കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് അരി വില. പൊന്നിക്ക് മൂന്ന് മാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. ഇതിന് പുറമേ സവാളയ്ക്കും പഞ്ചസാരയ്ക്കും ചിലയിനം പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്.
വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 80 രൂപ കടന്നിരിക്കുകയാണ്. ഒരുമാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു അരിയിനമായ കുറുവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായാണ് കൂടിയത്. ജയ അരിയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. 42 രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിച്ചത്. ബിരിയാണി അരിയ്ക്കും വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു.
പഞ്ചസാര വിലയില്‍ അഞ്ചുരൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കിലോഗ്രാമിന് 60 രൂപയില്‍ നിന്ന് 65 രൂപയായാണ് പഞ്ചസാര വില വര്‍ധിച്ചത്. സവാള വില 70 രൂപയായാണ് കുതിച്ചത്. 55 രൂപയാണ് പഴയ വില. ഇതിനൊപ്പം ഉള്ളി വിലയും കൂടിയിട്ടുണ്ട്. ചിലയിനം പച്ചക്കറികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.
കരിച്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് ഓരോ ആഴ്ചയും വെളിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം രാജ്യത്തെ വ്യാപാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും പ്രളയമാണ് പൊന്നി അരിയുടെ വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates