കാലിഫോർണിയ : ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ് സ്ഥാനമൊഴിഞ്ഞതുമുതൽ കഴിഞ്ഞ 15 വർഷക്കാലം ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ടിം കുക്ക് ഇനിമുതൽ എക്സിക്യൂട്ടീവ് ചെയർമാനാകും. പുതിയ സിഇഒ ആയി ജോൺ ടെർനസ് സെപ്റ്റംബറിൽ ചുമതലയേൽക്കും. നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വെയർ എൻജിനീയറിങ് ഹെഡ് ആണ് ടെർനസ്. സ്ഥാനമാറ്റമുണ്ടാകുന്നതുവരെ ടിം കുക്ക് സിഇഒ സ്ഥാനത്ത് തുടരും.
ടിം കുക്ക് സ്ഥാനമൊഴിയുകയാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ടായിരുന്നു. പകരക്കാരനായി ടെർനസിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആപ്പിളിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായും അവരിൽ പലരും കമ്പനിവിട്ടതോടെയാണ് ടെർനസിലേക്ക് ചുമത്തലയെത്തിയതെന്നും ആപ്പിൾ വ്യക്തമാക്കി. മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെഫ് വില്യംസ്, മുൻ മാർക്കറ്റിങ് മേധാവി ഫിൽ ഷില്ലർ, മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്ക മേസ്ട്രി എന്നിവരും സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
"ആപ്പിൾ പോലൊരു അസാധാരണകമ്പനിയുടെ സിഇഒ ആകാനും കമ്പനിയെ നയിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്റെ എല്ലാ ശക്തികൊണ്ടും ഞാൻ ആപ്പിളിനെ സ്നേഹിക്കുന്നു. ജോൺ ടെർനസിന് ഒരു എഞ്ചിനീയറുടെ മനസ്സും, ഇന്നവേറ്ററുടെ ആത്മാവും, സത്യസന്ധതയോടും ബഹുമാനത്തോടും കൂടി നയിക്കാനുള്ള ഹൃദയവുമുണ്ട്. 25 വർഷത്തിലേറെയായി അദ്ദേഹം ആപ്പിളിന് നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. ഭാവിയിൽ ആപ്പിളിനെ നയിക്കാൻ ഏറ്റവും പ്രാപ്തനായ വ്യക്തിയാണ് അദ്ദേഹമെന്നതിൽ എനിക്ക് സംശയമില്ല" : ടിം കുക്ക് പറഞ്ഞു. എക്സിക്യൂട്ടീവ് ചെയർമാൻ എന്ന പുതിയ റോളിൽ ടെർനസിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹവും ടിം കുക്ക് പങ്കുവെച്ചു.
1998 ൽ ആപ്പിളിൽ ജോയിൻ ചെയ്ത ടിം കുക്ക്, സ്റ്റീവ് ജോബ്സ് രാജിസമർപ്പിച്ച ശേഷം 2011ലാണ് ആപ്പിളിന്റെ ചുമതലയേറ്റെടുക്കുന്നത്. ആപ്പിൾ വാച്ച്, എയർപോഡുകൾ, ആപ്പിൾ വിഷൻ പ്രോ തുടങ്ങിയ പുതിയ പദ്ധതികൾക്കും ഐക്ലൗഡ്, ആപ്പിൾ പേ മുതൽ ആപ്പിൾ ടിവി, ആപ്പിൾ മ്യൂസിക് വരെയുള്ള നിരവധി ഉൽപ്പന്നങ്ങളുടെ സേവനങ്ങൾക്കും ടിം മേൽനോട്ടം വഹിച്ചു. 2011ൽ 350 ബില്യൺ ഡോളറിന്റെ വിപണി മൂല്യമുണ്ടായിരുന്ന ആപ്പിൾ കഴിഞ്ഞ പതിനഞ്ചു വർഷം കൊണ്ട് 4 ട്രില്ല്യണിലേക്കാണ് വളർന്നത്. ആയിരം ശതമാനത്തിൽ അധികമാണ് വർദ്ധനവ്. 2011 സാമ്പത്തിക വർഷത്തിൽ 108 ബില്യൺ ഡോളറായിരുന്നു വരുമാനമെങ്കിൽ 2025 സാമ്പത്തിക വർഷത്തിൽ അത് 416 ബില്യണിലധികമായി. ഇന്ന് 200ലധികം രാജ്യങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളുള്ള സ്ഥാപനമാണ് ആപ്പിൾ.
"ഭാവിയിലെ ആപ്പിളിന്റെ ദൗത്യങ്ങൾ നിറവേറ്റാനുള്ള അവസരം ലഭിച്ചതിൽ ഞാൻ കൃതജ്ഞനാണ്. മുഴുവൻ കരിയറും ആപ്പിളിൽ ചിലവഴിച്ച എനിക്ക് സ്റ്റീവ് ജോബ്‌സിന്റെ കീഴിൽ പ്രവർത്തിക്കാനും ടിം കുക്കിനെ മെന്ററായി ലഭിക്കാനുമുള്ള ഭാഗ്യമുണ്ടായി. വരും വർഷങ്ങളിലെ ആപ്പിളിന്റെ നേട്ടങ്ങളിൽ വലിയ പ്രതീക്ഷയാണുള്ളത്. ഭൂമിയിലെ ഏറ്റവും കഴിവുള്ള ആളുകളുള്ളത് ആപ്പിളിലാണ് എന്ന വസ്തുതയിൽ എനിക്ക് അഭിമാനമുണ്ട്. നമ്മളോരോരുത്തരെക്കാളും വലിയ ഒന്നിനായാണ് നമ്മൾ പ്രവർത്തിക്കുന്നതെന്നതിൽ അഭിമാനം തോന്നുന്നു" : ടെർനസ് പ്രതികരിച്ചു.
2001ൽ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈൻ ടീമിൽ ജോലിയാരംഭിച്ച ടെർണസ് 2013ലാണ് ഹാർഡ്‌വെയർ എഞ്ചിനീയറിംഗിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. ഐപാഡ്, എയർപോഡ് എന്നിവയുൾപ്പെടെ പല പുതിയ ഉൽപ്പന്നങ്ങളും ഐഫോൺ, മാക്, ആപ്പിൾ വാച്ച് എന്നിവയുടെ നിരവധി തലമുറകളും അവതരിപ്പിക്കുന്നതിൽ അദ്ദേഹം നിർണായ പങ്കുവഹിച്ചിട്ടുണ്ട്. മാക് കംപ്യൂട്ടർ പ്രോസസറുകൾ ആപ്പിൾ സിലിക്കണിലേക്ക് മാറ്റുന്നതും ടെർനസിന്റെ മേൽനോട്ടത്തിലാണ്.
സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കുന്ന ടെർനസായിരിക്കും അതെ മാസം നടക്കുന്ന ഐഫോൺ ലൗഞ്ചിൽ കീ നോട്ട് അവതരിപ്പിക്കുക. ഐഫോൺ 18 പ്രോ മോഡലുകളും ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോണും പ്രഖ്യാപിക്കുക ഇതേ ലോഞ്ചിലായിരിക്കും. ഇതോടെ ആപ്പിളിന്റെ ടെർനസ് യുഗത്തിലെ വിപ്ലവങ്ങൾ എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ടെക്‌ലോകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates