
ലോകത്തുള്ള മിക്ക പഴങ്ങളും രുചികരവും ആരോഗ്യത്തിന് പലതരത്തിൽ ഗുണം ചെയ്യുന്നതുമാണ്. എന്നാൽ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒരു പഴമുണ്ടോ എന്ന ചോദിച്ചാൽ, ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
യുഎസിലെ വില്യം പാറ്റേഴ്‌സൺ സർവകലാശാല നടത്തിയ പഠനത്തിൽ, ആരോഗ്യ ഗുണങ്ങളിലും ഏറ്റവും മികച്ച പഴത്തെ കണ്ടെത്തി. ലോകത്തിലെ വ്യത്യസ്ത തരം പഴങ്ങളെ താരതമ്യം ചെയ്തു കൊണ്ടായിരുന്നു പഠനം. അവയുടെ പോഷകമൂല്യവും കലോറി ഉപഭോഗവും ഗവേഷകർ വിശകലനം ചെയ്തു.
വിശകലനത്തിൽ വിറ്റാമിനുകൾ, നാരുകൾ, ഫ്ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സാന്ദ്രതയിൽ നാരങ്ങ (Lemon) വേറിട്ടുനിൽക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. മറ്റ് ഏത് പഴത്തെക്കാളും ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങൾ ലഭ്യമാക്കാൻ സിട്രിക് പഴമായ നാരങ്ങയ്ക്ക് സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
100 കലോറി കൊണ്ട് 100 ശതമാനം പോഷക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്ന 41 ഭക്ഷണ ഓപ്ഷനുകളിൽ നിന്ന് നാരങ്ങ വേറിട്ടു നിന്നു. മാത്രമല്ല, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ഇരുമ്പ് ആഗിരണം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങൾ തടയാനും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ നാരങ്ങ സഹായിക്കും.
ഇതിനൊപ്പം, നാരങ്ങയ്ക്ക് ഒരു സവിശേഷ ഗുണം കൂടിയുണ്ട്. ഇതിന് അസിഡിക് സ്വഭാവമുണ്ടെങ്കിലും ഉപാപചയ പ്രക്രിയയ്ക്ക് ശേഷം ശരീരത്തിൽ ആൽക്കലൈൻ സ്വഭാവം ഉണ്ടാക്കുന്ന ഇവ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കുന്നു. നാരങ്ങ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. മാത്രമല്ല, പ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിൻ സി നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ അസിഡിക് ഗുണം ആരോഗ്യത്തിന് നല്ലതാണെന്നും ശത്രുവല്ലെന്നും ഗവേഷകർ പറയുന്നു.
ഡയറ്റിൽ നാരങ്ങ എങ്ങനെ ഉൾപ്പെടുത്താം
ദിവസവും നാരങ്ങളെ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗം നാരങ്ങ വെള്ളത്തിൽ പിഴിഞ്ഞു കുടിക്കുകയെന്നതാണ്. രാവിലെ എഴുന്നേറ്റ് ശേഷം, ചെറുചൂടുവെള്ളത്തിൽ ചെറിയൊരു കഷ്ണം നാരങ്ങ പിഴിഞ്ഞു കുടിക്കാവുന്നതാണ്. കൂടാതെ സാലഡ്, സൂപ്പ് പോലുള്ളവയിലും നാരങ്ങ നീര് ചേർത്ത് കഴിക്കാം. കട്ടൻചായയിലും നാരങ്ങ ചേർക്കുന്നവരുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ