വിശപ്പിന്റെ വിളി വന്നാൽ പലരുടെയും ഭാവം മാറും! അത് പലപ്പോഴും ദേഷ്യത്തിന്റെ രൂപത്തിലാകും പ്രതിഫലിക്കുക. വിശന്നാൽ മനുഷ്യർ ഇങ്ങനെയൊക്കെ പെരുമാറുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. ഭൂമിയിൽ മനുഷ്യരുണ്ടായ കാലം മുതൽ വിശപ്പ് മനുഷ്യനെ അസ്വസ്ഥമാക്കാറുണ്ട്. എന്നാൽ അതിനെ ചുറ്റിപ്പറ്റി അധികം പഠനങ്ങൾ ഉണ്ടായിരുന്നില്ല. മനഃശാസ്ത്രജ്ഞർ പോലും വിശപ്പിനെ ഒരു അടിസ്ഥാന ശാരീരിക പ്രക്രിയയായി മാത്രമാണ് മനസിലാക്കിയിരുന്നത്.
2018-ലാണ് ഓക്‌സ്‌ഫോഡ് നിഘണ്ടുവിൽ വിശന്നിരിക്കുമ്പോൾ ഉണ്ടാവുന്ന മനാസികാവസ്ഥ മാറ്റത്തെ വിശേഷിപ്പിക്കുന്നതിന് ‘ഹാങ്ക്രി’ എന്ന വാക്ക് ഉൾപ്പെടുത്തുന്നത്. മൃഗങ്ങൾ വിശന്നാൽ അവ കൂടുതൽ ദൂരം ചുറ്റിനടക്കുകയും, ഊർജ്ജമില്ലായ്മയെ മറികടക്കാൻ കൂടുതൽ അസ്വസ്ഥരാകുന്നതും കാണാം. മനുഷ്യരും അതുപോലെ തന്നെ, വിശന്നാൽ മാനസികാവസ്ഥയിൽ പലവിധ മാറ്റങ്ങളും ഉണ്ടാവാം.
മനുഷ്യരിൽ ഊർജ്ജനില, വിശപ്പ്, മാനസികാവസ്ഥ എന്നിവ തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിന് ആരോഗ്യമുള്ള 90 ആളുകളിൽ ഒരു മാസത്തേക്ക് തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്റർ സജ്ജീകരിച്ചു കൊണ്ട് യുകെയിലെ സർവകലാശാല ഗവേഷകർ ഒരു പഠനം നടത്തി. നമ്മുടെ ശരീരത്തിനും തലച്ചോറിനും ആവശ്യമായ ഊർജ്ജത്തിന്റെ പ്രാഥമിക ഉറവിടം ഗ്ലൂക്കോസ് ആണ്. സെൻസർ ആപ്പ് ഉപയോഗിച്ച് അവരുടെ ഗ്ലൂക്കോസ് അളവ് സജീവമായി പരിശോധിക്കാൻ കഴിയും.
എപ്പോഴൊക്കെയാണ് അവർ ആ ആപ്പ് ആക്സസ് ചെയ്യുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. കൂടാതെ ദിവസത്തിൽ രണ്ട് തവണ തങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് മാനസികാവസ്ഥ പരിശോധിക്കാനും നിർദ്ദേശിച്ചിരുന്നു. 0 മുതൽ 100 വരെയുള്ള സ്കെയിലിൽ അവർക്ക് എത്രത്തോളം വിശക്കുന്നു അല്ലെങ്കിൽ തൃപ്തരായി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും അവരുടെ നിലവിലെ മാനസികാവസ്ഥയുടെ റേറ്റിംഗും ഇതിൽ ഉൾപ്പെടുത്തി.
ഒരു വിഭാഗത്തിന്, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞപ്പോൾ മാത്രമല്ല, വിശപ്പ് അനുഭവപ്പെട്ടപ്പോഴും മാനസികാവസ്ഥ മാറുന്നതായി രേഖപ്പെടുത്തി. എന്നാൽ ഊർജ്ജനില കൂടുതൽ കൃത്യമായി കണ്ടെത്തിയ മറ്റൊരു വിഭാഗത്തിന് നെഗറ്റീവ് മാനസികാവസ്ഥയിലെ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.
അതായത്, ഒരു വ്യക്തിയുടെ ഊർജ്ജനിലയ്ക്കും മാനസികാവസ്ഥക്കുമിടയിൽ ഒരു ഘട്ടമുണ്ട്, അതിനെ ഇന്ററോസെപ്ഷൻ എന്ന് വിശേഷിപ്പിക്കുന്നു. ഉയർന്ന ഇന്ററോസെപ്റ്റീവ് കൃത്യതയുള്ള ആളുകൾക്ക് മാനസികാവസ്ഥയിലെ മാറ്റങ്ങൾ കുറവായിരുന്നു. ഇതിനർത്ഥം അവർക്ക് വിശപ്പ് തോന്നിയിട്ടില്ല എന്നല്ല. അവരുടെ മാനസികാവസ്ഥ സ്ഥിരമായി നിലനിർത്തുന്നതിൽ അവർ മികച്ചവരായതു കൊണ്ടാണ്.
തലച്ചോറിലെ ഹൈപ്പോതലാമസിലെ ന്യൂറോണുകളാണ് വിശപ്പിന്റെ സൂചന നൽകുന്നത്. വിശപ്പിന്റെ ബോധപൂർവമായ വികാരങ്ങൾ തലച്ചോറിനുള്ളിലെ സെറിബ്രൽ കോർട്ടെക്സിന്റെ ഒരു ഭാഗമായ ഇൻസുലയെ ബാധിക്കുന്നു, ഈ ഭാഗമാണ് ഭക്ഷണത്തിന്റെ രുചി പ്രോസസ്സ് ചെയ്യുന്നത്. വിശപ്പു മൂലമുണ്ടാകുന്ന വികാരങ്ങൾ അനുഭവപ്പെടുന്നതിലും ഒരു പങ്ക് വഹിക്കുന്നു. വിശപ്പിനെ തുടർന്നുള്ള മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും. ഇത് തെറ്റായ തീരുമാനങ്ങളിലേക്കും കൂടുതൽ ആവേശകരമായ പെരുമാറ്റത്തിലേക്കും നയിച്ചേക്കാം.
എന്നാൽ പെട്ടെന്ന് വികസിക്കുന്ന ശരീരത്തിലെ സിഗ്നലുകൾ വ്യാഖ്യാനിക്കാൻ കൊച്ചുകുട്ടികൾക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് വിശപ്പോ ദാഹമോ ഉണ്ടെങ്കിൽ പോലും ചുറ്റുമുള്ള കാര്യങ്ങളാൽ അവരുടെ ശ്രദ്ധ പെട്ടെന്ന് തിരിയാനും, തളർച്ച ഉണ്ടാവുകയും ചെയ്യുന്നത്. പതിവ് ഭക്ഷണക്രമം പാലിക്കുക എന്നതാണ്. കാരണം ഭക്ഷണം ഒഴിവാക്കുമ്പോഴാണ് വിശപ്പ് അനുഭവപ്പെടുന്നത്. നിങ്ങളുടെ ഊർജ്ജ നിലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അനുവദിക്കുന്നതിലൂടെ നിങ്ങളുടെ ഇന്റർസെപ്റ്റീവ് കൃത്യത മെച്ചപ്പെടുത്താൻ കഴിയും. കൂടാതെ, വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും നിങ്ങളുടെ വിശപ്പ് മനസ്സിലാക്കാൻ സാധിപ്പിക്കുകയും ഊർജ്ജ ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates