വായിലും അതിന് അനുബന്ധമായുള്ള കലകളിലും കാണപ്പെടുന്ന കാന്‍സര്‍ ആണ് ഓറല്‍ കാന്‍സര്‍. ഹെഡ് ആന്റ് നെക്ക് കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണിത്. നാവിന്റെ വശങ്ങള്‍, നാവിന്റെ അടിഭാഗം, നാവിന്റെ ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ ഭാഗങ്ങളെയാണ് ഓറൽ കാൻസർ ബാധിക്കുക. ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സച്ചു ഭേദമാക്കാവുന്നതാണ് ഓറല്‍ കാന്‍സര്‍ എന്ന് തിരുവനന്തപുരം, ഗവ. അര്‍ബന്‍ ദന്തല്‍ ക്ലിനിക്കിലെ മോണരോഗവിദഗ്ധന്‍ ഡോ. മണികണ്ഠന്‍ ജി ആര്‍ പറയുന്നു.
70 ശതമാനം ഓറല്‍ കാന്‍സറിന്റെയും കാരണം പുകയിലജന്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. ബാക്കിയുള്ള 30 ശതമാനം കേസുകളില്‍ നമ്മുടെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം, മാറിയ ജീവിത ശൈലി എന്നിവയാണ് കാരണമാകുന്നത്.
മാറിയ ജീവിത ശൈലിയും ഭക്ഷണരീതിയുമൊക്കെ നമ്മുടെ ജീനോമില്‍ ഒരു തരത്തിലുള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആഘാതത്തിന്‍റെ ഫലമായി ജീനോമില്‍ വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കും. ഇത് കാന്‍സര്‍ അല്ലെങ്കില്‍ കാന്‍സറിന് മുന്നോടിയായുള്ള ലക്ഷണങ്ങളിലേക്ക് നയിക്കാം. ഇത് നമ്മുടെ ജനികം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഗ്രില്‍ഡ് ചിക്കന്‍
ഗ്രില്ല് ചെയ്ത ചിക്കനും ഫാസ്റ്റ് ഫുഡുമൊക്കെ ആളുകള്‍ വളരെയേറെ ഇഷ്ടപ്പെടുന്നതാണ്. എന്നാല്‍ ഇവ ശരീരത്തില്‍ കാര്‍സിനോജന്‍സ് ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. പ്രത്യേകിച്ച്, ഗ്രില്ല് ചെയ്യുമ്പോള്‍ ചിക്കനും മാംസവുമൊക്കെ കരിയാറുണ്ട്, ഈ ഭാഗങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കാം. കൂടാതെ ഫുഡ് കളറിങ്, ഫുഡ് അഡിക്ടീവുകള്‍ എന്നിവ ശരീരത്തില്‍ കാര്‍സിനോജന്‍സ് ഉല്‍പാദിപ്പക്കാനും ഇത് ഡിഎന്‍എയില്‍ മ്യൂട്ടേഷന്‍ ഉണ്ടാക്കാനും കാന്‍സറിലേക്ക് നയിക്കാനും കാരണമാകും.
അമിത ദുഃഖം
പുറമേ നോക്കുമ്പോള്‍ ദന്ത സംരക്ഷണവും മാനസിക പ്രശ്നങ്ങളും തമ്മില്‍ ബന്ധമുള്ളതായി തോന്നില്ലെങ്കിലും അമിതമായ ദുഃഖം അല്ലെങ്കില്‍ വിഷാദ ലക്ഷണങ്ങള്‍ ഉള്ളവരില്‍ ഓറല്‍ കാന്‍സര്‍ പോലുള്ള ദന്തരോഗങ്ങള്‍ വികസിക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
വിഷാദം ശരീരത്തിന്‍റെ നിരവധി രാസപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമുണ്ടാക്കാം. ഇത് ശരീരത്തില്‍ നിരവധി ഫ്രീ റാഡിക്കലുകള്‍ വികസിക്കാന്‍ കാരണമാകും. ഇത് കോശ വിഭജനത്തിനും അത് പിന്നീട് കാന്‍സറിലേക്ക് നയിക്കുകയും ചെയ്യുന്നു.
മദ്യപാനം
മദ്യം ശരീരത്തിലെ മ്യൂക്കോസ് മെംബറേനെ കൂടുതല്‍ വരണ്ടതാക്കുന്നു. മദ്യം നേരിട്ട് ഓറല്‍ കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടില്ലെങ്കിലും പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ സങ്കീര്‍ണതകള്‍ ത്വരിതപ്പെടുത്താന്‍ ഇത് കാരണമായേക്കും.
കൂര്‍ത്ത പല്ലുകള്‍
കൂര്‍ത്ത പല്ല്, വായിലെ കമ്പി തട്ടുന്നതു കൊണ്ട് സ്ഥിരമായി ഒരേ ഭാഗത്ത് മുറിവുണ്ടാക്കുന്നുണ്ടെങ്കിലും അതും ഓറല്‍ കാന്‍സറിന് വഴിവയ്ക്കാം.
ശരീരഭാരം കുറയുക: എല്ലാത്തരം കാന്‍സറുകളുടെയും ലക്ഷണമാണ് അകാരണമായി പെട്ടെന്ന് ശരീരഭാരം കുറയുന്നത്. ഓറല്‍ കാന്‍സറിന്‍റെ പ്രാഥമിക ലക്ഷണമായും ശരീരഭാരം കുറയുന്നതിനെ കണക്കാക്കാം.
തൊണ്ടയില്‍ എന്തോ തങ്ങിനില്‍ക്കുന്ന പോലെ: തൊണ്ടയില്‍ എന്തോ ഇരുക്കുന്ന പോലുള്ള തോന്നല്‍, വെള്ളമിറക്കാന്‍ പോലുമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഓറല്‍ കാന്‍സറിന്‍റെ മറ്റൊരു ലക്ഷണമാണ്.
പല്ലുമായിട്ട് അനുബന്ധമായിട്ടാണ് കാന്‍സര്‍ വരുന്നതെങ്കില്‍, പല്ലിന് പെട്ടെന്ന് ഇളക്കം തട്ടാം. മോണരോഗം കാരണവും പല്ലുകള്‍ക്ക് ഇളക്കം വരാം, എന്നാല്‍ മോണ വളര്‍ച്ച ഉണ്ടാവുകയും അതിന് പിന്നാലെ പല്ലുകള്‍ക്ക് ഇളക്കം തട്ടുകയും ചെയ്താല്‍ ശ്രദ്ധിക്കണം.
ഓറല്‍ കാന്‍സര്‍ പ്രധാനമായും രണ്ട് തരത്തിലാണ് വിഭജിക്കുന്നത്. മാരകമായതും മാരകമല്ലാത്തതുമായ കാന്‍സറുകള്‍. അമിത വളര്‍ച്ചയെ നീക്കം ചെയ്തു കഴിഞ്ഞാല്‍ സാധാരണമായ അവസ്ഥയിലേക്ക് രോഗി എത്തുന്ന അവസ്ഥയാണ് മാരകമല്ലാത്ത കാന്‍സറുകള്‍. എന്നാല്‍ മാരകമായ ഓറല്‍ കാന്‍സര്‍ ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.
ബ്രഷ് ചെയ്യുന്നന സമയത്ത്, നാവിന്റെ വശങ്ങള്‍, അടിഭാഗം, ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ വായിലെ എട്ട് ഭാഗങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുക. പ്രാഥമികമായുള്ള വ്യത്യാസങ്ങള്‍ ഈ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാല്‍ സഹായിക്കും.
മൂന്ന് ആഴ്ചയില്‍ കൂടുതല്‍ ഉണങ്ങാതെ നില്‍ക്കുന്ന വ്രണങ്ങളോ ചുവന്നതോ വെളുത്തതോ ആയ പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. അതിന് ഒരുപക്ഷെ വേദനയോ എരിച്ചിലോ പുകച്ചിലോ ഉണ്ടാവണമെന്നില്ല. വെളുത്ത പാടുകളെ ലൂക്കോപ്ലേക്യ എന്നാണ് വിളിക്കുന്നത്.
ചുവന്ന വകഭേദത്തിന് എറിത്യോപ്ലേക്യ എന്ന് പറയും. ചുവപ്പും വെളുപ്പും ഇടകലര്‍ന്ന് കാണപ്പെടുന്നതിനെ എറിത്യോ-ലൂക്കോപ്ലേക്യ എന്ന് പറയും. ഇത്തരം ലക്ഷണങ്ങളെ പ്രീ-കാന്‍സറസ് ലീഷന്‍ അഥവാ പൂര്‍വാര്‍ബുദ ലക്ഷണങ്ങളായി കണക്കാക്കാം.
Oral Cancer: Grilled Chicken and depression may cause Oral cancer. oral Cancer causes and symptoms.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates