goddess Durga  ഫയൽ
Astrology

ചൊവ്വ ഏറ്റവും ശക്തി പ്രാപിക്കുന്ന രാശി, മകരച്ചൊവ്വയ്ക്ക് ദേവിയെ ആരാധിക്കുന്നത് ഐശ്വര്യം; അറിയാം പ്രാധാന്യവും പ്രത്യേകതകളും

കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ വ്യാപകമായി ആഘോഷിച്ചുവരുന്ന ഒരു പ്രധാന അനുഷ്ഠാന വിശേഷമാണ് മകരച്ചൊവ്വ

ഡോ: പി. ബി.രാജേഷ്

കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ വ്യാപകമായി ആഘോഷിച്ചുവരുന്ന ഒരു പ്രധാന അനുഷ്ഠാന വിശേഷമാണ് മകരച്ചൊവ്വ. മകരമാസത്തില്‍ ആദ്യമായി വരുന്ന ചൊവ്വാഴ്ച, അഥവാ മുപ്പട്ടു ചൊവ്വ എന്ന പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്. ദേവീ ആരാധനയ്ക്ക് അത്യന്തം അനുയോജ്യമായ ദിനമായാണ് കേരളീയര്‍ ഈ ചൊവ്വയെ കണക്കാക്കുന്നത്.

പ്രധാനമായും ഭദ്രകാളീക്ഷേത്രങ്ങളില്‍ മകരച്ചൊവ്വ വലിയ ആഘോഷങ്ങളോടെയാണ് ആചരിക്കുന്നത്. വിശേഷാല്‍ പൂജകള്‍, കളമെഴുത്തും പാട്ടും, നവകം, ഗുരുതി, തായമ്പക, ചെണ്ടമേളം, പ്രത്യേക ദീപാലങ്കാരങ്ങള്‍, പുഷ്പാലങ്കാരങ്ങള്‍, പൂമൂടല്‍, പൊങ്കാല, ചില ക്ഷേത്രങ്ങളില്‍ ഉത്സവ സമാനമായ ചടങ്ങുകള്‍ എന്നിവ ഈ ദിനത്തിന്റെ പ്രത്യേകതകളാണ്. അന്നേ ദിവസം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ദേവീദര്‍ശനം അത്യന്തം പുണ്യമുള്ളതാണെന്നാണ് വിശ്വാസം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ ഈ ദര്‍ശനത്തിനായി എത്തിച്ചേരുന്നതും പതിവാണ്.

മകരച്ചൊവ്വയുടെ ജ്യോതിഷപരമായ പ്രാധാന്യം

ജ്യോതിഷശാസ്ത്രപരമായി ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം. അതായത്, ചൊവ്വ ഗ്രഹം ഏറ്റവും ശക്തി പ്രാപിക്കുന്ന രാശി മകരമാണെന്ന് വിശ്വസിക്കുന്നു. ചൊവ്വയ്ക്ക് ശക്തി വര്‍ധിക്കുന്ന മകര മാസത്തിലെ ആദ്യത്തെ ചൊവ്വയായതിനാല്‍ ഈ ദിവസം വിശേഷമായും ശക്തിയുള്ളതായുമാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വ ഗ്രഹം ശക്തി, ധൈര്യം, സംരക്ഷണം, രോഗനാശം എന്നിവയെ പ്രതിനിധീകരിക്കുന്നതായും അതേ സമയം ഭദ്രകാളീദേവി ശത്രുനാശിനിയും രോഗദാരിദ്ര നാശിനിയുമാകുന്നതിനാല്‍ ഈ ദിനം ഭദ്രകാളീ ആരാധനയ്ക്ക് അത്യന്തം അനുകൂലമാണെന്ന വിശ്വാസം നിലനില്‍ക്കുന്നു.

യുഗ്മരാശിയായ മകരം ദേവീശക്തിയുടെ സൗമ്യതയും രൗദ്രതയും ഒരുപോലെ പ്രകടമാകുന്ന രാശിയായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ മകരച്ചൊവ്വ ഭദ്രകാളീ പ്രീതിക്ക് പ്രത്യേക പ്രാധാന്യമുള്ള ദിനമായി പരിഗണിക്കപ്പെടുന്നു.

ജഗദീശ്വരിയായ ആദിപരാശക്തിയുടെ രൗദ്രസ്വരൂപമാണ് ഭദ്രകാളി. കേരളീയ ക്ഷേത്രസങ്കല്‍പ്പത്തില്‍ ഭദ്രകാളിയെ ശിവപുത്രിയും ദാരികനാശിനിയുമായ ദേവിയായി ആരാധിക്കുന്നു. ചില ക്ഷേത്രങ്ങളില്‍ പാര്‍വ്വതി അഥവാ ദുര്‍ഗ്ഗ തന്നെ ഭദ്രകാളിയായി സങ്കല്പിക്കപ്പെടുന്നു. പ്രാചീനകാലം മുതല്‍ തന്നെ കേരളത്തിലാകമാനം ഭദ്രകാളി ധര്‍മ്മദൈവമായ കുല ദൈവമായി രോഗനാശത്തിനായും ദാരിദ്രനിവാരണത്തിനായും കുടുംബക്ഷേമത്തിനും സന്താനസൗഖ്യത്തിനും ദേശസംരക്ഷണത്തിനുമായും ആരാധിക്കപ്പെടുന്ന മാതൃദൈവസങ്കല്പമാണ്. മകരച്ചൊവ്വ ദിനത്തില്‍ പല ക്ഷേത്രങ്ങളിലും കളമെഴുത്ത് നടത്തി ഭഗവതിയെ ആവാഹിക്കുകയും, അതിനോടൊപ്പം പാട്ടും നൃത്തവും ചേരുന്ന പരമ്പരാഗത ആടി ആരാധനകള്‍ നടത്തുകയും ചെയ്യുന്നു. നവകം, ഗുരുതി, ഉച്ച പൂജ, പ്രത്യേക അഭിഷേകങ്ങള്‍ എന്നിവയിലൂടെ ദേവിയെ പ്രീതിപ്പെടുത്തുന്ന രീതിയാണ് പതിവ്.

മകരച്ചൊവ്വയുടെ ആത്മീയ സന്ദേശം മകരച്ചൊവ്വ ഒരു ആചാരദിനം മാത്രമല്ല, ശക്തി ആരാധനയുടെയും ആത്മസംയമനത്തിന്റെയും ദിനം കൂടിയാണ്. ഭക്തന്റെ ജീവിതത്തിലെ ദുഃഖങ്ങള്‍, രോഗങ്ങള്‍, ഭയങ്ങള്‍, ശത്രുബാധകള്‍ എന്നിവ നീങ്ങി ധൈര്യവും സമൃദ്ധിയും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് ഈ ദിനത്തിന്റെ ആന്തരികത. അതിനാല്‍ തന്നെ, ഭദ്രകാളീഭക്തര്‍ക്ക് മകരച്ചൊവ്വ അത്യന്തം പ്രാധാന്യമുള്ള ഒരു ശക്തിദിനമാണ്. ഈ ദിവസം ഭക്തിപൂര്‍വ്വം ദേവിയെ ആരാധിക്കുന്നവര്‍ക്ക് കുടുംബസൗഖ്യവും ആരോഗ്യവും ഐശ്വര്യവും ലഭിക്കുമെന്ന വിശ്വാസം കേരളീയ സമൂഹത്തില്‍ ആഴത്തില്‍ നിലനില്‍ക്കുന്നു.

makara chovva day and its importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാനാവുന്നില്ല; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

പത്മകുമാര്‍ ജയിലില്‍ തുടരും; മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട വിഭവം ഉണ്ടാക്കിയാലോ?

ഷിംജിതയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, മംഗലൂരുവിലേക്ക് കടന്നതായി സൂചന; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

വയറു കമ്പിക്കലോ ​ഗ്യാസോ ഉണ്ടാകില്ല; ദഹനം ശരിയാക്കാൻ ഈന്തപ്പഴം മുതൽ തണ്ണിമത്തൻ വരെ

SCROLL FOR NEXT