നട്ടെല്ലിന് അസാധാരണമായ വളവ് ഉണ്ടാകുകയും അത് മൂലം ശരീരത്തിന്റെ ആകാരഭംഗിയില്‍ അസമത്വം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌കോളിയോസിസ്. കുട്ടികളില്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ വലിയ തോതില്‍ ഉത്കണ്ഠ, അപകര്‍ഷതാബോധം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ക്കും വരെ കാരണമാകുന്നുണ്ട്. അതേസമയം ലക്ഷണങ്ങള്‍ മനസിലാക്കി വിദഗ്ധ ചികിത്സ തേടിയാല്‍ സ്‌കോളിയോസിസിനെ വരുതിയിലാക്കാന്‍ കഴിയും. സ്‌കോളിയോസിസിനെ കുറിച്ചും അതിന്റെ ചികിത്സാ രീതികളെ കുറിച്ചും മനസിലാക്കാം.
എന്താണ് സ്‌കോളിയോസിസ്?
സാധാരണയായി മനുഷ്യരുടെ നട്ടെല്ല് നേര്‍രേഖയില്‍ നിന്ന് വിഭിന്നമായി ഒരു വശത്തേക്ക് വളഞ്ഞിരിക്കുന്നതിനെയാണ് സ്‌കോളിയോസിസ് എന്ന് വിളിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 10 ഡിഗ്രിയില്‍ കൂടുതലുള്ള വളവുകളാണിവ. പെണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.
കാരണങ്ങള്‍?
പ്രധാനമായും രണ്ട് രീതിയിലാണ് സ്‌കോളിയോസിസ് ഉണ്ടാകാറുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ െ്രെപമറി (ഇഡിയോപ്പതിക്), സെക്കന്‍ഡറി എന്നിങ്ങനെ രണ്ട് തരത്തിലാണ് സ്‌കോളിയോസിസിനെ കണക്കാക്കുന്നത്.
മറ്റ് അസുഖങ്ങളുടെ ഭാഗമായി നട്ടെല്ലിനെ ബാധിക്കുന്നതാണ് സെക്കന്‍ഡറി സ്‌കോളിയോസിസ്. വൃക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറാറുകളോ ജന്മനാ ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ക്കൊപ്പം നട്ടെല്ലിന്റെ അസ്ഥിയുടെ വളര്‍ച്ചക്ക് ഉണ്ടാകുന്ന അസമത്വങ്ങളോ മൂലം ഉണ്ടാകാം. ഇത്തരം രോഗങ്ങള്‍ക്ക് വേണ്ടി ചെറുപ്പത്തില്‍ തന്നെ പരിശോധനകള്‍ നടത്തുമ്പോള്‍ സ്‌കോളിയോസിസ് ശ്രദ്ധയില്‍പ്പെടുകയും ചികിത്സ തേടുകയും ചെയ്യാന്‍ കഴിയും.
പ്രത്യേകിച്ച് കാരണമില്ലാതെ നട്ടെല്ലില്‍ ഉണ്ടാകുന്ന വളവുകളാണ് െ്രെപമറി ഇഡിയോപ്പതിക് വളവ്. കുട്ടികളില്‍ രോഗ നിര്‍ണയം വൈകുന്നത് മൂലം ചികില്‍സിച്ച് ഭേദമാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം.
ലക്ഷണങ്ങള്‍ അവഗണിക്കല്ലേ!
മറ്റേതൊരു രോഗത്തെയും പോലെ മുന്‍കൂട്ടിയുള്ള രോഗ നിര്‍ണയത്തിന് സ്‌കോളിയോസിസ് ചികിത്സയിലും വലിയ സ്വാധീനം ചെലുത്താനാകും. പ്രധാനമായും അഞ്ച് ലക്ഷണങ്ങളാണ് സ്‌കോളിയോസിസിന് ഉള്ളത്.
1. തലയുടെ സ്ഥാനം അരക്കെട്ടിന് ആനുപാതികമായിട്ടല്ലാതെ ഒരു ഭാഗത്തേക്ക് ചരിഞ്ഞു നില്‍ക്കുക.
2. തോളുകള്‍ തമ്മിലുള്ള അസമത്വം (രണ്ടു തോളുകളും കൃത്യമല്ലാത്ത നിരപ്പില്‍ നില്‍ക്കുകയോ, തോള്‍പ്പലക മുന്തി നില്‍ക്കുകയോ തള്ളി നില്‍ക്കുകയോ പോലെ തോന്നുക)
3. പെണ്‍കുട്ടികളില്‍ മുന്നില്‍ നിന്നു നോക്കുമ്പോള്‍ മാറിടത്തിന് ആകാരഭംഗി ഇല്ലാതെ തോന്നുക
4. അരക്കെട്ടുകള്‍ തമ്മിലുള്ള അസമത്വം.
5. കാലുകള്‍ തമ്മിലുള്ള നീളത്തില്‍ വ്യത്യാസം അനുഭവപ്പെടുകയും മുടന്ത് ഉണ്ടാകുകയും ചെയ്യും.
പ്രായം പ്രധാനം
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളിയോസിസിനെ ഇന്‍ഫെന്റയില്‍, ജുവനെയ്ല്‍, അഡോളസെന്‍സ് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. െ്രെപമറി സ്‌കോളിയോസിസുകളാണിവ. ചെറുപ്രായത്തില്‍ ഉണ്ടാകുന്നതിനാല്‍ ഇന്‍ഫെന്റയില്‍, ജുവനെയ്ല്‍ സ്‌കോളിയോസിസുകള്‍ ഏര്‍ലി ഓണ്‍ സെറ്റ് സ്‌കോളിയോസിസ് എന്നാണ് അറിയപ്പെടുന്നത്. 10 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളില്‍ കാണുന്ന മറ്റ് കാരണങ്ങള്‍ ഒന്നുമില്ലാതെ വരുന്ന സ്‌കോളിയോസിസാണ് അഡോളസെന്റ് ഇഡിയോപതിക് സ്‌ക്കോളിയോസിസ്. പെണ്‍കുട്ടികളിലാണ് ഇത് ഏറ്റവുമധികമായി കണ്ടുവരുന്നത്. കാഴ്ചക്ക് അഭംഗിയും വൈരൂപ്യവും ഉണ്ടാകുന്നത് മൂലം വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് വസ്തുത
ചികിത്സകള്‍ എന്തൊക്കെ?
നട്ടെല്ലിന്റെ വളവിന്റെ അളവനുസരിച്ചാണ് സ്‌കോളിയോസിന്റെ ചികിത്സ നടത്തുന്നത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെയോ വരച്ചോ ആണ് അളവ് കണ്ടെത്തുന്നത്.
പത്ത് മുതല്‍ 25 ഡിഗ്രി വരെയുള്ള വളവുകള്‍ക്ക് പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല. കൃത്യമായ ഇടവേളകളില്‍ എക്‌സറേ പരിശോധന നടത്തി സ്‌കോളിയോസിസ് വഷളാകുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.
അതേസമയം 25 ഡിഗ്രിക്ക് മുകളിലായാല്‍ ചികിത്സ ആവശ്യമാണ്. 25 മുതല്‍ 40 ഡിഗ്രി വരെയുള്ള വളവുകള്‍ ക്രമേണ കൂടാന്‍ സാധ്യതയുണ്ട്. കുട്ടികളില്‍ കാണുന്ന ഇത്തരം വളവുകള്‍ക്ക് ബ്രേസിങ് എന്ന ചികിത്സയാണ് സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. ബെല്‍റ്റ് അല്ലെങ്കില്‍ പ്ലാസ്റ്റര്‍ കൊണ്ട് പ്രത്യേകം തയ്യാറാക്കിയ കാസ്റ്റിംഗ് ധരിക്കുന്നതിലൂടെ സ്‌കോളിയോസിസ് വഷളാകുന്നത് തടയാനും നട്ടെല്ലില്‍ വളവുണ്ടാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സെക്കന്‍ഡറി കര്‍വ്‌സിനെ പ്രതിരോധിക്കാനും കഴിയും
45 ഡിഗ്രിക്ക് മുകളിലുള്ള വളവുകള്‍ക്ക് ശസ്ത്രക്രിയ നടത്തുക എന്നതാണ് പരിഹാരം. ശരീരത്തിന്റെ പുറകു വശത്താണ് ശസ്ത്രക്രിയ നടത്തുന്നത്. നട്ടെല്ലിന്റെ എക്‌സ്‌റേ അടിസ്ഥാനമാക്കി വളവിന്റെ അളവ് കണ്ടെത്തി പ്രത്യേക സ്‌ക്രൂവും റോഡും ഉപയോഗിച്ച് നട്ടെല്ലിനെ നിവര്‍ത്തുകയാണ് ചെയ്യുന്നത്. ഡീഫോര്‍മിറ്റി കറക്ഷന്‍ സര്‍ജറി (Deformtiy correction surgery) ഈ ശസ്ത്രക്രിയയുടെ പേര്.
ഗ്രോത്ത് റോഡ് ആപ്ലിക്കേഷന്‍ ശസ്ത്രക്രിയ
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 50 ഡിഗ്രി വരെയുള്ള വളവുണ്ടായാല്‍ ബ്രേസിംഗ് വഴി നിവര്‍ത്താന്‍ കഴിയില്ല. ഇത്തരം സാഹചര്യത്തിലാണ് ഗ്രോത്ത് റോഡ് ആപ്ലിക്കേഷന്‍ എന്ന ശസ്ത്രക്രിയയാണ് കുട്ടികള്‍ക്കായി ചെയ്യുന്നത്. ശ്വാസകോശത്തിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും വളര്‍ച്ച പൂര്‍ത്തിയാവാത്തതിനാല്‍ സാധാരണ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതിനാലാണ് ഇത്. ശസ്ത്രക്രിയ മൂലം വളര്‍ച്ച തടയുകയും ശ്വാസകോശം ചുരുങ്ങുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കി കൊണ്ടാണ് ഇത് ചെയ്യുന്നത്. മാഗ്‌നെറ്റിക് ഗ്രോത്ത് റോഡ് പോലുള്ള ആധുനിക ചികിത്സകള്‍ ഉള്ളതിനാല്‍ തുടര്‍ ശസ്ത്രക്രിയകള്‍ ഇല്ലാതെ ലളിതമായി തന്നെ ചെയ്യാന്‍ കഴിയും.
14 മുതല്‍ 16 വരെയുള്ള പ്രായമാണ് ശസ്ത്രക്രിയ നടത്താനുള്ള ഏറ്റവും മികച്ച സമയം. ഈ പ്രായത്തോടെ ഉയരം വെക്കുന്നതില്‍ നട്ടെല്ലിന്റെ സംഭാവന അവസാനിച്ചിട്ടുണ്ടാകും എന്നതിനാല്‍ ശ്വാസകോശത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണ്.
ശസ്ത്രക്രിയയുടെ സമയത്ത് ഞരമ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ് എന്ന സൗകര്യവും ശസ്ത്രക്രിയ ചെയ്യാന്‍ ഉപയോഗിക്കുന്ന സ്‌ക്രൂ കൃത്യമായി അസ്ഥികള്‍ക്കുള്ളിലൂടെ തന്നെയാണ് പോകുന്നത് എന്ന് ഉറപ്പുവരുത്താനുള്ള കമ്പ്യൂട്ടറൈസ്ഡ് നാവിഗേഷന്‍ എക്‌സ്‌റേ യന്ത്രങ്ങളും ഇന്നുണ്ട്. അതിനൂതന സൗകര്യങ്ങളുടെ സഹായത്തോടെ വളരെ സങ്കീര്‍ണമായ വളവുകള്‍ പോലും എളുപ്പത്തില്‍ ചികിത്സിക്കാന്‍ കഴിയും.
മാനസിക, ശാരീരിക ബുദ്ധിമുട്ടികള്‍
സ്‌കോളിയോസിസ് മൂലം ശരീരത്തിനുണ്ടാകുന്ന വളവും കൂനും വര്‍ധിക്കുന്നത് ശരീരത്തിന്റെ വൈരൂപ്യം വര്‍ധിക്കും. ഇത് ചില കുട്ടികളില്‍ അപകര്‍ഷതാ ബോധവും മാനസിക വിഷമവും ഉണ്ടാക്കും. ശരീരത്തിന്റെ അപാകതകള്‍ മൂലം ആളുകളെ ഫെയ്‌സ് ചെയ്യാനുള്ള ആത്മവിശ്വാസം കുറയും. കുട്ടികള്‍ പൊതുവേദികളില്‍ മുന്നോട്ടു വരാന്‍ മടിക്കുകയും ക്രമേണ അന്തര്‍മുഖരായി മാറുകയും ചെയ്യും.
മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പുറമേ നട്ടെല്ലിന്റെ വളവ് കൂടി വരുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ കാരണമാകും. വേഗത്തില്‍ നടക്കുമ്പോഴും പടികള്‍ കയറുമ്പോഴും ശ്വാസതടസ്സം, കിതപ്പ് എന്നിവ ഉണ്ടാകാം. ചിലരില്‍ ഹൃദയത്തെയും ബാധിച്ചേക്കാം. കൂടാതെ കാലുകളിലേക്കു പോകുന്ന നാഡീഞരമ്പുകളെ ബാധിക്കാറുണ്ട്.
കുട്ടികളില്‍ സ്‌കോളിയോസിസിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മാതാപിതാക്കളോ അധ്യാപകരോ എത്രയും വേഗം വിദഗ്‌ധോപദേശം തേടാന്‍ ശ്രമിക്കേണ്ടതുണ്ട്. അശാസ്ത്രീയമായ ചികിത്സാരീതികള്‍ പൂര്‍ണമായും ഒഴിവാക്കുകയും വേണം കാരണം ചികിത്സ വൈകിയാല്‍ ചികിത്സിച്ച് ഭേദമാക്കുന്നത് പ്രയാസകരമാകും
(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ഓര്‍ത്തോപീഡിയാക് സ്‌പൈന്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)
ഇതു കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates