കോവിഡ് വ്യാപനം ശമനമില്ലാതെ ലോകത്ത് നിലനിൽക്കെ പ്രതീക്ഷകൾ നൽകി മറ്റൊരു പഠന റിപ്പോർട്ട് കൂടി. ആന്റിപാരസൈറ്റിക് മരുന്നായ ഐവെർമെക്ടിന്റെ ഉപയോഗം കോവിഡ് 19 ഇല്ലാതാക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കൻ ജേണലായ തെറാപ്യൂട്ടിക്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സ്ഥിരമായുളള ഐവെർമെക്ടിന്റെ ഉപയോഗം മാരകമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനുളള സാധ്യത കുറയ്ക്കുന്നതിനാൽ ഇത് കോവിഡിനെതിരേ ഫലപ്രദമാകുമെന്നാണ് വ്യക്തമാക്കുന്നത്.
യുഎസ് സർക്കാരിലെ മുതിർന്ന മൂന്ന് ശാസ്ത്രജ്ഞന്മാർ ഉൾപ്പടെയുളള മെഡിക്കൽ വിദഗ്ധർ പങ്കാളികളായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. കോവിഡ് ചികിത്സയിൽ ഐവർമെക്ടിൻ ഉൾപ്പെടുത്തണമെന്ന് ലോകമെങ്ങുമുള്ള ആരോഗ്യ വിദഗ്ധരോട് ഗവേഷകർ അഭ്യർത്ഥിച്ചു.
'ഐവെർമെക്ടിനുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ ഏറ്റവും സമഗ്രമായ അവലോകനമാണ് ഞങ്ങൾ നടത്തിയത്. മെഡിക്കൽ അധികൃതർക്ക് ചെയ്യാനാകാത്ത ജോലി ഞങ്ങൾ ചെയ്തു'- ഫ്രണ്ട് ലൈൻ കോവിഡ് 19 ക്രിട്ടിക്കൽ കെയർ അലയൻസിന്റെ ചീഫ് മെഡിക്കൽ ഓഫീസറും പ്രസിഡന്റുമായ പിയറെ കോറി പറയുന്നു.
എഫ്എൽസിസിസിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പോൾ ഇ മറികും ഇത് ശരിവച്ചു. 'ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച, ഞങ്ങളുടെ ഏറ്റവും പുതിയ ഗവേഷണ ഫലം കാണിക്കുന്നത് കോവിഡ് 19 പ്രതിരോധത്തിന് ഐവെർമെക്ടിൻ വളരെയധികം ഫലപ്രദമാണെന്നതിൽ ഒരു സംശയവുമില്ലെന്നാണ്. ലോകമെമ്പാടുമുള്ള പ്രാദേശിക പൊതുജനാരോഗ്യ അധികൃതരോടും മെഡിക്കൽ പ്രൊഫഷണലുകളോടും ഐവർമെക്ടിൻ ചികിത്സയിൽ ഉൾപ്പെടുത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അതിലൂടെ കോവിഡ് 19 ഇല്ലാതാക്കാനാകും'- അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെതിരായ ചികിത്സയ്ക്ക് ഐവെർമെക്ടിൻ വളരെ ഫലപ്രദമാണെന്ന് ലോകത്തെ വിവിധ രാജ്യങ്ങൾ അംഗീകരിച്ചിട്ടുളളതാണ്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങൾ മരുന്നുപയോഗിക്കുന്നതിന് മെഡിക്കൽ പ്രൊഫഷണലുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് 19 ചികിത്സയ്ക്കായി ഐവെർമെക്ടിൻ ഉപയോഗിക്കാൻ ഗോവൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. പതിനെട്ട് വയസിന് മുകളിൽ പ്രായമുളളവർക്ക് കോവിഡ് ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates