റെ ലക്ഷ്യം. പ്രഭാതനടത്തത്തിനിടെ സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ ഉൽപാദനത്തിനും സർക്കാഡിയൻ റിഥം നിയന്ത്രിക്കാനും സഹായിക്കും. ഇത് മെറ്റബോളിസം, ഊർജ്ജ നില, ദഹനം എന്നിവയെ പോലും പിന്തുണയ്ക്കുന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. രാവിലെ മധുര പലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിക്കാൻ കാരണമാകും. പകരം പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് തിരഞ്ഞെടുക്കുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ ഊർജ്ജം എടുക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ തരികയും ചെയ്യുന്നു. ഇത് പേശികളുടെ പരിപാലനത്തിനും മികച്ചതാണ്.
ഭക്ഷണം കഴിച്ച ഉടൻ കിടക്കുകയോ ഇരിക്കുകയോ ചെയ്യരുത്. ദഹനം മെച്ചപ്പെടുന്നതിന് 10 മുതൽ 15 മിനിറ്റ് നിൽക്കുകയും ചെറിയ തോതിൽ നടക്കുകയോ ചെയ്യാം. ലഘുവായ ചലനം പോലും പോഷകങ്ങളുടെ ആഗിരണം മികച്ചതാക്കും. തീവ്രമായ വ്യായാമങ്ങളിലൂടെയോ നിയന്ത്രണങ്ങളുള്ള ഭക്ഷണക്രമങ്ങളിലൂടെയോ ശരീരഭാരം കുറയ്ക്കേണ്ട ആവശ്യമില്ല. വലിയ മാറ്റങ്ങൾക്ക് ദിവസേന ചെയ്യുന്ന ചെറിയ ശീലങ്ങൾ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates