വെള്ളക്കാർ ഇന്ത്യയിലേക്ക് കൊണ്ടു വന്ന സംസ്കാരങ്ങളിലൊന്നാണ് സോക്സ്. സോക്സ് ധരിക്കുന്നത് മുൻകാലങ്ങളിൽ ആഢ്യത്വത്തിന്റെ സൂചനയായി കണ്ടിരുന്നു. കാലം മാറിയതോടെ സോക്സ് എല്ലാവരുടെയും കാലുകളിൽ കയറിത്തുടങ്ങി. പൊടിയിൽ നിന്നും തണുപ്പിൽ നിന്നുമൊക്കെ നമ്മുടെ കാലുകളെ സംരക്ഷിക്കാൻ സോക്സ് സഹായിക്കും.
അതുപോലെ ഷൂസ് ധരിക്കുമ്പോൾ ചർമം ഉരസിപ്പൊട്ടുന്നതും ഒഴിവാക്കാൻ സോക്സ് സഹായിക്കും. നൂറ്റാണ്ടുകൾക്ക് മുന്‍പ് മൃഗങ്ങളുടെ തോൽ കാലിൽ ചുറ്റുന്നിടത്തു നിന്നു തുടങ്ങിയതാണ് സോക്സുകളുടെ ചരിത്രം. ഗ്രീക്കുകാർ തണുപ്പിൽ നിന്നു രക്ഷ നേടാൻ മൃഗങ്ങളുടെ രോമങ്ങൾ ഒരുമിച്ചു ചേർത്ത് സോക്സായി കാലിൽ ഉപയോഗിച്ചിരുന്നത്രേ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സോക്സ് അധികം നേരം ധരിക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ല.
വായു സഞ്ചാരം കുറയുന്നു
എപ്പോഴും കാലിൽ സോക്സ് ധരിക്കുന്നത് സ്വാഭാവിക വായു സഞ്ചാരത്തെ തടസപ്പെടുത്തുന്നു. കോട്ടണ്‍ പോലുള്ളവ ഒരു പരിധിവരെ വായു സഞ്ചാരം അനുവദിക്കുമെങ്കിലും ഇറുകിയവ വായു സഞ്ചാരത്തെ പൂർണമായും നിയന്ത്രിക്കുന്നു. ഇത് ചർമത്തിന് ശരിയായ രീതിയിൽ ശ്വസിക്കാതെ വരികയും പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ഫംഗസ് അണുബാധകൾ
വായുസഞ്ചാരം ഇല്ലാതെ അധികനേരം സോക്സ് ധരിക്കുന്നത് ഫംഗൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധകൾക്ക് കാരണമാകുന്നു, മഴക്കാലത്ത് പ്രത്യേകിച്ച്. മഴക്കാലത്ത് കാലാവസ്ഥ വളരെ ഈർപ്പമുള്ളതാണ്. മാത്രമല്ല, സോക്സ് എപ്പോഴും ഉണക്കിവെയ്ക്കാനും ശ്രദ്ധിക്കണം.
ദുർഗന്ധം
ദീർഘനേരം സോക്സുകൾ ധരിക്കുന്നത് കാലിൽ ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്നു. സോക്സ് ധരിക്കുമ്പോൾ ഇടവേളയെടുത്ത് കാലുകൾക്ക് അൽപനേരം വായു കൊള്ളാൻ അനുവദിക്കുക.
ചർമ സംബന്ധമായ പ്രശ്നങ്ങൾ
കാലക്രമേണ ഇത് നിരവധി ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചൊറിച്ചിൽ, ചുവപ്പ്, തിണർപ്പ്, വരണ്ട ചർമം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
കുരുക്കൾ
സോക്സുകൾ ദീർഘനേരം ധരിക്കുന്നത് ചർമത്തിൽ കുമിളകൾ അല്ലെങ്കിൽ കുരുക്കൾ ഉണ്ടാകാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ അവ ഭേദമാകുന്നതു വരെ സോക്സ് ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
സോക്സിലെ പാടുകൾ
സോക്സുകൾ വളരെ ഇറുകിയതോ ചർമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന തരത്തിലോ ആണെങ്കിൽ, അത് ചർമത്തിൽ പാടുകൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇവ രക്തയോട്ട പ്രശ്നങ്ങൾ ഉണ്ടാക്കാനോ ചർമത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാനോ കാരണമാകും.
സോക്സ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോട്ടൺ, നൈലോൺ, കമ്പിളി, അക്രലിക്, പോളിസ്റ്റർ തുടങ്ങി സിൽക്, ലിനന്‍ കൊണ്ടുവരെ സോക്സ് നിർമിക്കുന്നുണ്ട്. ഇവയിൽ കോട്ടണാണ് ഏറ്റവും ആരോഗ്യകരം. പ്രത്യേകിച്ച് ചൂടുകാലത്ത്. തണുപ്പുള്ളയിടങ്ങളിൽ കമ്പിളി കൊണ്ടുളള സോക്സുകളാണ് ഏറ്റവും നല്ലത്. ഇവ കാലുകൾ മരവിക്കാതെ ആവശ്യത്തിന് ചൂടു നൽകും.
മഴക്കാലത്തും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്. സോക്സ് ദിവസേന കഴുകി ഉണക്കണം. നനഞ്ഞ സോക്സ് ധരിക്കരുത്. ഇതു കാലിൽ പൂപ്പൽ പോലുളള പ്രശ്നങ്ങൾക്കു കാരണമാകും. വീട്ടിൽ എത്തിയാൽ സോക്സ് മാറ്റിയശേഷം കാലുകൾ ഇളംചൂടുവെളളത്തിൽ കഴുകുന്നത് നല്ലതാണ്. കാലിൽ മുറിവോ മറ്റോ ഉളളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates