Stroke symptoms Meta AI Image
Health

ഇന്ത്യയിൽ സ്ട്രോക്ക് വരുന്ന ഏഴിൽ ഒരാൾ 45 വയസ്സിന് താഴെ, വില്ലൻ ഉയർന്ന രക്തസമ്മർദം?

നിയന്ത്രിച്ചില്ലെങ്കിൽ ഇത് സ്ട്രോക്ക് സാധ്യത നാല് മടങ്ങ് വരെ വർധിപ്പിക്കാം.

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് മസ്തിഷ്കാഘാതം വരുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയാണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്ട്രോക്ക് രജിസ്ട്രി വിശകനം ചെയ്തുള്ള പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌ട്രോക്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2020-നും 2022-നുമിടയിലെ ഏതാണ്ട് 35,000 മസ്തിഷ്കാഘാത കേസുകൾ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്‌ട്രോക്ക് വരുന്ന ശരാശരി പ്രായം 59.4 ആണ്. 13.8 ശതമാനം ആളുകളിൽ 45 വയസ്സിന് മുൻപ് സ്ട്രോക്ക് സംഭവിക്കുന്നു. ഇതിൽ 63.4 ശതമാനം പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മസ്തിഷ്കാഘാത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞാണ് അഞ്ചിൽ രണ്ടുപേരും ആശുപത്രിയിലെത്തുന്നതെന്നാണ് മറ്റൊരു വസ്തുത. ഇത് മരണത്തിനോ ദീർഘകാല വൈകല്യത്തിനോ കാരണമാകാമെന്നും വിദ​ഗ്ധർ പറയുന്നു.

തലച്ചോറിലേക്കുള്ള രക്തധമനികളിൽ തടസ്സമുണ്ടാവുകയോ പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. ഉയർന്ന രക്തസമ്മർദമാണ് സ്ട്രോക്കിനുള്ള പ്രധാന കാരണം. 74.5 ശതമാനം ആളുകളിലും സ്ട്രോക്ക് വരുന്നത് ഉയർന്ന രക്തസമ്മർദം കാരണമാണെന്നാണ് കണ്ടെത്തൽ. പ്രമേഹം (27.3 ശതമാനം), പുകവലി (22.6 ശതമാനം), മദ്യപാനം (20.6) എന്നിവയാണ് മറ്റ് കാരണങ്ങൾ.

ന​ഗരവൽക്കരണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, മാനസിക സമ്മർദം എന്നിവയെല്ലാം ഇന്ത്യയിലെ യുവതലമുറക്കാർക്കിടയിൽ ഉയർന്നരക്തസമ്മർദം, ഡിസ്ലിപിഡീമിയ, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഓരോ നിമിഷവും നിർണായകം

മസ്തിഷ്കാഘാതം വന്നാൽ ഓരോ നിമിഷവും നിർണായകമാണ്. അടിയന്തരചികിത്സ ലഭ്യമാക്കുകയെന്നത് വളരെ പ്രധാനമാണ്. സ്ട്രോക്ക് വന്നാലുള്ള ആദ്യ രണ്ടുമൂന്ന് മണിക്കൂറുകളെ ​ഗോൾഡൻ അവർ എന്നാണ് വിശേഷിപ്പിക്കുന്നത്. ആ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാൽ മസ്തിഷ്കാഘാതത്തിന്റെ പരിണിതഫലങ്ങൾ ലഘൂകരിക്കാൻ സാധിക്കും.

നിർഭാഗ്യവശാൽ 20 ശതമാനം ആളുകൾ മാത്രമാണ് ആദ്യ മണിക്കൂറിൽ ചികിത്സ തേടുന്നത് എന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തൽ. അതിനാൽത്തന്നെ ഭൂരിഭാഗമാളുകളും ആജീവനാന്ത വൈകല്യങ്ങളുമായി ജീവിക്കേണ്ടിവരുന്നു.‌

പക്ഷാഘാതം തിരിച്ചറിയാന്‍ F-A-S-T ടെക്നിക്

ലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലരും പക്ഷാഘാതത്തെ തിരിച്ചറിയാന്‍ വൈകിപ്പിക്കുന്നത്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാനും വേഗത്തില്‍ വൈദ്യ സഹായം തേടുന്നതിനും നാഷണൽ സ്ട്രോക്ക് അസോസിയേഷൻ ഒരു സിംപിള്‍ ടെക്നിക് അവതരിപ്പിച്ചിട്ടുണ്ട്.

F- ചിരിക്കുമ്പോള്‍ മുഖത്തിന്‍റെ ഒരു ഭാഗം തൂങ്ങുന്ന പോലെ അനുഭവപ്പെടുക.

A- രണ്ട് കൈകളും ഒരുമിച്ച് ഉയര്‍ത്തുമ്പോള്‍ ഒരു കൈ താഴ്ന്നു പോകുക.

S- സംസാരിക്കുമ്പോള്‍ വ്യക്തത കുറയുന്നു.

T- സമയം പ്രധാനമാണ്, ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കൊ മറ്റുള്ളവര്‍ക്കോ അനുഭവപ്പെടുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.

രക്തസമ്മർദം നിയന്ത്രിക്കുക

ഉയർന്ന രക്തസമ്മർദം ഒരു വലിയ ഘടകമാണ്. നിയന്ത്രിച്ചില്ലെങ്കിൽ ഇത് സ്ട്രോക്ക് സാധ്യത നാല് മടങ്ങ് വരെ വർധിപ്പിക്കാം. 120/80 ൽ താഴെ രക്തസമ്മർദം നിലനിർത്തുക എന്നതായിരിക്കണം ലക്ഷ്യം.

  • ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമിൽ കൂടരുത് (ഏകദേശം അര ടീസ്പൂൺ).

  • ബർഗറുകൾ, ചീസ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങൾ ഒഴിവാക്കുക.

  • ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം, ദിവസവും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും കഴിക്കുക.

ശരീരഭാരം കുറയ്ക്കുക

അമിതവണ്ണം സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ആക്റ്റിവിറ്റി ലെവലും നിങ്ങളുടെ ബോഡി മാസ് ഇൻഡക്സും അനുസരിച്ച് ഭക്ഷണത്തിലെ കലോറി നിയന്ത്രിക്കുക. നടത്തം, ടെന്നീസ് പോലുള്ള സ്പോർട്സ് ദിനചര്യയിൽ ഉൾപ്പെടുത്തുക. വ്യായാമം പതിവാക്കുക.

വ്യായാമം

വ്യായാമം ശരീരഭാരവും രക്തസമ്മർദവും കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനൊപ്പം വ്യായാമത്തെ സ്ട്രോക്ക് റിഡ്യൂസർ എന്ന രീതിയിലും വിദ​ഗ്ധർ വിശേഷിപ്പിക്കുന്നു. ആഴ്ചയിൽ അഞ്ച് ദിവസം വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തണം.

പ്രമേഹം

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവു കാലക്രമേണ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും, അവയ്ക്കുള്ളിൽ കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുക.

പുകവലി

പുകവലി രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ രക്തം കട്ടിയാക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

1 In 7 Stroke Patients In India Are Under 45

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടാറ്റയില്‍ വീണ്ടും അധികാര തര്‍ക്കം?, ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ; തീരുമാനം വൈകും

നിറം മാറുമ്പോൾ ​​ഗുണത്തിലും വ്യത്യാസമുണ്ട്, പ്രമേഹ രോ​ഗികൾക്ക് കഴിക്കാവുന്ന പേരയ്ക്ക ഏത്?

ചൂരല്‍മല: കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ, രാഹുലും പ്രിങ്കയും പങ്കെടുക്കും

115 മാസം കൊണ്ട് ഇരട്ടി തുക; കോടീശ്വരനാകാം, അറിയാം ഈ സ്കീം

തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

SCROLL FOR NEXT