ജെഎൽഎൻ സ്റ്റേഡിയം എന്ന പേരിനൊപ്പമുള്ള ജെയിൻ ട്യൂബ്സ്  ഫോട്ടോ/ എ സനേഷ്
Business

എറണാകുളം സൗത്തിന് 52ലക്ഷം; കൊച്ചി മെട്രോ സ്‌റ്റേഷന്റെ പേര് സ്വന്തമാക്കാന്‍ മത്സരിച്ച് കമ്പനികള്‍

പ്രതിദിനം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷം പേര്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന കൊച്ചി മെട്രോയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്

കൃഷ്ണകുമാർ കെ ഇ

കൊച്ചി: പ്രതിദിനം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷം പേര്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന കൊച്ചി മെട്രോയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഇടയില്‍ കൊച്ചി മെട്രോ ഉണ്ടാക്കിയ സ്വാധീനം ഓരോ സ്‌റ്റേഷനുകള്‍ക്കും പേരിടാന്‍ കമ്പനികള്‍ മത്സരിക്കുന്നതില്‍ നിന്ന് വ്യക്തമാണ്. വാസ്തവത്തില്‍, ആലുവ-തൃപ്പൂണിത്തുറ റൂട്ടിലെ 25 മെട്രോ സ്റ്റേഷനുകളില്‍ 18 എണ്ണത്തിന്റെയും പേരിന്റെ അവകാശം കമ്പനികള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് സ്റ്റേഷനുകള്‍ ഏറ്റെടുക്കലിന്റെ വക്കിലാണ്.

കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന തൃപ്പൂണിത്തുറ ടെര്‍മിനല്‍, എറണാകുളം സൗത്ത്, എംജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളേജ്, കടവന്ത്ര എന്നിവ കോ-ബ്രാന്‍ഡിങ്ങിനായി തുറന്നിരിക്കുകയാണെന്ന് കൊച്ചി മെട്രോ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതില്‍, എറണാകുളം സൗത്തിന് പ്രതിവര്‍ഷം 52 ലക്ഷം രൂപയും എംജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളേജ് എന്നിവയ്ക്ക് 42 ലക്ഷം രൂപയും കടവന്ത്രയ്ക്ക് 37 ലക്ഷം രൂപയും തൃപ്പൂണിത്തുറ ടെര്‍മിനലിന് 30 ലക്ഷം രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഒന്നാം ഘട്ട ഇടനാഴിയിലെ എല്ലാ സ്റ്റേഷനുകള്‍ക്കും വലിയ ഡിമാന്‍ഡ് ഉണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌റ്റേഷന്റെ പേരിന് മുന്‍പില്‍ കമ്പനിയുടെ പേര് നല്‍കുന്ന കോ- ബ്രാന്‍ഡിങ്ങില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ആലുവയാണ്. ആലുവയിൽ സ്റ്റേഷനൊപ്പം പേര് ചേർക്കാനുള്ള കരാർ ലഭിച്ചത് ഫെഡറൽ ബാങ്കിനാണ്. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്ന് കോ- ബ്രാന്‍ഡിങ്ങിനായി കമ്പനികളില്‍ നിന്ന് കൂടുതല്‍ താത്പര്യം പ്രകടമാണ്. പ്രതിദിന ശരാശരി യാത്രക്കാര്‍ 90,000 കടന്നിരിക്കുന്നു. സുതാര്യമായ ടെന്‍ഡര്‍ പ്രക്രിയയിലൂടെയാണ് കോ-ബ്രാന്‍ഡിങ് റൈറ്റുകള്‍ അനുവദിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

2024 ജൂലൈ മുതല്‍ എല്ലാ മാസവും കുറഞ്ഞത് 20 ദിവസം ശരാശരി 1 ലക്ഷം യാത്രക്കാരുണ്ട്. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിച്ചു വരികയാണ്. 2020-21ല്‍ 18,552, 2021-22ല്‍ 31,229, 2022-23ല്‍ 68,168 എന്നിങ്ങനെയാണ് പ്രതിദിന ശരാശരി യാത്രക്കാര്‍. 2023-24 ല്‍ ഇത് 88,292 ആയി ഉയര്‍ന്നു. 2024-25 ല്‍ ഇത് 90,000 എന്ന നാഴികക്കല്ല് കടന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മെട്രോ സ്റ്റേഷന്റെ പേരിനൊപ്പം കമ്പനിയുടെ ( ക്ലയിന്റ്) പേര് ചേര്‍ക്കുന്ന കോ- ബ്രാന്‍ഡിങ്, സ്റ്റേഷനുകളുടെ എന്‍ട്രി/എക്‌സിറ്റ് പോയിന്റുകളില്‍ എല്‍ഇഡി സ്‌ക്രീനുകളിലും ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷനുകളിലും ദിശാ ഭൂപടങ്ങളിലും പ്രദര്‍ശിപ്പിക്കും. ലൈസന്‍സിക്ക് പരസ്യങ്ങള്‍ക്കായി അഞ്ച് സ്റ്റേഷന്‍ പില്ലറുകള്‍ നല്‍കും. അതില്‍ 10 ബോര്‍ഡുകള്‍ ഉള്‍പ്പെടുന്നു.

ട്രെയിനുകള്‍ക്കുള്ളിലെ അനൗണ്‍സ്‌മെന്റ് വഴി ഒരു ദിവസം കുറഞ്ഞത് 480 തവണയെങ്കിലും കോ-ബ്രാന്‍ഡിങ് പേരുകള്‍ ഉപയോഗിച്ച് സ്റ്റേഷനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്. ട്രെയിനുകളിലെ ഡിസ്‌പ്ലേ പാനലുകളില്‍ 20 സെക്കന്‍ഡ് വീതമുള്ള അഞ്ച് സ്ലോട്ടുകള്‍ എല്ലാ ദിവസവും ക്ലയന്റിന് പരസ്യങ്ങള്‍ക്കായി നല്‍കും. കൂടാതെ, 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 20 പരസ്യ സ്ലോട്ടുകള്‍ ദിവസവും നല്‍കുന്നുണ്ട്. അവ അതത് സ്റ്റേഷനുകളിലെ ഡിസ്‌പ്ലേ പാനലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT