ന്യൂഡല്‍ഹി: എളുപ്പം വായ്പ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ എളുപ്പം വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിയമവിരുദ്ധ ആപ്പുകള്‍ ജനങ്ങളെ കബളിപ്പിക്കുന്നത് വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഇരയാകുന്നില്ലെന്ന് ജനം ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നു. മൊബൈല്‍ ആപ്പ് വഴിയോ മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയോ വായ്പ അനുവദിക്കാമെന്ന് പറയുന്ന സ്ഥാപനങ്ങളുടെ പശ്ചാത്തലം തിരിച്ചറിയാന്‍ ശ്രമിക്കണമെന്ന് ആര്‍ബിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ ചുമത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അധികമായി ഹിഡന്‍ ചാര്‍ജും ഈടാക്കുന്നുണ്ട്. വായ്പ തിരിച്ചുപിടിക്കാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങളാണ് തേടുന്നത്. കരാര്‍ ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇടപാടുകാരുടെ മൊബൈല്‍ ഫോണുകളിലെ ഡേറ്റ ചോര്‍ത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നു.
കെവൈസി വിവരങ്ങള്‍ ആരുമായി പങ്കുവെയ്ക്കരുത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഉടന്‍ തന്നെ വായ്പ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വലയില്‍ കൂടുതലായി കുരുങ്ങിയത്. ആധാര്‍, പാന്‍ വിവരങ്ങള്‍ തുടങ്ങി തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ചാണ് ഇവര്‍ വായ്പ അനുവദിക്കുന്നത്. ഇതിനായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടും. ഫോട്ടോ ഗ്യാലറി, കോണ്‍ടാക്ട് ലിസ്റ്റ് തുടങ്ങി സ്വകാര്യ വിവരങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുമതി ചോദിച്ചാണ് തട്ടിപ്പ് നടക്കുന്നത്. വായ്പ ഉടന്‍ തന്നെ അനുവദിക്കുമെങ്കിലും ഏഴു ദിവസത്തിനകം തിരിച്ചടയ്ക്കാന്‍ നിര്‍ദേശിക്കും. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്ന വിധമാണ് ഇവരുടെ പ്രവര്‍ത്തനരീതിയെന്നും ആര്‍ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates