പ്രതീകാത്മക ചിത്രം 
Health

ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിനു കാരണം കോവിഡ് വാക്‌സിനോ?; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

സ്ട്രാസെനക വാക്‌സിന്‍ എടുത്തവര്‍ക്കു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാമെന്നു കമ്പനി ബ്രിട്ടിഷ് കോടതിയില്‍ സമ്മതിച്ചെന്ന വാര്‍ത്ത വലിയ ചര്‍ച്ചയാണ് സമീപ ദിവസങ്ങളില്‍ ഉയര്‍ത്തിവിട്ടത്. നേരത്തെ തന്നെ നടന്നിരുന്നു വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അതു ശക്തി കൂട്ടി. കോവിഡ് അനന്തര കാലത്ത് വര്‍ധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളുമായി ഇതിനെ ചേര്‍ത്തുവയ്ക്കാനും ശ്രമമുണ്ടായി. കോവിഡ് വാക്‌സിന്റെ അനന്തര ഫലമാണോ ഈ ഹൃദയാഘാതങ്ങള്‍? ഇതിനൊരു വിശദീകരണം നല്‍കുകയാണ്, നൗഷാദ് സികെ ഈ കുറിപ്പില്‍. നൗഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പു വായിക്കാം:

അടുത്തിടെയായി ഹൃദയാഘാത വാര്‍ത്തകൾ നമ്മുടെ ഉറക്കം കെടുത്തുകയാണ്. മരിക്കുന്നതിൽ നല്ലൊരു പങ്കും ചെറുപ്പക്കാരുമാണ്. വർദ്ധിച്ചു വരുന്ന ഈ ഹാർട്ട് അറ്റാക്കുകളുടെ വാർത്തകൾ കേട്ട് ഭയന്നിരിക്കുകയാണ് പൊതുജനം, വിശിഷ്യാ പ്രവാസികൾ.

കോവിഡ് വാക്സിന്റെ അനന്തരഫലമാണോ ഈ ഹൃദയാഘാതങ്ങൾ? മിക്കവരുടെയും സംശയങ്ങൾ അതാണ്. വാക്സിനെടുത്ത ഞാനും ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു പോവുമോ?. കൂടി വരുന്ന ഹൃദയാഘാതങ്ങളും കോവിഡുരോഗവുമായി വല്ല ബന്ധവുമുണ്ടോ? സംശയങ്ങൾ അനേകമുണ്ട്.

കോവിഡാനന്തര ലോകത്ത് ഹൃദയാഘാതവും, സ്ട്രോക്കും പലമടങ്ങ് വർദ്ധിച്ചുവെന്നത് യഥാര്‍ത്ഥ്യമാണ്. അതിൽ തന്നെ ഇരുപത്തിയഞ്ചു മുതൽ നാൽപ്പത്തിനാലു വയസ്സുവരെ പ്രായമുള്ളവരിൽ മുൻകാലങ്ങളിൽ ഇല്ലാത്തവിധം ഹൃദയാഘാതങ്ങളുടെ നിരക്ക് കൂടിയിട്ടുമുണ്ട്.

എന്നാൽ ഈ വർദ്ധനയുടെ കാരണം കോവിഡ് വാക്സിനേഷനല്ല. മറിച്ച് കോവിഡ് രോഗബാധയാണ്. കോവിഡ് രോഗം പിടിപെട്ട് സുഖം പ്രാപിച്ചവരിൽ പ്രായഭേദമന്യേ ഹാർട്ട് ആറ്റാക്കുകളും, സ്ട്രോക്കുകളും സംഭവിക്കാം. പോസ്റ്റ് കോവിഡ് കണ്ടീഷൻ അഥവാ ലോംഗ് കോവിഡ് അവസ്ഥകളാണ് ഈ വർദ്ധിച്ച ഹൃദ്രോഗ മരണങ്ങളുടെ പ്രധാന കാരണം. കോവിഡ് വന്ന് ഭേദപ്പെട്ടവരിൽ കണ്ടു വരുന്ന രോഗാവസ്ഥകളെയാണ് പോസ്റ്റ് കോവിഡ് അല്ലെങ്കിൽ ലോംഗ് കോവിഡ് കണ്ടീഷൻ (കോവിഡാനന്തരാവസ്ഥ) എന്ന് വിളിക്കുന്നത്. പോസ്റ്റ് കോവിഡ് രോഗങ്ങളിൽ മുഖ്യമാണ് ഹൃദയാഘാതം, സ്ട്രോക്ക് മുതലായ ജീവിതശൈലീ രോഗങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുമ്പു തന്നെ പ്രമേഹം, പ്രഷർ, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളാൽ പ്രയാസപ്പെട്ടിരുന്നവരാണ് കോവിഡാനന്തര ഹൃദയാഘാതവും സ്ട്രോക്കും വന്ന് മരണപ്പെടുന്നവരിൽ ഭൂരിപക്ഷവും. എന്നാൽ മുമ്പ് യാതൊരുവിധ രോഗവും ഇല്ലാതിരുന്നവരും ഇത്തരത്തിൽ മരണപ്പെടുന്നുണ്ട്. കോവിഡിനു മുമ്പും പൊടുന്നനെ ഹൃദയാഘാതം വന്ന് കുറെ ആളുകൾ മരിച്ചിരുന്നു. കോവിഡിനുശേഷം അത്തരം മരണങ്ങളും കോവിഡാനന്തര മരണങ്ങളുടെ ഗണത്തിൽ വരികയും ചെയ്തു.

കോവിഡ് രോഗബാധ ശരീരത്തിലുണ്ടാക്കുന്ന ഇൻഫ്ലമേഷനുകൾ അഥവാ നീർക്കെട്ട്, കോവിഡ് രോഗത്തിന്റെ ഫലമായി ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതു വഴി രക്തധമനികളിൽ രൂപപ്പെടുന്ന ബ്ലോക്ക്, കോവിഡ്-19 വൈറസ് ഹൃദയ-രക്തധമനീ പേശികളിൽ നേരിട്ടു പ്രവര്‍ത്തിക്കുന്നത് വഴിയുണ്ടാവുന്ന പലതരം റിയാക്ഷനുകൾ എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാവാം. ഒപ്പം കോവിഡു കാലത്തു നേരിടേണ്ടിവന്ന പലതരം മാനസിക സമ്മർദ്ദങ്ങളും ഉദാസീനമായ ജീവിത രീതികളും വഴി കൂടുതൽ പേർ ജീവിതശൈലീ രോഗബാധിതരായതും ഹൃദയാഘാതങ്ങളുടെ തോത് വർദ്ധിച്ചതിന് കാരണമാവാം.

എന്താണിതിന്റെ സൊല്യൂഷൻ? സോല്യൂഷൻ സിമ്പിളാണ്. ആദ്യമേ അറിയാം, ഭയമല്ല ഒന്നിനും പരിഹാരം. അനാവശ്യ ഭയം, മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാനും ഹൃദയാഘാത സാധ്യത വീണ്ടും കൂട്ടാനുമേ ഉപകരിക്കൂ. പകരം ചെയ്യേണ്ടത്, ഹൃദ്രോഗമോ മറ്റു ജീവിതശൈലീ രോഗങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ്. ഇനി അഥവാ ഉണ്ടെന്നാണെങ്കിൽ, ഹൃദയതാളം എന്നന്നേക്കുമായി നിലച്ചു പോവുന്നതിനു മുമ്പ് തന്നെ ഇടപെട്ട് ചികിത്സിച്ച് ഭേദമാക്കുകയും വേണം.

ഹൃദ്രോഗവും ജീവിതശൈലീ രോഗങ്ങളും കണ്ടുപിടിക്കാൻ പലതരം രക്തപരിശോധനകൾ വഴി എളുപ്പത്തിൽ കഴിയും. ഇസിജി, എക്കോകാർഡിയോഗ്രാം, പലതരം സ്കാനിംഗുകൾ എന്നിവ വഴിയും നമ്മുടെ ഹൃദയാരോഗ്യം വിലയിരുത്താം. ഒന്നുകിൽ പരിശോധനകൾ ആദ്യം നടത്തി, ആവശ്യമെങ്കിൽ ഒരു ഹൃദ്രോഗ വിദഗ്ദനെ കണ്ട് ചികിത്സ തേടുക. അതല്ലെങ്കിൽ ഹൃദ്രോഗ വിദഗ്ധനെ ആദ്യം കണ്ട് അദ്ധേഹത്തിന്റെ നിർദ്ദേശപ്രകാരം പരിശോധനകൾ നടത്തിയ ശേഷം ചികിത്സ തേടുക. രണ്ടായാലും ഫലം ഒന്നാണ്.

മേൽ പറഞ്ഞ സമസ്യകളുടെ അവസാനം ലഭിക്കുന്ന ഉത്തരം, നിങ്ങളൊരു ജീവിത ശൈലി രോഗബാധിതനാണ് എന്നാണെങ്കിൽ, ഫലപ്രദമായ ചികിത്സകൾ വഴി, ഹൃദയാഘാതത്തിൽ നിന്നും രക്ഷപ്പെടാം. അതല്ല, ഉത്തരം മറിച്ചാണെങ്കിൽ, ഭക്ഷണം, വ്യായാമം, ഉറക്കം, സ്ട്രസ്സ് എന്നിവ തുടർന്നങ്ങോട്ടും ക്രമപ്പെടുത്തി, വിദൂര ഭാവിയിൽ വരാനിരിക്കുന്ന ഹൃദയാഘാത സാധ്യതകളെപ്പോലും പ്രതിരോധിക്കാം.

പറഞ്ഞതെല്ലാം ശരി. അപ്പോൾ ഈ വാക്സിൻ എടുത്തവരുടെ രക്തം കട്ടപിടിക്കാമെന്ന് അത് നിർമ്മിച്ചവർ തന്നെ സമ്മതിച്ചല്ലോ?

മനസ്സിലാക്കുക, അതൊരു പുതിയ സമ്മതിക്കലല്ല. വാക്സിൻ പുറത്തിറക്കിയ ഒന്നാം തിയ്യതി തന്നെ വാക്സിനോടൊപ്പമുള്ള ലിറ്ററേച്ചറിൽ പറഞ്ഞിരുന്ന കാര്യം തന്നെയാണത്. അതായത് ആസ്ട്ര സെനിക്ക വാക്സിനെടുത്ത ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെയുള്ള ആളുകളിൽ ഒരാൾക്കും, ജോൺസൻ ആന്റ് ജോൺസൻ വാക്സിനെടുത്ത പത്തുലക്ഷം പേരിൽ മൂന്നു മുതൽ ഏഴു വരെയുള്ള ആളുകൾക്കും ഇത്തരം ചില പ്രശ്നങ്ങൾ ഉണ്ടാവാം എന്നതാണത്. ഈ പാർശ്വഫലങ്ങളാവട്ടെ, കുത്തിവെപ്പെടുത്ത് ഇരുപതു ദിവസത്തിനകം സംഭവിക്കുന്നവയുമാണ്.

അതായത് ഇന്തോനേഷ്യയിൽ പണ്ടൊരിക്കൽ ഒരു വിമാനം തകര്‍ന്നു വീണു എന്ന കാരണത്താൽ, ഇനിയും ലോകത്തെവിടെ വേണമെങ്കിലും വിമാനാപകടം സംഭവിക്കാം എന്ന ഒറ്റപ്പെട്ട സാധ്യതയുടെ പേരിൽ, ഓരോ ദിവസവും കോടിക്കണക്കിനാളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വിമാനങ്ങളിൽ കയറാൻ നമ്മൾ ഭയപ്പെടാത്തതു പോലെ, കോടിക്കണക്കിനു മനുഷ്യരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ഈ വാക്സിനെയും ഭയപ്പെടാൻ ഇപ്പോൾ മതിയായ കാരണങ്ങളൊന്നുമില്ലെന്നർത്ഥം. കാരണം രണ്ടിടത്തും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരേ സയൻസാണ്. ഒന്ന് എയറോനോട്ടിക്കൽ സയൻസ്, മറ്റേത് മെഡിക്കൽ സയൻസ്, അത്രേ ഉള്ളൂ വ്യത്യാസം. രണ്ടും എവിഡൻസ് ബെയ്സ്ഡ് സയൻസ് തന്നെ.

അവസാനമായി, ദോഷൈകദൃക്കുകൾക്കും, ഗൂഢാലോചന സിദ്ധാന്തക്കാർക്കും മന:സമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി പറഞ്ഞവസാനിപ്പിക്കാം. അഥവാ, ഈ ഹൃദയാഘാതങ്ങൾ വാക്സിനേഷന്റെ ഫലമായാണെങ്കിൽ തന്നെയും രോഗനിർണ്ണയവും ചികിത്സയും, രണ്ടു കേസിലും ഒരേപോലെയാണ്. അതിനാൽ വാക്സിനെ പ്രതിസ്ഥാനത്ത് നിറുത്തി, ചികിത്സ തേടാതിരിക്കുന്നതിൽ യുക്തിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം

SCROLL FOR NEXT