'ആഗ്രഹമുണ്ട് പക്ഷെ എന്നെ കൊണ്ട് സാധിക്കില്ല'- കാര്യങ്ങൾ ചെയ്തു തുടങ്ങുന്നതിന് മുൻപുള്ള ഈ ഭയമാണ് പ്രൊക്രാസ്റ്റിനേഷൻ അഥവാ കാര്യങ്ങൾ നീട്ടിവയ്ക്കാനുള്ള പ്രവണതയുടെ അടിസ്ഥാനം. നാളെ മുതൽ എല്ലാം ശരിയാക്കാം... എന്നാൽ, നാളെയോ മറ്റന്നാളോ കടന്നു പോയാലും കാര്യങ്ങൾ ഒരിഞ്ച് പോലും മുന്നോട്ടു പോയിട്ടുണ്ടാവില്ല. പലപ്പോഴും അതിന് വേണ്ടി വളരെയധികം സമയം ചെലവാക്കി, തലകുത്തി പണിതാലും ഇതു തന്നെ അവസ്ഥ. പുറമെ ഇത് മടിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
നിങ്ങളുടെ മനസിന്റെ നിലവിളിയാണ് പുറമെയുള്ള ഈ മന്ദത, അത് തിരിച്ചറിയാതെ പോകുന്നത് കടുത്ത മാനസികപ്രശ്നങ്ങളിലേക്ക് നയിക്കാം. ആഴത്തിലുള്ള അന്തർലീനമായ വൈകാരിക ക്ലേശത്തിന്റെ ലക്ഷണമാണിത്. ഇത് ടൈം മാനേജ് ചെയ്യാൻ അറിയാത്തതിന്റെയോ മടിയുടെയോ ലക്ഷണമായി തള്ളിക്കളയരുതെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു. കാര്യങ്ങൾ നീട്ടി വയ്ക്കുന്നത് താൽക്കാലികമായ ഒരു ആശ്വാസം നൽകിയേക്കാം, എന്നാൽ സമയപരിധി അടുക്കുന്തോറും ഇത് ഉത്കണ്ഠ, സമ്മർദം കുറ്റബോധം എന്നിവയിലേക്ക് നയിക്കാം.
ഉത്കണ്ഠ അമിതമായവരിൽ പ്രൊക്രാസ്റ്റിനേഷൻ വളരെ സാധാരണമായി കാണാറുണ്ട്. അത്തരക്കാർക്ക് വളരെ ചെറിയ ജോലി പോലും ഭീഷണിപ്പെടുത്തുന്ന ഒന്നായി തോന്നാം. പരാജയത്തെയോ വിജയത്തെയോ ഭയപ്പെടുമ്പോൾ നിങ്ങളുടെ മസ്തിഷ്കം നിങ്ങളോടെ ആവർത്തിച്ചു പറയും- ഞാൻ ആരംഭിച്ചില്ലെങ്കിൽ പരാജയത്തെ ഭയക്കേണ്ട കാര്യമില്ല, ഇതെ തുടർന്ന് കാര്യങ്ങൾ നീട്ടിവയ്ക്കും.
പെർഫക്ഷനിസം
കാര്യങ്ങൾ പെർഫക്റ്റ് ആയി ചെയ്യുകയെന്നത് പലരിലും അമിത സമ്മർദം ഉണ്ടാക്കും. അവർ അസാധ്യമായ ഉയർന്ന നിലവാരങ്ങളെ മുറുകെ പിടിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ജോലി കുറ്റമറ്റതാക്കാൻ സേയ്ഫ് സോൺ ആകുന്നതു വരെ കാത്തിരിക്കുകയും അവ തുടങ്ങാതിരിക്കുകയും ചെയ്യുന്നു.
ആത്മവിശ്വാസക്കുറവ്
സ്വന്തം കഴിവുകളെ സംശയിക്കുന്ന ആളുകൾ പലപ്പോഴും പരാജയത്തിൽ നിന്ന് സ്വയം രക്ഷപെടാൻ കാര്യങ്ങൾ മനഃപൂർവം വൈകിപ്പിക്കുന്നു.
ആവർത്തിച്ച് സമയപരിധി പാലിക്കാതിരിക്കുന്നത് നിങ്ങളുടെ ശരീരത്തെയും ബാധിക്കും. സ്ഥിരമായ പരിഭ്രാന്തിയുടെയും പ്രോക്കാസിനേഷൻ എന്ന അവസ്ഥയിലൂടെയും കടന്ന് പോകുന്നത് ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണത്തെ സജീവമാക്കുന്നു. ഇത് ശരീരത്തിലെ സമ്മർദ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ നിലനിർത്തുന്നു. ഇത് ശരീരത്തെ നിരന്തരം ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് നയിക്കും.
കാലക്രമേണ, പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും വീക്കം വർധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ. ശരീരത്തിൽ അഡ്രിനാലിനിൽ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടാനും, ഇത് ക്ഷീണത്തിനും വൈകാരിക അസ്ഥിരതയ്ക്കും കാരണമാകുകയും ചെയ്യുന്നു.
പ്രൊക്രാസ്റ്റിനേഷൻ മടിയാണെന്ന് തെറ്റിദ്ധരിച്ച്, അച്ചടക്ക നടപടികൾ പിന്തുടർന്നിട്ട് കാര്യമില്ല. വൈകാരിക ധാരണയാണ് പ്രധാനം. ഭയം, ലജ്ജ, സ്വയം സംശയം തുടങ്ങിയവയെ ട്രിഗർ ചെയ്യുന്ന കാര്യങ്ങൾ മനസിലാക്കുകയും തെറാപ്പിയിലൂടെ അവ പരിഹരിക്കുകയുമാണ് വേണ്ടത്. കുടുങ്ങി പോയി എന്ന തോന്നൽ ഉണ്ടായാൽ, മൈക്രോ-ആക്ഷനുകളിൽ നിന്ന് ആരംഭിക്കുക.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), അക്സപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി (ACT) എന്നിവ വിട്ടുമാറാത്ത പ്രോക്കാസിനേഷന് ഉപകാരപ്രദമാണ്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ടാസ്ക്കുകൾ ചെറുതും കൈകാര്യം ചെയ്യാവുന്നതുമായ ഭാഗങ്ങളായി വിഭജിക്കാൻ സഹായിക്കുന്നു.
അതേസമയം, അക്സപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി മനസ്സോടെയുള്ള സ്വീകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അസുഖകരമായ വികാരങ്ങളെ ചെറുക്കുന്നതിനു പകരം, നിങ്ങൾ അവയെ നിരീക്ഷിക്കാൻ പഠിക്കുന്നു. 'എനിക്ക് ഇത് ചെയ്യാൻ കഴിയില്ല' എന്നതിന് പകരം 'എനിക്ക് ഉത്കണ്ഠ തോന്നുന്നു' എന്ന് നിങ്ങൾക്ക് പറയാൻ കഴിയും. ആ മാറ്റം വികാരത്തിനും പ്രവൃത്തിക്കും ഇടയിൽ അകലം സൃഷ്ടിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates