ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കത്തിലാണ് ലോകമെമ്പാടും. ഇതിനിടെ ഭക്ഷണക്കാര്യത്തിൽ പലപ്പോഴും കൺട്രോൾ വിടും. ഇത് നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന കൊളസ്ട്രോളിന്റെ അളവു കുതിച്ചുയരാൻ കാരണമായേക്കും. കൂടാതെ ഡിസംബർ-ജനുവരി മാസങ്ങൾ എന്നാൽ മഞ്ഞ് കാലം കൂടിയാണ്. തണുപ്പ് കൂടുന്നത് ശരീരത്തിൽ വളരെ പെട്ടെന്ന് കോളസ്ട്രോൾ, രക്തസമ്മർദം എന്നിവ കൂടാനും ഹൃദയാഘാതത്തിനും പക്ഷാഘാതക്കിനുമുള്ള സാധ്യത വർധിപ്പിക്കാനും കാരണമായേക്കും.
തണുപ്പ് കാലത്ത് കൊളസ്ട്രോൾ വരുതിയിലാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
മഞ്ഞുകാലമായാൽ സൂര്യപ്രകാശമേൽക്കാനുള്ള സാധ്യത കുറവാണ്. ഇത് വൈറ്റമിൻ ഡിയുടെ അഭാവത്തിലേക്ക് നയിക്കും. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് വൈറ്റമിൻ ഡി ശരീരത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാൻ ശ്രദ്ധിക്കണം.
സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏൽക്കുന്ന കോഴികളിൽ നിന്നുള്ള മുട്ടകളും വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ്. ഫോർട്ടിഫൈഡ് പാൽ, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവിൽ വിറ്റാമിൻ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്തുന്ന മറ്റൊരു പ്രധാന ഘടകമാണ് ഉറക്കം. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. ഇത് മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടാൻ സഹായിക്കും. നിത്യവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
വിട്ടുമാറാത്ത സമ്മർദം കൊളസ്‌ട്രോൾ നിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാം. സമ്മർദം കുറയ്ക്കുന്നതിന് മെഡിറ്റേഷൻ, വ്യായാമം തുടങ്ങിയവ ശീലിക്കുന്നത് നല്ലതാണ്. സമ്മർദം കൂടുന്നത് ശരീരത്തിൽ വീക്കം ഉണ്ടാകാനും ഇത് ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കും.
ശൈത്യകാലത്ത് പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കരുത്. സിട്രസ് പഴങ്ങൾ, ഇലക്കറികൾ, കാബേജ്, ബ്രൊക്കോളി, കാരറ്റ്, ബീൻസ്, ഉരുളകിഴങ്ങ് എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ പച്ചക്കറികളും ആപ്പിൾ, പിയർ, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ പ്രധാനമാണ്.
ഓട്‌സ്, ക്വിനോവ, ബാർലി, ബ്രൗൺ റൈസ് പോലുള്ള മുഴുവൻ ധാന്യങ്ങൾ ശീലമാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. തണുപ്പ് കാലത്തെ മികച്ചൊരു പ്രഭാതഭക്ഷണമാണ് ഓട് മീൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates