കേപ് വെർഡെ ദ്വീപുകളിൽ കുടുങ്ങിയ ക്രൂസ് കപ്പലിൽ ഹാന്റാവൈറസ്ബാധ വ്യാപനമെന്ന് സംശയം. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. നാല് പേർ ജോഹന്നാസ്‌ബർഗിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിദഗ്ധ പരിശോധനയിലാണ് ഹാന്റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. രണ്ട് പേർക്ക് ഹാന്റാവൈറസ്ബാധ ആയിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബാക്കിയുള്ളവരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്ലാൻ്റിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെയുടെ തലസ്ഥാനമായ പ്രയ തീരത്താണ് കപ്പൽ ഉണ്ടായിരുന്നത്. കപ്പലിൽ ബ്രിട്ടൺ, അമേരിക്ക, സ്പേയിൻ എന്നിവിടങ്ങളിൽ നിന്നായി 150 യാത്രക്കാരുണ്ട്.
ഹാൻ്റാ വൈറസ് എന്നത് ഒരു മാരകമായ വൈറസ് ബാധയാണ്. എലികൾ, വവ്വാൽ പോലുള്ളവയിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഇവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പർശിക്കുകയോ, അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്താൽ രോഗം പകരാം.
വൈറസ് ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് പ്രധാനമായും ബാധിക്കുക. ശ്വാസകോശത്തെ ബാധിക്കുന്ന ഹാൻ്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിൻ്റെ മരണനിരക്ക് ഏകദേശം 40 ശതമാനം വരെയാണ്. 1970-കളിൽ തെക്കൻ കൊറിയയിലെ ഹാൻ്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേരുലഭിച്ചത്. അതിനുശേഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
ശരീരത്തിൽ വൈറസ് കയറിക്കൂടിയാൽ മൂന്ന് മുതൽ 39 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. സാധാരണ പനി (പനിയും ശരീരവേദനയും) ലക്ഷണങ്ങളാണ് തുടക്കത്തിൽ ഉണ്ടാവുക. തുടർന്നുള്ള ദിവസങ്ങളിൽ അതിവേഗം സ്ഥിതി വഷളാകാനും ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
മറ്റ് വൈറസ് ബാധയിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇവ പടരുന്നത് അപൂർവമാണ്. വൈറസ് ബാധയുള്ള എലികളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിൽ നിന്നാണ് കൂടുതലായും പകരുന്നത്.
എലി മാലിന്യങ്ങളുള്ള സാഹചര്യത്തിൽ ജീവിക്കുക.
മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയും തുടർന്ന് മുഖത്ത് സ്പർശിക്കുകയും ചെയ്യുക
എലി മൂത്രം, ഉമിനീർ അല്ലെങ്കിൽ കാഷ്ഠം എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുക
അപൂർവ്വമായി, എലി കടിയേറ്റോ പോറലുകളിലൂടെയോ
ചികിത്സ
ഹാൻ്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates