ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയ കുഞ്ഞന്‍ വിത്തുകളാണ് ചിയ സീഡുകൾ. തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലും കൂടുതലായി കണ്ടു വരുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ വിത്തുകള്‍. ഇവ വെള്ളത്തിലോ യോഗർട്ടിലോ കുറഞ്ഞത് എട്ട് മണിക്കൂർ കുതിർത്ത ശേഷം വേണം കഴിക്കാൻ. ആരോഗ്യകരമായ ഒരു സിംപിൾ ബ്രേക്കഫാസ്റ്റിൽ ചിയ വിത്തുകൾ ഒഴിച്ചുകൂടാനാവാത്തവയാണ്.
ഓമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും ചിയ വിത്തുകളെ പോഷകസമൃദ്ധമാക്കുന്നു. ഇത് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ശരീരവീക്കം ഇല്ലാതാക്കാനും സഹായിക്കും. സമീപകാലത്ത് ന്യൂട്രീഷന്‍ റിവ്യൂസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അവയ്ക്ക് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
ചിയ വിത്തുകള്‍ ആരോഗ്യകരമാണെന്ന് പറയുമ്പോഴും അവയെ ചുറ്റിപ്പറ്റി ധാരാളം സംശയങ്ങളും നിലനിൽക്കുന്നു.
ദിവസവും ഡയറ്റില്‍ ഉൾപ്പെടുത്താൻ പറ്റിയ മികച്ച ഒരു ഭക്ഷണമാണ് ചിയ വിത്തുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനമനുസരിച്ച് സ്ത്രീകളും പുരുഷന്മാരും പ്രതിദിനം 25 മുതല്‍ 38 ഗ്രാം വരെ നാരുകൾ കഴിക്കണം. അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. പ്രതിദിനം 1 മുതൽ 2 ടേബിൾസ്പൂൺ (ഏകദേശം 15 മുതൽ 30 ഗ്രാം വരെ) ചിയ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്താം.
മാത്രമല്ല, ചിയ വിത്തുകൾ കഴിക്കുന്നതിനു മുമ്പ് വെള്ളത്തിലോ പാൽ, അല്ലെങ്കിൽ യോഗർട്ടിലോ കുതിർക്കുന്നത് നല്ലതാണ്, കാരണം കുതിർക്കുന്നത് ദഹനക്ഷമത മെച്ചപ്പെടുത്തുകയും ചിയ വിത്തുകൾ കുതിർക്കാതെ കഴിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ശ്വാസതടസം ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യാം.
ദഹന പ്രശ്നങ്ങൾ, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടുകൾ ഉള്ളവർ, അല്ലെങ്കിൽ ഫൈബർ ഉപയോഗം പരിമിതപ്പെടുത്തേണ്ടവർ എന്നിവർക്ക് ചിയ വിത്തുകൾ യോജിക്കണമെന്നില്ല. മാത്രമല്ല, കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ ചിയ വിത്തുകള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം വീണ്ടും കുറയാനും തലകറക്കം, ക്ഷീണം, ബോധക്ഷയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
ചിയ വിത്തുകളിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ കാൽസ്യം അടിഞ്ഞുകൂടാനും വൃക്കയിൽ കല്ലുകൾ ഉണ്ടാകാനും കാരണമാകാം. വൃക്കരോഗമുള്ളവർ പതിവായി ചിയ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കണം.
ചിയ വിത്തുകൾ ചവച്ചരച്ച് കഴിക്കേണ്ടതും പ്രധാനമാണ്. ശരിയായി ചവയ്ക്കാതെ ചിയ വിത്തുകൾ വിഴുങ്ങിയതിന് പിന്നാലെ വെള്ളം കുടിക്കുന്നത് ഇവ ജെൽ പോലെയായി മാറുകയും തൊണ്ടയിൽ കുടുങ്ങാനും സാധ്യതയുണ്ട്. ചിലപ്പോൾ മരണം വരെ സംഭവിക്കാം.
ഇതിലടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെങ്കിലും അമിതമായാൽ മലബന്ധം, വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ, ദഹനക്കേട്, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates