സാങ്കേതിക വിദ്യയും ശാസ്ത്രവും പുതിയ തലങ്ങളിലേക്ക് മുന്നേറുമ്പോള്‍ റോബോട്ടുകള്‍ മനുഷ്യര്‍ക്കു വെല്ലുവിളി ഉയര്‍ത്തുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമിടയിലുണ്ട്. മനുഷ്യരുടെ തൊഴിലവസരങ്ങള്‍ റോബോട്ടുകള്‍ തട്ടിയെടുക്കുമോയെന്നതാണ് ആശങ്കയുടെ പ്രധാന കാരണം. എന്നാലത്തരം ആശങ്കകള്‍ മുന്നില്‍ കണ്ട് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പറയുന്നത്.
റിയല്‍ ഇന്റലിജന്‍സിനെ മറികടന്ന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ കൂടുതല്‍ ശക്തമായി ശാസ്ത്ര സാങ്കേതിക ലോകത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് മനുഷ്യരുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നത്.
എന്നാലിപ്പോള്‍ ലോക സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനം മാത്രമാണ്. നാല് ശതമാനത്തില്‍ എത്തിനില്‍ക്കേണ്ട സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനത്തില്‍ നിന്നുമുയര്‍ത്താന്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് കൂടുതല്‍ പുരോഗതിയുണ്ടാകണം. ടെക്‌നോളജിയില്‍ പുതിയ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും ഉണ്ടാകേണ്ടതുണ്ട്. തൊഴിലവസരങ്ങളെ ബാധിക്കുമെന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇതില്‍ നിന്നും പിന്നോട്ടു പോകാനാകില്ലെന്നും സത്യ നദെല്ല ചൂണ്ടിക്കാട്ടുന്നു.
എല്ലാ രാജ്യങ്ങളിലും പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ശ്രമിക്കുന്നത്. തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ലോകത്ത് തൊഴിലാളികളുടെ പ്രതിഷേധ മുന്നേറ്റങ്ങളുണ്ടാകും. തൊഴില്‍ മേഖലയിലെ വേര്‍തിരിവിന്റെ പേരില്‍ യുറോപ്പില്‍ വ്യവസായിക വിപ്ലവത്തിന് ശേഷമുണ്ടായ തൊഴിലാളി പ്രക്ഷോഭങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും മൈക്രോസോഫ്റ്റ് സിഇഒ പറയുന്നു.
തങ്ങളുടെ രാജ്യത്തിന് അനുയോജ്യമായ കുടിയേറ്റ നയം, വ്യവസായ നയം എന്നിവ രൂപീകരിക്കേണ്ടത് അവിടുത്തെ സര്‍ക്കാരുകളാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനൊപ്പം പിടിച്ചുനില്‍ക്കാനുള്ള കരുത്തും, വിദഗ്ധ പരിശീലനവും വിവിധ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം.
പഠനമുപേക്ഷിച്ചവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തുന്നു. പഞ്ചാബും, ജാര്‍ഖണ്ഡും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ മാതൃക പിന്തുടരുകയാണ്. സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണിത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കേണ്ട സമയത്താണ് ശ്രദ്ധിക്കേണ്ടത്. തങ്ങളുടെ സമൂഹത്തിന് യോജിച്ച രീതിയിലാകണം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നയങ്ങള്‍ സ്വീകരിക്കേണ്ടത്. തൊഴില്‍ സാധ്യതകളെല്ലാം മുന്നില്‍ക്കണ്ടാകണം ഇതെന്നും സത്യ നദെല്ല പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates