Muscle Pain in legs Meta AI Image
Health

കിടക്കാൻ നേരം കാലിൽ മസിലുകയറ്റം; നിസ്സാരമാക്കരുത്, കാലുകളിലെ ഈ 6 ലക്ഷണങ്ങൾ

രാത്രി കിടക്കുമ്പോൾ കാലിലെ മസിലുകൾക്ക് വേദന അനുഭവപ്പെടാറുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

കാലിനുണ്ടാകുന്ന വേദനയും നീരുമൊന്നും നിസ്സാരമാക്കരുതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. ഇതൊരു പക്ഷെ ഹൃദയാരോ​ഗ്യമോ വൃക്കകളോ തകരാറിലാകുന്നതിന്റെ ആദ്യ സൂചനയാകാം. ഹൃദ്രോ​ഗങ്ങളും കാലിലെ വേദനയും തമ്മിൽ എന്ത് ബന്ധമെന്നാണോ ചിന്തിക്കുന്നത്? ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട പല ആരോ​ഗ്യപ്രശ്നങ്ങൾക്കും ആദ്യകാല സൂചനകൾ നൽകുന്ന ഒരു മേഖലയാണിത്.

ഈ ആറ് ലക്ഷണങ്ങൾ സൂക്ഷിക്കണം

കാലിലെ നീര് അല്ലെങ്കിൽ നീർവീക്കം

കാൽ പാദങ്ങളിലും, കണങ്കാലുകൾക്ക് ചുറ്റുമായി നീർവീക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ജാ​ഗ്രത പാലിക്കേണ്ടതുണ്ട്. ഇത് ഒന്നിലധികം അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശരീരത്തിലെ രക്തയോട്ടം അല്ലെങ്കിൽ ലിംഫ് പ്രവാ​ഹം തടസപ്പെടുമ്പോൾ ശരീരത്തിൽ എഡീമ എന്നൊരു അവസ്ഥയുണ്ടാകുന്നു. ഇത് ശരീരത്തിലെ കോശങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടാനും വീക്കം ഉണ്ടാകാനും കാരണമാകും. ഇത് ഹൃദയാരോ​ഗ്യം താറുമാറാകുന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്നതിൽ സമ്മർദം ഉണ്ടാകാം. ​

ഗുരുത്വാകർഷണം മൂലം കാലുകളിലാണ് ദ്രാവകം പെട്ടെന്ന് അടിഞ്ഞു കൂടുകയെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാലുകളിലെ നീർവീക്കത്തിനൊപ്പം ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്. വേ​ഗം തന്നെ വൈദ്യസഹായം തേടണം.

കാലിന് മരവിപ്പ്

തണുപ്പുകാലത്ത് കാലിൽ മരവിപ്പ് അല്ലെങ്കിൽ തണുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ പല മാർ​ഗങ്ങൾ ഉപയോ​ഗിച്ച് കാലുകൾ ചൂടാക്കിയ ശേഷവും കാലുകളിൽ മരവിപ്പ് അനുഭവപ്പെടുന്നുവെങ്കിൽ സൂക്ഷിക്കണം. ഇത് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്ന ആരോ​ഗ്യപ്രശ്നത്തിന്റെ ലക്ഷണമാകാം. അതായത്, കാലിലെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത്.

ഇത് പാദങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. തണുത്ത കാലാവസ്ഥ ഇത്തരം ആരോ​ഗ്യപ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യാം. ധമനികളിലെ ഈ പ്രശ്നം രക്തയോട്ടം മന്ദ​ഗതിയിലാക്കുകയും മലബന്ധം, മുറിവു ഉണങ്ങാൻ താമസം എന്നിവയ്ക്കും കാരണമാകാം. ഹൈപ്പോതൈറോയിഡിയം, വിളർച്ച പോലുള്ള അവസ്ഥകൾ നേരിടുന്നവരിൽ പിഎഡി ​ഗുരുതരമാകാം.

രാത്രിയിൽ കാലിലെ മസിൽ വേദന

രാത്രി കിടക്കുമ്പോൾ കാലിലെ മസിലുകൾക്ക് വേദന അനുഭവപ്പെടാറുണ്ടോ? സാധാരണ ഇത് പെട്ടെന്ന് മാറുകയാണ് പതിവ്, എന്നാൽ ഇടയ്ക്കിടെ ഇത്തരത്തിൽ മസിൽ വേദന ഉണ്ടായാൽ സൂക്ഷിക്കണം. നിർജ്ജലീകരണം അല്ലെങ്കിൽ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാകുമ്പോൾ അവസ്ഥ കൂടുതൽ ​ഗുരുതരമാകാം. കൂടാതെ രക്തയോട്ടം മോശമാകുന്നതും വൃക്ക സംബന്ധമായ പ്രശ്നങ്ങളും കാരണം ഇത് സംഭവിക്കാമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കാലിന്റെ ചർമത്തിന് നിറം വ്യത്യാസപ്പെടുക

കാൽ പാദത്തിലെ ചർമത്തിന് ഒരു ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ പർപ്പിൾ പോലുള്ള ഇരുണ്ട നിറം അനുഭവപ്പെടാറുണ്ടോ? വെനസ് സ്റ്റാസിസ് ഡെർമറ്റൈറ്റിസ് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ക്രോണിക് വെനസ് ഇൻസഫിഷൻസി (സിവിഐ) രോ​ഗികളിലാണ് കാണപ്പെടാറുള്ളത്. സിരകളിൽ രക്തം അടിഞ്ഞുകൂടുകയും ഇത് ചർമകലകളിലേക്ക് വ്യാപിക്കുകയും നിറം മങ്ങാനും കാരണമാകും. അതുപോലെ കാലുകളിൽ മുറിവുണങ്ങൻ വളരെയധികം സമയമെടുക്കുന്നുവെങ്കിൽ അത് പ്രമേഹ സൂചനയാകാം. ഏഴ് ദിവസം വരെ ഉണങ്ങാത്ത മുറിവുകൾ ഡോക്ടറെ കാണിച്ചു പരിശോധിക്കണം.

കാലിൽ ഇക്കിളി

ദീർഘനേരം കാലുകൾ അനക്കാതെ വയ്ക്കുമ്പോൾ കാലിൽ മരവിപ്പും ഇക്കളിയും താൽക്കാലികമായി ഉണ്ടാകാം. എന്നാൽ ഇത് സ്ഥിരമായാൽ പ്രമേഹ സൂചനയായി കാണാം. കാലുകളിൽ സൂചി കുത്തുന്ന പോലെയുള്ള സംവേദനങ്ങളുടെ സാന്നിധ്യം പ്രമേഹ ന്യൂറോപ്പതിയെ സൂചിപ്പിക്കുന്നു. ദീർഘകാലമായി ഉയർന്ന രക്തത്തിലെ പഞ്ചസാര ഞരമ്പുകൾക്ക് കേടുപാടുകൾ വരുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

പെട്ടെന്ന് ചുവപ്പ് നിറം

കാലിൽ അസാധാരണമായി ചുവപ്പ് നിറം ശ്രദ്ധയിൽ പെട്ടാൽ, അത് അവഗണിക്കരുത്. ഇത് ഡീപ് വെയ്ൻ ത്രോംബോസിസിന്റെ (DVT) സാധ്യതയുള്ള ലക്ഷണമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡിവിടി രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഉടനടി ചികിത്സ ആവശ്യമാണ്. ചികിത്സിക്കാതെ വിട്ടാൽ, കട്ടപിടിച്ച രക്തം ശ്വാസകോശത്തിലേക്ക് സഞ്ചരിച്ച് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

Six ways your legs warn about serious health issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ മോള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദുരൂഹമായി എന്തോ നടന്നിട്ടുണ്ട്, കാരണം അറിയണം'; സായ് ഹോസ്റ്റിലെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

കലോത്സവം നാലാം ദിനത്തിലേയ്ക്ക്; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂര്‍ ജില്ല ഒന്നാമത്

'ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ആത്മീയ തീര്‍ഥാടനം'; അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ, വിവാദം

പടയപ്പ മദപ്പാടില്‍, അക്രമാസക്തനാകാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

കേരള സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT