മധ്യവയസ്സിലുള്ള സ്ത്രീകളെ ദീർഘകാലം നീണ്ടു നിൽക്കുന്ന കോവിഡ് ലക്ഷണങ്ങൾ തീവ്രമായി ബാധിക്കാറുണ്ടെന്ന് പഠനം. ശ്വാസംമുട്ടൽ, ക്ഷീണം, പേശീവേദന, ബ്രെയിൻ ഫോഗ് തുടങ്ങിയ ലക്ഷണങ്ങളാണ് പലർക്കും അനുഭവപ്പെടുന്നത്. ദീർഘകാല കോവിഡ് ലക്ഷണങ്ങൾ 18 ശതമാനം പേരെ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞെന്നും 19 ശതമാനം പേർക്ക് ജോലി നഷ്ടപ്പെടാൻ ഇടയാക്കിയെന്നും പഠനറിപ്പോർട്ട് പറയുന്നു.
യുകെയിലെ ലെയ്‌കെസ്റ്റർ, ഗ്ലാസ്‌ഗോ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് യുകെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 1000 രോഗികളുടെ ആരോഗ്യനിലയാണ് ലെയ്‌കെസ്റ്റർ സർവകലാശാല നിരീക്ഷിച്ചത്. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഇവരിൽ 70 ശതമാനം പേരും ലക്ഷണങ്ങളിൽ നിന്ന് പൂർണ മുക്തി നേടിയില്ലെന്ന് നിരീക്ഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ലക്ഷണങ്ങൾ മാറാതിരുന്നവരിൽ ഏറെയും സ്ത്രീകളാണെന്നു പഠനത്തിൽ ചൂണ്ടിക്കാട്ടി.
50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ദീർഘകാല കോവിഡിന്റെ ഭാഗമായി ശ്വാസംമുട്ടൽ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് ഏഴ് മടങ്ങ് അധികമാണെന്ന് ഗ്ലാസ്‌ഗോ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇവർക്ക് ക്ഷീണമുണ്ടാകാനുള്ള സാധ്യത പുരുഷന്മാരുടെ ഇരട്ടിയാണെന്നും ഗവേഷകർ പറയുന്നു. വെളുത്തവർഗക്കാരായ, 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കോവിഡ് മാറി സാധാരണ ജീവിതത്തിലേക്ക് മാറാൻ കഴിയാത്തവരിൽ കൂടുതലുമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates