നമ്മുടെ ദൈനംദിന ശീലങ്ങൾക്ക് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്. അകാരണമായി ക്ഷീണമോ ഊർജ്ജക്കുറവോ തോന്നുന്നുവെങ്കിൽ ശീലങ്ങൾ പരിശോധിക്കേണ്ട സമയമായെന്നർഥം.
ഉറക്കം ഉണർന്ന ഉടൻ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് മിക്കവാറും ആളുകൾ. രാത്രി നീണ്ട ഉറക്കത്തിന് ശേഷം ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാം. കാപ്പിയും ചായയും കുടിക്കുന്നത് നിർജ്ജലീകരണം വഷളാക്കും. ഇത് ക്ഷീണത്തിനും ഊർജ്ജമില്ലായ്മക്കും സാധ്യത വർധിപ്പിക്കും. എന്നാൽ പകരം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു നോക്കൂ, ഇത് നിർജ്ജലീകരണം കുറച്ച്, ശരീരത്തെ ഊർജ്ജസ്വലതയുള്ളതാക്കും.
തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതാണ് മറ്റൊരു അബദ്ധം. ഉറക്കം ഉണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയാറ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നാരുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ സന്തുലിതമായ ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റിനായി തിരഞ്ഞെടുക്കേണ്ടത്. ഇത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും ക്ഷീണം മാറാനും സഹായിക്കും.
വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം രാവിലെയാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാത്തവരിൽ ഹൃദ്രോഗം, പലവിധം കാൻസറുകൾ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങി പലവിധരോഗങ്ങളും സ്ഥിരീകരിക്കാറുണ്ട്.
ഉദാസീനമായ ജീവിതശൈലി പുലർത്തുന്നവരിൽ രക്തചംക്രമണം ദുർബലമാവുകയും എൻഡോർഫിന്റെ നില താഴുകയും ചെയ്യും. ഇവയെല്ലാം മാനസികാവസ്ഥ തകിടം മറിക്കുകയും ക്ഷീണം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.
ഉറക്കം എഴുന്നേറ്റാൽ ഉടൻ മൊബൈൽ ഫോൺ നോക്കുന്ന ശീലമുള്ളവരാണ് അധികവും. എന്നാൽ ഈ ശീലം നിങ്ങളുടെ തലച്ചോറിന് അത്ര നല്ലതല്ല. മൊബൈൽ ഫോണിൽ നിന്നുള്ള പല കാഴ്ചകളും വിവരങ്ങളുമൊക്കെ സമ്മർദം വർധിപ്പിക്കുകയും അമിത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും. ഇത് ക്രമേണ മാനസികാവസ്ഥ തകരാറിലാക്കുകയും ചെയ്യും. അതിനാൽ എഴുന്നേറ്റയുടൻ അൽപം നടന്ന്, സ്ട്രെച്ചിങ് പോലുള്ളവ ചെയ്തതിനു ശേഷം കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും കഴിഞ്ഞു വേണം മൊബൈൽ കൈയിലെടുക്കാൻ.
രാവിലെ സാവധാനം ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ധൃതിയിൽ ചെയ്യുന്ന ശീലവും പ്രശ്നമാണ്. സമാധാനപൂർവം ചെയ്തു തീർക്കേണ്ടവ തിടുക്കത്തിലാക്കുമ്പോൾ സമ്മർദമേറും. ഇത് ശാന്തമായ മാനസികാവസ്ഥയിലേക്ക് എത്തുന്നതിന് തടസ്സമാകും. ആ ദിവസം മുഴുവൻ തീരുമാനങ്ങൾ എടുക്കുന്നതിലും മറ്റും പരാജയപ്പെടാനും കാരണമാകും.
അലാം അടിക്കുമ്പോൾ തന്നെ ഓഫ് ചെയ്ത് എഴുന്നേൽക്കുന്നതിന് പകരം അത് സ്നൂസ് ചെയ്ത് അൽപം കൂടി കിടക്കാമെന്ന് കരുതുന്നവരാണോ നിങ്ങൾ? രാത്രിയിൽ ഏഴോ, എട്ടോ മണിക്കൂർ കൃത്യമായി ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. മറിച്ച് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അലാം ശബ്ദം വരുമ്പോൾ തന്നെ അത് സ്നൂസ് ചെയ്യാനുള്ള സാധ്യത കൂട്ടും.
ഇടയ്ക്കിടെ ശരീരം ഗാഢനിദ്രയിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്നത് രക്തസമ്മർദം വർധിക്കാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഊർജം കുറയാനുമൊക്കെ കാരണമാകും.
ഇന്ന് വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നവർ നിരവധിയാണ്. രാവിലെകളിലെ വെയിൽ കൊള്ളാതിരിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം. ശരീരത്തിന് ആവശ്യമായ വെയിൽ ലഭിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates