ദിവസം മുഴുവനുമുള്ള ജോലിയും തിരക്കിനും ശേഷം കുടുംബത്തോടൊപ്പം ശാന്തമായി ഇരുന്ന് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം. മാത്രമല്ല, രാത്രിയിലെ ഭക്ഷണശീലങ്ങൾ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുമുണ്ട്. ചെറിയ ചില അബദ്ധങ്ങൾ പോലും ശരീരഭാരം വർധിക്കാനും ദഹനപ്രശ്നങ്ങൾക്കും ഉറക്കക്കുറവിനും കാരണമാകാം.
വൈകി അത്താഴം കഴിക്കുന്നത്
രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. കഴിക്കുന്ന ഭക്ഷണം പൂർണമായും ദഹിക്കാതെ കിടക്കുമ്പോൾ അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിവ ഉണ്ടാക്കും. വൈകുന്നേരം ഏഴ് മുതൽ 8.30 മുൻപായി അത്താഴം പൂർത്തിയാക്കാൻ ശ്രമിക്കുന്നതാണ് ആരോഗ്യത്തിന് മികച്ചത്.
അമിതമായി ഭക്ഷണം കഴിക്കുക
അത്താഴം ലഘുവായിരിക്കാൻ ശ്രമിക്കുക. രാത്രി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ അധിക കലോറി ശേഖരിക്കപ്പെടാൻ കാരണമാകുന്നു. ഇത് ശരീരഭാരം ഉയരാനും ഉറക്കക്കുറവിനും കൊളസ്ട്രോൾ ഉയരുന്നതിലേക്കും നയിക്കുന്നു.
ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ
അത്താഴത്തിന് ചിക്കൻ ഫ്രൈ, പൊറോട്ട, ബീഫ് ഫ്രൈ, ചിപ്സ് പോലുള്ളവ എണ്ണ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹിക്കാൻ ബുദ്ധിമുട്ടായിരിക്കും.
രാത്രി അമിതമായി ചോറ്
രാത്രിയിലും ചോറു കഴിക്കുന്ന ധാരാളം ആളുകളുണ്ട്. ചോറ് പ്രശ്നക്കാരനല്ലെങ്കിലും വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാൻ ഇടയാക്കും. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. അതുപോലെ വെള്ളരിക്ക് പകരം ബ്രൗൺ റൈസ് അല്ലെങ്കിൽ മില്ലറ്റ് ഉൾപ്പെടുത്തുക.
അത്താഴത്തിന് പിന്നാലെ കിടക്കുക
അത്താഴം കഴിച്ച പിന്നാലെ ഉറങ്ങുന്നത് അസിഡിറ്റിക്കും ദഹനക്കുറവിനും കാരണമായേക്കാം. കിടക്കകുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം പൂർത്തിയാക്കണം.
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുക
മൊബൈൽ അല്ലെങ്കിൽ ടിവിയിൽ ശ്രദ്ധിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ദഹനപ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും.
പ്രോട്ടീൻ കുറവുള്ള അത്താഴം
കാർബോഹൈഡ്രേറ്റ് മാത്രം ഉള്ള ഭക്ഷണം രാത്രി വിശപ്പ് വേഗം തിരികെ വരാൻ കാരണമാകും. അത്താഴത്തിന് മുട്ട, പയറ്, മീൻ, പനീർ പോലുള്ളത് ചേർക്കാം.
അത്താഴത്തിന് പിന്നാലെ പഴങ്ങൾ
അത്താഴത്തിന് പിന്നാലെ പഴങ്ങൾ കഴിക്കുന്ന ശീലം ധാരാളം പേർക്കുണ്ട്. ഇത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് കരുതുന്നത്. എന്നാൽ ചിലർക്ക് ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഭക്ഷണത്തിന് 30-45 മിനിറ്റ് മുൻപോ ശേഷമോ പഴങ്ങൾ കഴിക്കുന്നതാണ് അഭികാമ്യം.
രാത്രി കഫീൻ ഉപയോഗം
രാത്രി കാപ്പി, ചായ പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കാം. അതുപോലെ സലാഡ്, സൂപ്പ്, ഡ്രൈ ഫ്രൂട്സ് എന്നിവ ആരോഗ്യകരമാണെന്ന് കരുതി അമിതമാകരുത്. ഇത് കലോറി കൂടാൻ കാരണമാകും.
അത്താഴം ഒഴിവാക്കുക
ശരീരഭാരം കുറയ്ക്കുന്നതിന് പലരും അത്താഴം മുടക്കാറുണ്ട്. ഇത് ശരിയായ പ്രവണതയല്ല. ഇത് രാത്രി വിശപ്പു കൂടാനും അമിതമായി ഭക്ഷണം കഴിക്കാനും മെറ്റബോളിസ് കുറയാനും കാരണമാകും.
രാത്രി കഴിക്കുന്ന ഭക്ഷണം വിശപ്പ് മാറ്റാൻ വേണ്ടി മാത്രമല്ല. അത് നമ്മുടെ ഉറക്കം, ദഹനം, ഹോർമോൺ ബാലൻസ്, ശരീരഭാരം, ദീർഘകാല ആരോഗ്യം എന്നിവയെല്ലാം സ്വാധീനിക്കുന്നതാണ്. അതുകൊണ്ട് എന്ത് കഴിക്കുന്നുവെന്നതു പോലെ തന്നെ പ്രധാനമാണ് എങ്ങനെ എപ്പോൾ കഴിക്കുന്നുവെന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates