പേവിഷബാധയെ മുന്‍കൂട്ടി പ്രതിരോധിക്കാം, എന്താണ് റാബീസ് പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് കുത്തിവെപ്പ്?

പേവിഷബാധയ്‌ക്കെതിരായ വാക്സിൻ പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് (PrEP) ആയി സ്വീകരിച്ചവരിൽ റാബീസ് വൈറസിനെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ രൂപപ്പെടും
stray dog attack
Updated on
3 min read

ഗോളതലത്തിൽ പേവിഷ ബാധയെ തുടര്‍ന്ന മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ അതില്‍ 36 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് 22 ലക്ഷത്തോളം ആളുകൾക്ക് പട്ടികടിയേറ്റിട്ടുണ്ട്. കടിയേറ്റവരിൽ 20 ശതമാനവും 15 വയസ്സിൽ താഴെയുള്ളവരാണ്. അവരിൽ തന്നെയാണ് പകുതിയോളം പേവിഷബാധ കേസുകളും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

കഴിഞ്ഞ വർഷം കേരളത്തിൽ പട്ടികടിയേറ്റത് 3.17 ലക്ഷം പേർക്കാണ്. റാബീസ് മരണങ്ങൾ 2023 ൽ പതിനേഴും 2024 ൽ ഇരുപത്തി രണ്ടും ആയിരുന്നുവെങ്കിൽ ഇക്കൊല്ലം മെയ് അഞ്ച് വരെയുള്ള നാലുമാസം കൊണ്ടുതന്നെ അത് പതിമൂന്നായി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റാബീസ് ബാധിച്ച നായ്ക്കളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഒരു പഠനത്തിൽ, പരിശോധിച്ച നായ്ക്കളുടെ സാമ്പിളുകളിൽ 56 ശതമാനവും പേവിഷബാധ പോസിറ്റീവ് ആയിരുന്നു. വാക്സീൻ എടുത്തവരിൽപ്പോലും പേവിഷ മരണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. വാക്സിനേഷൻ കാമ്പെയ്‌നുകളിലും തെരുവുനായ നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ നൂറു ശതമാനം മരണസാധ്യതയുള്ള റാബീസ് ഒട്ടേറെ ജീവൻ നഷ്ടമാകുന്നതിന് കാരണമാകാം.

വാക്‌സീനേഷനെക്കുറിച്ചും ഇമ്മ്യുണോഗ്ലോബുലിനെക്കുറിച്ചുമൊക്കെ ചർച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ. മുൻകരുതലെന്ന രീതിയിൽ, കടിയേൽക്കുന്നതിനും മുൻപേ ചെയ്യാനുള്ള പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസിന് (PrEP) പേവിഷബാധ തടയുന്നതിൽ വളരെ പ്രാധാന്യമുണ്ട്. ഡോ. ബി ഇക്ബാൽ അദ്ധ്യക്ഷനായ സംസ്ഥാന സർക്കാരിന്റെ വാക്സീൻ ഉപദേശക സമിതി 2022 ൽ പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ് പേവിഷബാധ എൻഡെമിക് ആയ ഇടങ്ങളിൽ ഇമ്മ്യുണൈസേഷനിൽ ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശം സർക്കാരിന് നൽകിയിരുന്നുവെന്നാണ് അറിയുന്നത്.

എന്താണ് റാബീസ് പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ്

തിരിച്ചറിയപ്പെടാത്ത രീതിയിലുള്ള റാബീസ് വൈറസ് ബാധകളിലോ ചികിത്സ വൈകാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ മുൻകൂട്ടി പ്രതിരോധം നൽകാനും പോസ്റ്റ്-എക്‌സ്‌പോഷർ ചികിത്സാരീതി ലളിതമാക്കാനുമാണ് പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് നൽകുന്നത്.

ആർക്കൊക്കെ നിർബന്ധമായി നല്‍കണം

  • വെറ്ററിനറി ഡോക്ടർമാർ, വെറ്ററിനറി സ്റ്റാഫ്, ക്ലിനിക്കൽ, ഫീൽഡ് സാഹചര്യങ്ങളിൽ മൃഗങ്ങളെ പതിവായി കൈകാര്യം ചെയ്യുന്ന ജീവനക്കാർ തുടങ്ങിയവർ

  • മൃഗസംരക്ഷണ കേന്ദ്രങ്ങൾ, മൃഗശാലകൾ, രക്ഷാപ്രവർത്തന സംഘടനകൾ, വന്യജീവി പുനരധിവാസ കേന്ദ്രങ്ങൾ, പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളെ ഉൾക്കൊള്ളുന്ന ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ.

  • വന്യജീവി ഗവേഷകർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി വന്യമൃഗങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, വളർത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും പേവിഷബാധ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ.

  • പേവിഷബാധ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, രോഗം സാധാരണമായതും, പെട്ടെന്നുള്ള വൈദ്യസഹായവും പേവിഷബാധയ്‌ക്കെതിരായ മരുന്നുകളും ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ താമസിക്കാൻ ഉദ്ദേശിക്കുന്നവർ.

  • പേവിഷബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഗുഹകൾ പതിവായി സന്ദർശിക്കുന്നവർ, അവിടേക്ക് ചെല്ലുന്ന സാഹസിക വിനോദ സഞ്ചാരികൾ.

നല്‍കേണ്ടത് എങ്ങനെ

പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസിന്‍റെ രണ്ട് ഡോസാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്തെങ്കിലും നമ്മുടെ രാജ്യത്ത് മൂന്ന് ഡോസുള്ള ഇൻട്രാ ഡെർമൽ കുത്തിവയ്പ്പ് രീതിയാണ് പിന്തുടരുന്നത്.

  • ഒന്നാം ഡോസ്: ഏത് ദിവസവും എടുക്കാം

  • രണ്ടാം ഡോസ്: ആദ്യ ഡോസ് എടുത്ത് ഏഴാം ദിവസം

  • മൂന്നാം ഡോസ് : 28-ാം ദിവസം

തോളിലെ പേശിയുടെ മുകളിലുള്ള ചർമ്മത്തിലാണ് കുത്തിവയ്പ്പ് നൽകുന്നത്. തൊലിയുടെ അടിയിലേക്ക് പോവാതെ തൊലിക്കിടയിൽത്തന്നെ വേണം കുത്തി വയ്ക്കാൻ. കുത്തിവച്ചു കഴിഞ്ഞ്, ഓറഞ്ചിന്റെ തൊലി പോലെ, കുത്തി വച്ച ഭാഗം തടിച്ചു നിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ചെയ്തത് ശരിയായിട്ടല്ല എന്നു മനസ്സിലാക്കി ഇൻട്രാ ഡെർമൽ ആയിത്തന്നെ വീണ്ടും കുത്തിവെക്കണം.

കുത്തിവെയ്പ് എടുത്താൽ എന്തു സംഭവിക്കുന്നു?

പേവിഷബാധയ്‌ക്കെതിരായ വാക്സിൻ പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് (PrEP) ആയി സ്വീകരിച്ചവരിൽ റാബീസ് വൈറസിനെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ രൂപപ്പെടും. അങ്ങനെയുണ്ടാവുന്ന ആന്റിബോഡികളുടെ അളവ് രക്ത പരിശോധനയിലൂടെ മനസ്സിലാക്കാൻ പറ്റും. ഒരു മില്ലിലിറ്ററിൽ 0.5 ഇന്റർനാഷണൽ യൂണിറ്റ് (IU/mL) എന്ന ടൈറ്റർ മതിയായ ന്യൂട്രലൈസിങ് ആന്റിബോഡികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.

ബൂസ്റ്റർ ഡോസുകളും ടൈറ്റർ പരിശോധനകളും

നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മൂന്ന് ഡോസ് കുത്തിവയ്പ്പ് കഴിഞ്ഞ് ഒന്ന് മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഒരിക്കൽ മാത്രം റാബീസ് ആന്റിബോഡി ടൈറ്റർ പരിശോധിച്ചാൽ മതിയാകും. ടൈറ്റർ 0.5 IU/mL-ൽ കുറവാണെങ്കിൽ, ഒരു ബൂസ്റ്റർ ഡോസ് എടുക്കണം. അല്ലെങ്കിൽ, പ്രാഥമിക ഡോസ് കഴിഞ്ഞ് മൂന്ന് ആഴ്ചയ്ക്കും മൂന്ന് വർഷത്തിനും ഇടയിൽ ആൻ്റിബോഡി ടൈറ്റർ പരിശോധിക്കാതെ തന്നെ ഒരു ബൂസ്റ്റർ ഡോസ് നൽകാമെന്നും നിർദ്ദേശമുണ്ട്. വാക്സീന്റെ ശക്തമായ ആദ്യ പ്രതികരണം ദീർഘകാലത്തേക്ക് പ്രതിരോധം നൽകുന്നു എന്നതിനാൽ വെറ്ററിനറി ഡോക്ടർമാരും ജീവനക്കാരുമൊക്കെ മുൻപ് ചെയ്തിരുന്നതു പോലെ ഓരോ രണ്ട് വർഷത്തിലും ടൈറ്റർ പരിശോധിക്കണമെന്നില്ല.

വാക്സിൻ എടുത്ത വ്യക്തിക്ക് നായയുടെ കടിയേറ്റാൽ?

PrEP വാക്സിൻ എടുത്ത വ്യക്തിക്ക് മൂന്നു മാസത്തിനിടെ നായയുടെ കടിയേറ്റാൽ വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല. എന്നാൽ മൂന്നുമാസത്തിനു ശേഷമാണെങ്കിൽ കടിയേറ്റ ദിവസവും മൂന്നാം ദിവസവും ഉള്ള രണ്ട് ബൂസ്റ്റർ ഡോസുകൾ മാത്രമെടുത്താൽ പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ് മുഴുവനാകും. . അവരിൽ ഇതിനകം തന്നെ പ്രതിരോധശേഷി കൈവന്നിരിക്കുന്നതിനാൽ ഇമ്മ്യുണോഗ്ലോബുലിൻ ചികിത്സ ആവശ്യമായി വരില്ല.

  • ഒന്നാം ഡോസ്: കടിയേറ്റ ദിവസം

  • രണ്ടാം ഡോസ്: 3-ാം ദിവസം

പ്രാഥമിക ശുശ്രൂഷയുടെ പ്രാധാന്യം

മുൻപ് വാക്സിൻ എടുത്തോ ഇല്ലയോ എന്നത് പരിഗണിക്കാതെ, പേവിഷബാധയേൽക്കാൻ സാധ്യതയുള്ള ഏത് സാഹചര്യത്തിലും മുറിവ് ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 10-15 മിനിറ്റ് നന്നായി കഴുകണം. ലഭ്യമെങ്കിൽ ബീറ്റാഡിൻ പോലുള്ളലായനി പുരട്ടുകയും ചെയ്യാം. PrEP എടുത്ത വ്യക്തികൾ പോലും, പേവിഷബാധയേൽക്കാൻ സാധ്യതയുള്ള ഏത് സാഹചര്യത്തിലും ഉടനടി വൈദ്യസഹായം തേടണം. ഇത് ഉചിതമായ ചികിത്സ ഉറപ്പാക്കാനും, ആവശ്യമെങ്കിൽ PEP നൽകാനും സഹായിക്കും.

dr. MP Rajesh Kumar
ഡോ. എം പി രാജേഷ് കുമാർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com