
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ മാതളനാരങ്ങ ദിവസവും കഴിക്കുന്നതുകൊണ്ട് പലതുണ്ട് ഗുണങ്ങൾ. നാരുകളും വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് മാതളം. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തിനും മികച്ചതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഇതിൽ അടങ്ങിയ ആന്റിഓക്‌സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് എന്നിവയിൽ നിന്ന് സംരക്ഷിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ്, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ നീർക്കെട്ടും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സുമാണ്.
കൂടാതെ മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓർമക്കുറവുള്ളവരിൽ ഓർമ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്താന്‍ സഹായിക്കും. തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്നതിലൂടെ പക്ഷാഘാത സാധ്യതകളെയും കുറയ്‌ക്കുന്നു. മാനസികാവസ്ഥ, ഓർമശക്തി എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോട്രാൻസ്‌മിറ്ററുകളായ അസറ്റൈൽകോളിൻ, ഡോപ്പമിൻ, സെറോടോണിൻ എന്നിവയെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങയ്‌ക്ക് കഴിയും.
ദിവസവും ഒരു ബൗള്‍ മാതളനാരങ്ങയോ ഒരു ഗ്ലാസ് ജ്യൂസോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകൾക്കും അനുസരിച്ച് ഇതിൽ മാറ്റം വരുത്താം. പ്രമേഹം, രക്തസമ്മർദം, വൃക്കരോഗികളും, രക്തം നേർപ്പിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മാതളനാരങ്ങ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താന്‍ ശ്രമിക്കുക.
മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതികരിക്കാനും രക്തസമ്മർദ്ദവും പ്രമേഹവും വർധിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. കൂടാതെ ഇതിന്റെ അസിഡിക് സ്വഭാവം പല്ലുകൾക്ക് നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുർബലപ്പെടുത്തുകയും ചെയ്യാം. അതുകൊണ്ട് മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും പല്ലു തേയ്‌ക്കുന്നതും നല്ലതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ