കൈയില്‍ കുറച്ചു പണം വരുമ്പോള്‍ റിസ്‌ക് ഇല്ലാതെ നല്ല റിട്ടേണ്‍ ലഭിക്കുന്ന സ്‌കീമുകളില്‍ നിക്ഷേപിക്കണമെന്ന് ചിന്തിക്കുന്നവരുടെ മനസിലേക്ക് ആദ്യം ഓടി വരിക എഫ്ഡി ഇട്ടാലോ എന്നാണ്. ഇതിന് ശേഷം പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചാല്‍ എങ്ങനെയിരിക്കും എന്ന് അന്വേഷിക്കുന്നവരും നിരവധി ഉണ്ട്. ഇത്തരത്തില്‍ സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം നല്ല റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക്് നല്ല ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വെറും സുരക്ഷിതത്വം മാത്രമല്ല, ഉയര്‍ന്ന പലിശയും, നികുതി ഇളവുകളും ഇവിടെ ലഭിക്കുന്നു എന്നതാണ് പോസ്റ്റ് ഓഫീസ് സ്‌കീമുകളെ വേറിട്ട് നിര്‍ത്തുന്നത്. അതിനാല്‍ തന്നെ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ് പോസ്റ്റ് ഓഫീസ് പദ്ധതികള്‍. ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന പ്രധാന കാര്യങ്ങള്‍ നോക്കാം.
ആകര്‍ഷകമായ ഉയര്‍ന്ന പലിശ നിരക്കുകള്‍: സാധാരണ ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ (FD) ഉയര്‍ന്ന പലിശ നിരക്കാണ് പല പോസ്റ്റ് ഓഫീസ് പദ്ധതികള്‍ക്കുമുള്ളത്. സുകന്യ സമൃദ്ധി യോജന (8.2%), സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം (8.2%), നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് (7.7%), മന്ത്‌ലി സേവിങ്‌സ് സ്‌കീം (7.4%), നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് (7.7%), ടൈം ഡെപ്പോസിറ്റ് സ്‌കീം (7.5 ശതമാനം വരെ) എന്നിങ്ങനെയാണ് പലിശനിരക്കിന്റെ ഏകദേശ ചിത്രം. പലിശ നിരക്കുകള്‍ കേന്ദ്ര ധനമന്ത്രാലയം ത്രൈമാസാടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുന്നു. കോമ്പൗണ്ടിങ് ഫീച്ചര്‍ നേട്ടം വര്‍ധിപ്പിക്കുന്നു.
പൂര്‍ണ്ണമായ സര്‍ക്കാര്‍ ഗ്യാരണ്ടി: പോസ്റ്റ് ഓഫീസ് പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് പിന്‍ബലം. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസി (DICGC) വഴി 5 ലക്ഷം രൂപ വരെ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. എന്നാല്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷയുണ്ട്.
നികുതി ഇളവുകള്‍ : പിപിഎഫ് (PPF), സുകന്യ സമൃദ്ധി യോജന (SSY) തുടങ്ങിയ പദ്ധതികള്‍ 'EEE' (Exempt-Exempt-Exempt) കാറ്റഗറിയില്‍ വരുന്നു. നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന തുകയ്ക്കും പൂര്‍ണ്ണമായും നികുതി ഇളവുണ്ട്. 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്, എന്‍ എസ് സി എന്നിവയ്ക്ക് സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവുണ്ട്.
വിവിധ വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍: ബാങ്കുകളില്‍ സാധാരണ എഫ്ഡി, ആര്‍ഡി എന്നിവ മാത്രമാണുള്ളത്. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ പെണ്‍കുട്ടികള്‍ക്കായി സുകന്യ സമൃദ്ധി, മുതിര്‍ന്ന പൗരന്മാര്‍ക്കായി SCSS, മാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി എംഐഎസ്, കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായുള്ള പദ്ധതികളുണ്ട്.
ടിഡിഎസ് ഈടാക്കില്ല: ബാങ്കുകളില്‍ പലിശ വരുമാനം ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ടിഡിഎസ് ബാധകമാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളില്‍ സാധാരണയായി നേരിട്ട് ടിഡിഎസ് കുറയ്ക്കാറില്ല. പക്ഷെ നികുതി ബാധ്യതയുണ്ടെങ്കില്‍ ടിഡിഎസില്‍ കാണിക്കണം എന്നുമാത്രം.
ഗ്രാമപ്രദേശങ്ങളിലെ എളുപ്പത്തിലുള്ള ലഭ്യത: രാജ്യത്തെ വലിയ ബാങ്കുകള്‍ക്ക് പോലും ഇല്ലാത്തത്ര ശക്തമായ ശൃംഖലയാണ് ഇന്ത്യന്‍ പോസ്റ്റ് ഓഫീസിനുള്ളത്. വളരെ വിദൂരമായ ഗ്രാമങ്ങളില്‍ പോലും പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ ലഭ്യമാണ്.
കുറഞ്ഞ നിക്ഷേപവും സേവനനിരക്കും: വൈവിധ്യമാര്‍ന്ന നിക്ഷേപ പദ്ധതികള്‍ ഉണ്ടെങ്കിലും 100 രൂപ മുതല്‍ നിക്ഷേപം സാധ്യമാണ്. 500 ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. റെക്കറിങ് ഡെപ്പോസിറ്റ് 100 മുതല്‍ സാധ്യമാണ്.
വായ്പ സൗകര്യം: പിപിഎഫ് പോലുള്ള പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് വായ്പാ സൗകര്യങ്ങളും ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates