നടൻ സലിംകുമാറിന്റെ വേർപാടിനൊപ്പം വ്യാജ ചികിത്സകന്മാരിൽ നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം മുൻപ് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ചർച്ചയാവുകയാണ്. 2010-ലാണ് അദ്ദേഹത്തിന് ലിവർ സിറോസിസ് ബാധിക്കുന്നത്. ശസ്ത്രക്രിയ മാത്രമായിരുന്നു പരിഹാരം എന്നാൽ ശസ്ത്രക്രിയ ഒഴിവാക്കുന്നതിന് പല ഒറ്റമൂലി വൈദ്യന്മാരുടെയും അടുത്ത് പോയി വഞ്ചിക്കപ്പെട്ടതിന്റെ ദുരനുഭവം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാൽ പച്ചമരുന്നിൻ്റെ പേരിലുള്ള ഈ പഴിയെല്ലാം ആയുർവേദത്തിന് നേരെയാണ് തിരിയുന്നതെന്ന് ഡോ. ഷാബു പട്ടാമ്പി ഫേയ്സ്ബുക്കിൽ കുറിച്ചു.
മഞ്ഞപ്പിത്തം, കരൾ രോഗം എന്നൊക്കെ കേൾക്കുമ്പോൾ പൊതുവേ ആളുകൾ ആദ്യം ഓടിയെത്തുക ഏതെങ്കിലും ഒറ്റമൂലി ചികിത്സകന്റെ അടുത്താണ്. എന്നാൽ ഏത് കരൾ രോഗങ്ങളും ഒറ്റമൂലി കൊണ്ട് മാറ്റാം എന്നുള്ള സിദ്ധാന്തം ആയുർവേദത്തിന് ഇല്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സലിംകുമാർ തന്നെ പറയുന്നതുപോലെ, പശുവിനെ തീറ്റിക്കുന്ന പുല്ല് തിന്നും, അഞ്ഞൂറ് തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം ഉണ്ടാക്കി, കഴിച്ചുമൊക്കെ, ആരെങ്കിലും പരീക്ഷണം നടത്തി രോഗത്തെ ഗുരുതരമാക്കും, എന്നാൽ അതിന്റെ എല്ലാം പഴി പച്ചമരുന്ന് എന്ന പേരിൽ ആയുർവേദത്തിലേക്ക് തന്നെ എത്തുന്നു എന്നുള്ളതാണ് ശരിയായ ദുര്യോഗമെന്നും അദ്ദേഹം പറയുന്നു.
മഞ്ഞപ്പിത്തത്തിന്റെ ശരിയായ കാര്യ കാരണങ്ങളെ കണ്ടറിഞ്ഞു ചികിത്സിക്കുന്ന ആയുർവേദവും ഇത്തരത്തിലുള്ള വ്യാജ ചികിത്സാ പദ്ധതികളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. കരൾ മാറ്റിവെക്കുന്ന അവസ്ഥയിലായ ഒരു രോഗിയെയും മരുന്നു കൊടുത്തു മാറ്റി തരാം എന്ന് ബോധമുള്ള ഒരു ആയുർവേദ ഡോക്ടറും പറയില്ലെന്നും അദ്ദേഹം പറയുന്നു.
ഡോ. ഷാബു പട്ടാമ്പിയുടെ ഫേയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
നടൻ സലിംകുമാറിന്റെ, വിയോഗം ഏത് മലയാളിയെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണ്. കരൾ സംബന്ധമായി അദ്ദേഹം അനുഭവിച്ചിരുന്ന പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാവുന്നതാണെങ്കിലും രണ്ടുമൂന്നു കൊല്ലം മുമ്പ്, അദ്ദേഹം തന്നെ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വീണ്ടും ചർച്ച ആവുന്നുണ്ട്.
കരളിന് സീറോസിസ് ബാധിച്ച്, ഗുരുതരാവസ്ഥയിലിരുന്ന കാലത്ത്, പോയി കണ്ട ഏതൊക്കെയോ വൈദ്യന്മാരുടെ വഴി ചികിത്സ തട്ടിപ്പിന് ഇരയായ കാര്യം അതിൽ സൂചിപ്പിക്കുന്നുണ്ട്.
"ഇതെല്ലാം കേട്ട് ആയുർവേദം കഴിച്ചാൽ കരളുപോകും പല്ലവിക്കാർ "പൂർവാധികം സന്തോഷത്തോടെ രംഗത്തു വന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട കുറെ അധികം കാര്യങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ട് എന്ന് തോന്നുന്നത് കൊണ്ട്
കുറച്ചു കാര്യങ്ങൾ എഴുതുകയാണ്. ഒന്നാമതായി രോഗം ലിവർ സീറോസിസ് ലേക്ക് എത്തുമ്പോൾ ചികിത്സിക്കാൻ അത്ര എളുപ്പമല്ല എന്നതാണ്.
എങ്കിൽപോലും തുടക്ക അവസ്ഥയിലാണ് എങ്കിൽ പ്രയാസപ്പെട്ട് ചികിത്സിച്ചാൽ ആയുർവേദ ചികിത്സ വളരെ ഫലപ്രദവുമാണ്. പക്ഷേ രോഗം ഗുരുതരാവസ്ഥയിൽ എത്തി രക്തം ഒക്കെ ഛർദ്ദിക്കുന്ന, കരൾ തീരെ പ്രവർത്തന ക്ഷമമല്ലാത്ത സാഹചര്യത്തിൽ മരുന്ന് ചികിത്സ ഏറെക്കുറെ അസാധ്യമാണ്. യാതൊരു വൈദ്യത്തിലും മരുന്ന് ചികിത്സ ഫലപ്രദമല്ല എന്നുള്ളതാണ് സത്യം അപ്പോൾ പോലും ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ആയുർവേദ മരുന്നുകൾ ഗുണം ചെയ്യാറുണ്ട്.
പക്ഷേ നിർഭാഗ്യവശാൽ മഞ്ഞപ്പിത്തം കരൾ രോഗം എന്നൊക്കെ കേൾക്കുമ്പോൾ പൊതുവേ ആളുകൾക്ക് ആദ്യം ഓർമ്മ വരിക, ഏതെങ്കിലും ഒറ്റമൂലി ചികിത്സകനെ ആണ്.ഏത് കരൾ രോഗങ്ങളും ഒറ്റമൂലി കൊണ്ട് മാറ്റാം എന്നുള്ള സിദ്ധാന്തം ആയുർവേദത്തിന് ഇല്ല എന്നുള്ളതാണ് ഇവിടെ മനസ്സിലാക്കേണ്ടത്.
കരൾ രോഗത്തിന്റെ കാര്യകാരണങ്ങളെ കുറിച്ചും വിഭാഗങ്ങളെ കുറിച്ചും ചികിത്സാ സിദ്ധാന്തങ്ങളെ കുറിച്ചുമൊക്കെ ആയുർവേദത്തിന് അതിന്റെതായ കാഴ്ചപ്പാടുകളും ചികിത്സാ പദ്ധതികളും ഉണ്ട്. അവിടെയും ഒറ്റമൂലികൾ ചികിത്സയ്ക്കായി ഉപയോഗിക്കും പക്ഷേ അത് പ്രധാന ചികിത്സയുടെ ഒരു ഭാഗമായിട്ട് മാത്രം.
ഇങ്ങനെയൊക്കെ ആണെങ്കിലും സലിംകുമാർ തന്നെ പറയുന്നതുപോലെ, പശുവിനെ തീറ്റിക്കുന്ന പുല്ല് തിന്നും, അഞ്ഞൂറ് തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം ഉണ്ടാക്കി, കഴിച്ചുമൊക്കെ, ആരെങ്കിലും പരീക്ഷണം നടത്തി രോഗത്തെ ഗുരുതരമാക്കുന്നു എങ്കിൽ, അതിന്റെ എല്ലാം പഴി പച്ചമരുന്ന് എന്ന പേരിൽ ആയുർവേദത്തിലേക്ക് തന്നെ എത്തുന്നു എന്നുള്ളതാണ് ശരിയായ ദുര്യോഗം.
കുറച്ചുകാലം മുമ്പ് എന്നെ തേടി വന്ന ഒരു രോഗിക്ക് മരുന്ന് എഴുതി കൊടുത്ത് കഴിഞ്ഞപ്പോൾ, അയാൾ ചോദിച്ചത്, ഇതൊക്കെ സാധാരണ മരുന്നുകൾ അല്ലേ, സ്പെഷ്യൽ മരുന്നുകൾ ഒന്നുമില്ലേ ഇതൊക്കെ മതിയോ എന്നാണ്... വടക്കോട്ട് പോകുന്ന ഏതെങ്കിലും ചെടിയുടെ വേരും കേട്ടാൽ വിചിത്രം എന്ന് തോന്നിക്കുന്ന എന്തെങ്കിലും പൊടിക്കൈ നിർദ്ദേശങ്ങളും ഒക്കെയാണ് പലരും ചികിത്സകനിൽ നിന്ന് പ്രതീക്ഷിക്കാറുള്ളത്..
രോഗം ഗുരുതരമാകുമ്പോൾ, മരുന്നും ലേശം വ്യത്യസ്തമായിരിക്കണമല്ലോ എന്നാണ് പലരുടെയും ചിന്ത.. ഒറ്റമൂലി -വ്യാജ ചികിത്സകരെ സംബന്ധിച്ചിടത്തോളം എല്ലാം കൂടി ഒരു മഞ്ഞപിത്തമേയുള്ളൂ.. അത് പകർച്ചവ്യാധി കൊണ്ടുണ്ടായതാണോ, പിത്ത വാഹിനി കുഴലിലെ എന്തെങ്കിലും തടസ്സം കൊണ്ട് ഉണ്ടായതാണോ, ഗുരുതരമായ സീറോസിസ് കൊണ്ട് ഉണ്ടായതാണോ എന്ന നോട്ടം ഒന്നും ഉണ്ടാവാറില്ല..
അതുകൊണ്ടുതന്നെ, ചിലപ്പോഴെങ്കിലും രോഗം ഗുരുതരമാവാനും ഇതു കാരണമാവാറുമുണ്ട്..! മഞ്ഞപ്പിത്തത്തിന്റെ ശരിയായ കാര്യ കാരണങ്ങളെ കണ്ടറിഞ്ഞു ചികിത്സിക്കുന്ന ആയുർവേദ സമീപനവും ഇത്തരത്തിലുള്ള ക്രൂഡ് ചികിത്സാ പദ്ധതികളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും, തട്ടിപ്പുകാരായ ഈ വിദ്വാന്മാർ ചെയ്തുകൂട്ടുന്ന തിരുപ്പുകൾക്കെല്ലാം, ഒടുവിൽ പഴി കേൾക്കുന്നത് ആയുർവേദത്തിനാകും എന്നതാണ് അതിന്റെ ഒരു പരിണാമം.
എന്തായാലും, ആധികാരികമായ ആയുർവേദ ചികിത്സയും, "വെറൈറ്റി മരുന്ന്" വെച്ച് ചികിത്സിക്കുന്ന, ഇത്തരം സോ കോൾഡ് വ്യാജ ചികിത്സക്കാരും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് മാത്രമേ ഈ അവസരത്തിൽ പറഞ്ഞുവെക്കാൻ ഉള്ളൂ.. കരൾ മാറ്റിവെക്കുന്ന അവസ്ഥയിലായ ഒരു രോഗിയെയും മരുന്നു കൊടുത്തു മാറ്റി തരാം എന്ന് ബോധമുള്ള ഒരു ആയുർവേദ ഡോക്ടറും പറയില്ല എന്നുള്ളത് തന്നെയാണ് ആ വ്യത്യാസം.
തട്ടിപ്പ് താൽപര്യപ്പെട്ട് പോകുന്നവർ ഇനിയും പോയിക്കൊണ്ടിരിക്കും എന്നറിയാം.. ആവട്ടെ.. പക്ഷേ അതെല്ലാം ആയുർവേദത്തിന്റെ പിരടിയിൽ ഇടാതെ എങ്കിലും ഇരിക്കണം എന്ന മിനിമം കാര്യം മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ..
ഏത് കാര്യത്തിലും എന്ന പോലെ ചികിത്സയിലും കുറുക്കുവഴികളില്ല..രോഗം വരുമ്പോൾ, അതാത് വൈദ്യശാസ്ത്ര ശാഖയിലെ ഏറ്റവും ആധികാരികമായ ഡോക്ടർമാരെ തന്നെ കണ്ടു ചികിത്സിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ്...
പറയുക എന്നത് മാത്രമേ നമുക്കും ചെയ്യാനുള്ളൂ...രോഗ കാരണങ്ങളോ രോഗ സ്വഭാവമോ നോക്കാതെ തലങ്ങും വിലങ്ങും ഒറ്റമൂലികൾ പ്രയോഗിക്കുന്നതല്ല ആയുർവേദം എന്ന് തിരിച്ചറിയേണ്ട സമയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates