ന്യൂഡല്‍ഹി: വാട്ട്‌സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിയന്തര ഘട്ടത്തില്‍ വിലക്കേര്‍പ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യയ്ക്കായുള്ള അന്വേഷണത്തിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം. ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷനോടും സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷനോടും മന്ത്രാലയം സഹായം തേടിയിട്ടുണ്ട്. ഐടി ആക്ടിലെ 69 എയില്‍ നിയന്ത്രണത്തിനുള്ള വ്യവസ്ഥ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്.
ഇന്‍സ്റ്റഗ്രാമിനെയും ടെലഗ്രാമിനെയും ഇത്തരത്തില്‍ വിലക്കാനുള്ള വഴിയും മന്ത്രാലയം അന്വേഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ കഴിയുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് വാട്ട്‌സാപ്പിലും ടെലഗ്രാമിലുമുള്ളത്. അതുകൊണ്ട് തന്നെ പുറമേ നിന്നും ഇതിലെ സന്ദേശങ്ങള്‍ ചോര്‍ത്തുന്നതിന് സാധ്യമല്ലാത്തതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്. എന്നാല്‍ വിചാരിക്കുന്നത്ര എളുപ്പത്തില്‍ സമൂഹമാധ്യമങ്ങളെ തിരഞ്ഞ് പിടിച്ച് വിലക്ക് ഏര്‍പ്പെടുത്തുക പ്രാവര്‍ത്തികമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. നിലവിലെ ഐടി ആക്ടിലെ വകുപ്പില്‍ പെടുത്തി നിരോധനം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് നിയമവകുപ്പ് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
സന്ദേശങ്ങളുടെ ഉള്ളടക്കം ലഭ്യമാക്കാനുള്ള സംവിധാനം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം വാട്ട്‌സാപ്പ് അംഗീകരിച്ചിട്ടില്ലെന്നതാണ് മറ്റ് വഴികള്‍ തേടാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെയോ, പ്രതിരോധത്തെയും സുരക്ഷയെയും മറ്റ് രാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹമാധ്യമങ്ങളെ വിലക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമ വകുപ്പിനോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനോ അധികാരം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലവില്‍ ഉദ്ദേശിക്കുന്ന ഭേദഗതി.
വാട്ട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി സര്‍ക്കാര്‍ പരിഗണിച്ചത്. ഇത്തരം ആപ്പുകള്‍ വ്യാപകമായി ദൂരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആയിരുന്നു സര്‍ക്കാരിന്റെ വാദം. വ്യാജവാര്‍ത്തകള്‍ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യത്തോട് വാട്ട്‌സാപ്പ് പ്രതികരിച്ചതിലും കേന്ദ്രസര്‍ക്കാരിന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates