yellow teeth causes Pinterest
Health

നിങ്ങളുടെ പല്ലുകൾക്ക് മഞ്ഞനിറം ഉണ്ടാകാനുള്ള നാല് കാരണങ്ങൾ, എങ്ങനെ ഒഴിവാക്കാം?

ചിലരിൽ ജന്മനാ ഇനാമൽ താരതമ്യേന നേർത്തതായിരിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഞ്ഞപ്പല്ലുകൾ ആർക്കും ഇഷ്ടമല്ല. അവ നമ്മുടെ പുഞ്ചിരി മായിക്കാം, ആത്മവിശ്വാസത്തെ വരെ തകർക്കാം. പാൽപുഞ്ചിരി വിടർത്തി നിൽക്കുന്ന പല്ലുകൾ, എന്നതാണ് നമ്മുടെയൊക്കെ ആഗ്രഹം. എന്തുകൊണ്ടാണ് എൻ്റെ പല്ലുകൾക്ക് മഞ്ഞനിറം എന്നാണ് നിങ്ങളുടെ വ്യാകുലതയെങ്കിൽ അതിന് പിന്നൽ പല കാരണങ്ങൾ ഉണ്ട്. ചിലത് ജീവിതശൈലി മൂലമാണെങ്കിൽ മറ്റുള്ളവ ഒഴിവാക്കാൻ കഴിയാത്തതാണ്. മഞ്ഞപ്പല്ലുകൾക്ക് കാരണമെന്താണെന്ന് പരിശോധിക്കാം.

ജനിതക ഘടകം

ചിലരിൽ ജന്മനാ ഇനാമൽ താരതമ്യേന നേർത്തതായിരിക്കാം. ഇനാമലിന് താഴെയുള്ള മഞ്ഞനിറമുള്ള ഡെന്റിൻ കൂടുതൽ ദൃശ്യമാകുന്നതിനാൽ പല്ലുകൾ മഞ്ഞ നിറം തോന്നിക്കാം. അപൂർവമായി, ചില പാരമ്പര്യ അവസ്ഥകൾ ഇനാമലിന്റെയോ ഡെന്റിന്റെയോ രൂപീകരണത്തെ ബാധിച്ച് പല്ലുകൾക്ക് അസാധാരണമായ നിറം നൽകാം.

ജനിതകമായി സ്വാഭാവികമായി മഞ്ഞനിറമുള്ള പല്ലുകൾ ഉണ്ടെങ്കിൽ, അമിതമായി ബ്രഷ് ചെയ്തോ പൊടിക്കൈകൾ ഉപയോഗിച്ചോ അവയെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് ഇനാമലിന് കേടുവരുത്താം.

പ്രായം

പ്രായം കൂടുമ്പോൾ പല്ലിൻ്റെ പുറംപാളിയായ ഇനാമൽ സ്വാഭാവികമായി കുറച്ച് നേർത്തതാകാം. അതോടെ ഇനാമലിന് താഴെയുള്ള ഡെന്റിൻ കൂടുതൽ ദൃശ്യമാകും. ഡെന്റിൻ സ്വാഭാവികമായും ഇനാമലിനേക്കാൾ മഞ്ഞനിറമുള്ളതാണ്. അതുകൊണ്ട് പല്ലുകൾ വൃത്തിയായി സൂക്ഷിച്ചാലും പ്രായം കൂടുന്നതിനനുസരിച്ച് പല്ലുകൾക്ക് നേരിയ മഞ്ഞനിറം കാണപ്പെടാം.

പ്രായമാകൽ പ്രക്രിയയെ തടയാനാകില്ല. എന്നാൽ ശരിയായ ഓറൽ കെയർ ചെയ്യുന്നതിലൂടെ പല്ലുകളുടെ ആരോഗ്യവും സ്വാഭാവിക നിറവും പരമാവധി സംരക്ഷിക്കാനാകും.

ഭക്ഷണങ്ങളിൽ നിന്നുള്ള കറ

ഭക്ഷണമോ പാനീയങ്ങളോ നമ്മുടെ വസ്ത്രങ്ങളിൽ കറ ഉണ്ടാക്കുന്നതു പോലെ പല്ലുകളിലും ചില ഭക്ഷണവും പാനീയങ്ങളും കറകൾ ഉണ്ടാക്കാം, പ്രത്യേകിച്ച് ചായ, കാപ്പി, കോള, റെഡ് വൈൻ, സോയ സോസ്, തക്കാളി കെച്ചപ്പ്, ഡാർക്ക് ചോക്ലേറ്റ് പോലുള്ള ഭക്ഷണങ്ങൾ. ഇവയുടെ പതിവ് ഉപയോഗം ഇവയിൽ അടങ്ങിയ സംയുക്തങ്ങൾ പല്ലിന്റെ പുറംപാളിയായ ഇനാമലിൽ ഒട്ടിപ്പിടിക്കാനും പതുക്കെ പാടുകൾ രൂപപ്പെടാനും കാരണമാകും.

ചായ, കാപ്പി പോലുള്ള പാനീയങ്ങൾ പൂർണമായും ഒഴിവാക്കിയില്ലെങ്കിലും പരിമിതപ്പെടുത്താവുന്നതാണ്. കോള, ജ്യൂസ് പോലെ മധുരപാനീയങ്ങൾ കുടിക്കുമ്പോൾ ഒരു സ്ട്രോ ഉപയോഗിക്കുന്നത് പല്ലുകൾ നിരന്തരം ഇത്തരം മധുരപാനീയങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് തടയാം. അതുപോലെ ഭക്ഷണമോ പാനീയങ്ങളോ കുടിച്ച ശേഷം വായ കഴുകുക. ഇത് പല്ലുകൾ സംരക്ഷിക്കാൻ സഹായകരമാണ്.

ആൻറിബയോട്ടിക്കുകൾ

കുട്ടിക്കാലത്ത് ആൻ്റിബയോട്ടിക്കുകൾ ധാരാളം കഴിച്ചിട്ടുണ്ടെങ്കിൽ പല്ലുകൾക്ക് സ്ഥിരമായ മഞ്ഞനിറം ഉണ്ടാകുന്നതിലേക്ക് നയിക്കാം, പ്രത്യേകിച്ച് വായിലൂടെ കഴിക്കുന്ന ആൻറിബയോട്ടിക് ആയ ടെട്രാസൈക്ലിൻ, മുതിർന്ന പല്ലുകൾ രൂപപ്പെടുന്ന സമയത്ത് കാൽസ്യം അടിഞ്ഞുകൂടുന്നതിനെ ബാധിച്ചേക്കാം.

പല്ലുകൾ തേക്കുമ്പോൾ

ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കാതിരിക്കുക, വളരെ വേഗത്തിൽ പല്ല് തേക്കുക, പല്ലിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകും. പ്ലാക്ക് കാലക്രമേണ കട്ടിയുള്ള ടാർട്ടറായി മാറാം. ഇത് പല്ലുകളിൽ മഞ്ഞനിറമോ തവിട്ടുനിറമോ ഉള്ള പാളിയായി കാണപ്പെടാം.

ഇതൊഴിവാക്കാൻ

  • ദിവസത്തിൽ രണ്ടുതവണ, ഏകദേശം രണ്ട് മിനിറ്റ് വീതം പല്ല് തേക്കുക.

  • ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുക.

  • പല്ലിൽ ടാർട്ടർ ഇതിനകം അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ വീട്ടിൽ ശക്തമായി ഉരച്ച് നീക്കം ചെയ്യാൻ ശ്രമിക്കരുത്. ഡെന്റൽ ക്ലീനിങ് ചെയ്യാം.

'വൈറ്റനിങ് ട്രെൻഡ്'

സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെൻഡ് ആണ് 'ഇൻസ്റ്റൻ്റ് ടൂത്ത് വൈറ്റനിങ്', അതായത് നാരങ്ങ, ബേക്കിങ് സോഡ, ഉപ്പ്, ചാർക്കോൾ തുടങ്ങിയവ ഉപയോഗിച്ച് പല്ലുകൾ ഉടനടി വെളുപ്പിക്കാമെന്നാണ് അവകാശവാദം. എന്നാൽ ഇത്തരം അപൂർണ്ണവും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ പരീക്ഷണങ്ങൾ നിങ്ങളുടെ പല്ലുകളുടെ ആയുസ്സ് എന്നന്നേക്കുമായി ഇല്ലാതാക്കും.

അസിഡിക് സ്വഭാവമുള്ള വസ്തുക്കൾ പതിവായി പല്ലിൽ ഉപയോഗിക്കുന്നത് ഇനാമലിനെ ദോഷകരമായി ബാധിക്കാം. അതുപോലെ, വളരെ ഉരസുന്ന തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് ഇനാമലിന് തേയ്മാനം ഉണ്ടാക്കാനും പല്ലിന്റെ സെൻസിറ്റിവിറ്റി വർധിപ്പിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് പല്ലുകൾ വെളുപ്പിക്കാനുള്ള ഉൽപ്പന്നങ്ങളോ ചികിത്സകളോ ഉപയോഗിക്കുന്നതിന് മുമ്പ് ദന്തഡോക്ടറുടെ നിർദേശം തേടുന്നതാണ് സുരക്ഷിതം.

മഞ്ഞപ്പല്ലുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രാവിലെയും രാത്രിയും പല്ല് തേക്കുക: ഫ്ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക.

  • ചായയും കാപ്പിയും നിയന്ത്രിക്കുക: അമിതമായ ഉപയോഗം കുറയ്ക്കുക. കുടിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക.

  • പുകവലി ഒഴിവാക്കുക: പല്ലിന്റെ നിറത്തിനൊപ്പം മോണകളുടെയും വായയുടെയും ആരോഗ്യത്തിനും ഇത് പ്രധാനമാണ്.

  • പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക: പല്ലുകളിൽ പ്ലാക്ക് രൂപപ്പെടുന്നതിനും ദന്തക്ഷയത്തിനും സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.

  • വെള്ളം ധാരാളം കുടിക്കുക: ഭക്ഷണത്തിനും പാനീയങ്ങൾക്കും ശേഷം വെള്ളം കുടിക്കുകയോ വായ കഴുകുകയോ ചെയ്യുന്നത് വായിൽ അവശേഷിക്കുന്ന ചില ഘടകങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

  • ദന്തഡോക്ടറെ കാണുക: പല്ലുകളിൽ സ്ഥിരമായി കറ, ടാർട്ടർ, ദുർഗന്ധം, മോണയിൽ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തുക.

Four Causes for Yellow Teeth and How to Avoid Them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൻഎച്ച്എഐ അനുമതിയുണ്ടായിട്ടും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; തടസമായി ഹൈക്കോടതി ഉത്തരവ്

ആ ഫോൺ കോൾ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഞാനും ഉണ്ടാകില്ലായിരുന്നു; നേപ്പാൾ പ്രളയക്കെടുതിയിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

'കമ്മീഷണര്‍ സ്ഥലത്തുണ്ട്, സൂക്ഷിക്കണം'; ഇടനിലക്കാരന് വാട്‌സ് ആപ്പ് കോള്‍; എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിയില്‍ പ്രത്യേക അന്വേഷണ സംഘം

'നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ ?'; റോജിനോട് ജയസൂര്യ, കമന്റുമായി ആരാധകർ

അനാവശ്യമായി സ്വര്‍ണം വാങ്ങിക്കൂട്ടരുത്; സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം-വിഡിയോ